കൊണാർക്കിലെ സൂര്യക്ഷേത്രം തകരുമോ എന്ന ഭയം; മണൽ നീക്കം ചെയ്യാനുള്ള പദ്ധതി നിർത്തിവെച്ച് എ.എസ്.ഐ
text_fieldsഭുവനേശ്വർ: 13-ാം നൂറ്റാണ്ടിൽ നിർമിച്ച കൊണാർക്കിലെ സൂര്യക്ഷേത്രം തകരുമോ എന്ന ഭയം ക്ഷേത്രത്തിന്റെ ഹാളിൽനിന്ന് മണൽ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (എ.എസ്.ഐ) നിർബന്ധിതരാക്കിയതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിനടുത്തുള്ള ‘ബ്ലാക്ക് പഗോഡ’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിൽനിന്ന് മണൽ നീക്കം ചെയ്യാൻ മൂന്ന് വർഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അതിനായി ഒരു പ്രവർത്തനവും നടത്തിയിട്ടില്ല.
ഈ കലിംഗ വാസ്തുവിദ്യയിൽ ക്ഷേത്രം രണ്ട് ഭാഗങ്ങളായാണ് നിർമിച്ചിരിക്കുന്നത്. ഒരു ഗോപുരം, ഒരു ഹാൾ. ഗോപുരത്തെ ഡ്യൂല എന്നും ഹാളിനെ ‘ജഗ്‌മോഹൻ’ എന്നും വിളിക്കുന്നു. 1900നും 1903നും ഇടയിൽ ബ്രിട്ടീഷുകാർ സൂര്യക്ഷേത്രം തകരുന്നത് തടയാൻ ജഗ്മോഹനെ മണൽ കൊണ്ട് നിറക്കുകയും എല്ലാ വാതിലുകളും മണൽ കൊണ്ട് അടക്കുകയും ചെയ്തു.
ജഗ്മോഹനിൽ നിന്നും മണൽ നീക്കം ചെയ്യുന്നതിലെ കാലതാമസം ഇതിനകം തന്നെ അതിനുള്ളിലെ അടച്ചിട്ട ഘടനകൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഇതെ തുടർന്ന് ഒഡീഷ ചാപ്റ്ററിലെ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് (ഇൻടാക്) ഒഡിഷ സർക്കാറിനോട് എ.എസ്.ഐയുമായി ഒരു ചർച്ച ആരംഭിക്കാനും ജഗ്മോഹനിൽനിന്ന് മണൽ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
‘ശ്രീകോവിലിനുള്ളിൽ ഒരു കാമറ സ്ഥാപിച്ച് മുകളിൽ നിന്ന് ഗ്രില്ലിംഗ് വഴി ക്ഷേത്രത്തിന്റെ എൻഡോസ്കോപ്പി നടത്തി. 100 വർഷം പഴക്കമുള്ള മണൽ നീക്കം ചെയ്ത് പുതിയ മണൽ ഉപയോഗിച്ച് മുകളിൽ നിറക്കേണ്ടതുണ്ട്. എന്നാൽ പൂച്ചക്ക് ആരാണ് മണി കെട്ടുക? കോടിക്കണക്കിന് ആളുകളുടെ വികാരങ്ങളുമായി ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒഡിയയുടെ അഭിമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മണൽ നീക്കം ചെയ്യുമ്പോൾ ഘടന തകർന്നാൽ വിമർശകൻ നിങ്ങളെ ‘കാലാപഹാഡ’ എന്ന് വിളിക്കും. അല്ലെങ്കിൽ അത് വിജയകരമായി മാറിയാൽ ആളുകൾ നിങ്ങളെ ‘ധർമ്മപാദ’ എന്ന് അതുല്യമാക്കും’ എ.എസ്.ഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒഡിഷയിലെ ക്ഷേത്രം ആക്രമിച്ച ഒരു ചരിത്ര കഥാപാത്രമാണ് കാലാപഹാഡ. 1568ൽ പുരി ജഗന്നാഥ ക്ഷേത്രത്തെ പോലും കാലാപഹാഡ വെറുതെ വിട്ടില്ല. കൊണാർക്ക് ക്ഷേത്രത്തിൽ കിരീടം വെച്ചതും പിന്നീട് കടലിലേക്ക് ചാടിയതും ധർമ്മപാദ എന്ന 12 വയസ്സുള്ള ബാലനായിരുന്നു. അന്നത്തെ രാജാവിന്റെ കോപത്തിൽ നിന്ന് ശിൽപികളെ രക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. ശിൽപികൾ പരാജയപ്പെട്ടപ്പോൾ ഒരു കൊച്ചുകുട്ടിക്ക് കിരീടം സ്ഥാപിക്കാൻ കഴിഞ്ഞത് രാജാവിന് അറിയില്ലായിരുന്നു
‘സൂര്യക്ഷേത്രത്തിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി സാംസ്കാരിക മന്ത്രിയുമായി ഒരു കൂടിക്കാഴ്ച ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. 2010ൽ ഒരു അന്താരാഷ്ട്ര സമ്മേളനത്തിനിടെ ഘടനാപരമായ സ്ഥിരതയെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ നടത്തുന്നതിനിടെയാണ് മണൽ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്. പിന്നീട് 2020ൽ അന്നത്തെ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ എത്തി മണൽ നീക്കം ചെയ്യുമെന്ന് വ്യക്തമായി പ്രഖ്യാപിച്ചു -സംസ്ഥാന കൺവീനറും മുൻ പൊലീസ് ഡയറക്ടർ ജനറലുമായ എ.ബി ത്രിപാഠി പറഞ്ഞു.
എന്നാൽ, വിചിത്രമായ കാരണങ്ങളാൽ ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ജഗ്മോഹനുള്ളിലെ മണൽ ഇതിനകം കുറഞ്ഞു കഴിഞ്ഞു. എന്നാൽ, ഭിത്തികളിലെ ലാറ്ററൽ സാന്നിധ്യം ആശങ്കാജനകമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.