തമിഴ്‌നാട് സത്യമംഗലം റിസർവിൽ നാടൻ ബോംബ് വിഴുങ്ങിയ ആനക്കുട്ടിക്ക് ദാരുണാന്ത്യം; കർഷകൻ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലം ടൈഗർ റിസർവിൽ നാടൻ ബോംബ് വിഴുങ്ങിയ രണ്ട് വയസ്സുള്ള പെൺ ആനക്കുട്ടി ചത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കർഷകനെ അറസ്റ്റ് ചെയ്തതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുത്തിയലത്തൂർ റിസർവ് വനത്തിൽ പട്രോളിങ് നടത്തുകയായിരുന്ന വനപാലകരാണ് ഏതാനും ദിവസം മുമ്പ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടർന്ന് വനം മൃഗഡോക്ടറെ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ആനയുടെ തുമ്പിക്കൈയിലും വായിലും രക്തസ്രാവമുള്ള മുറിവുകൾ കണ്ടെത്തി. നാടൻ ബോംബ് കഴിച്ചാണ് ആനക്കുട്ടി ചത്തതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃഗഡോക്ടർ സ്ഥിരീകരിച്ചു.
ആനകൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ച കർഷകനോ വേട്ടക്കാരനോ ആയിരിക്കാം സ്ഫോടകവസ്തു സ്ഥാപിച്ചതെന്ന നിഗമനത്തിൽ അന്വേഷണം നടത്തിയ ശേഷം പ്രദേശത്തെ കർഷകനായ കാളിമുത്തുവിനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആനക്കുട്ടിയുടെ ജഡം അതേ സ്ഥലത്ത് തന്നെ കുഴിച്ചിട്ടു.


