ഇരവികുളം ദേശീയോദ്യാനം നമ്പർ വൺ
text_fieldsഅടിമാലി: ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വന്യജീവി ഡിവിഷനു കീഴിലെ ഇരവികുളത്തെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ പരിസ്ഥിതി വനം മന്ത്രാലയം നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്കോർ നേടി ഇരവികുളം, ജമ്മു കശ്മീരിലെ ദച്ചിംഗം ദേശിയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
2020 മുതൽ 2025 വരെ കാലയളവിലാണ് വിലയിരുത്തൽ നടന്നത്. ചിന്നാർ വന്യജീവി സങ്കേതമാണ് തൊട്ടുപിന്നിൽ. പശ്ചിമ ഘട്ടത്തിലെ തെക്കു ഭാഗത്ത് ഉയർന്ന മലനിരകളിൽ വരുന്ന 97 ചതുരശ്ര കീലോമീറ്ററാണ് ഇരവികുളം ദേശിയോദ്യാനത്തിന്റെ വിസ്തീർണം. ലോകത്ത് ഏറ്റവും അധികം വരയാടുകൾ കാണപ്പെടുന്ന പ്രദേശമാണിത്. കൂടാതെ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്.