പച്ചപ്പിന്റെ തോഴനില്ലാത്ത പരിസ്ഥിതിദിനം; കല്ലൂർ ബാലന്റെ അഭാവത്തിൽ ആദ്യ പരിസ്ഥിതി ദിനം
text_fieldsകല്ലൂർ ബാലൻ നട്ടുപിടിപ്പിച്ച കരിമ്പനെത്തെകൾ. ചുടിയൻ മലയിലെ കാഴ്ച
പറളി: ‘മരിക്കും മുമ്പെ ഒരു കോടി മരം നടണം’ എന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന പരിസ്ഥിതിയുടെ സംരക്ഷകനായ പച്ചപ്പിന്റെ തോഴനില്ലാത്ത ആദ്യ പരിസ്ഥിതിദിനം ഫലവൃക്ഷങ്ങൾക്കും വന്യജീവികൾക്കും ഭൂമിക്കാകെ തന്നെയും തീരാനഷ്ടമാണ്. 2025 ഫെബ്രുവരി 10ന് മരിക്കുന്നതിന്റെ തൊട്ട് മുമ്പത്തെ ദിവസം വരെ പരിസ്ഥിതിയുടെ കാവലാളായി കർമനിരതനായിരുന്നു വനമിത്ര അവാർഡ് ജേതാവായ കല്ലൂർ ബാലൻ എന്ന പച്ച മനുഷ്യൻ.
കരിമ്പനയുടെ നാടായ പാലക്കാടിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ പുറമ്പോക്ക് സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും പുഴയോരങ്ങളിലും തോട്ടിൻ കരകളിലുമായി ഒരു കോടി കരിമ്പന തൈകൾ നട്ടുപിടിപ്പിക്കാനുള്ള യത്നത്തിലായിരുന്നു ബാലൻ. തേനൂർ അയ്യർ മലയിലും ചുടിയൻ മലയിലും നിരനിരയായി വളരുന്ന കരിമ്പന തൈകൾ കാണുന്നവർക്ക് കല്ലൂർ ബാലനെ ഓർക്കാതെ അതുവഴി കടന്നുപോകാനാകില്ല.
കല്ലൂർ ബാലന്റെ അഭാവം ഏറ്റവും കൂടുതൽ ബാധിച്ചത് വനമേഖലയിലെ വന്യജീവികൾക്കും പക്ഷിക്കൂട്ടങ്ങൾക്കുമാണ്. എന്നും രാവിലെയോ വൈകുന്നേരമോ മുറതെറ്റാതെ സ്വന്തം വാഹനത്തിൽ പഴക്കടകളിൽ നിന്നും ശേഖരിച്ച പഴങ്ങൾ വനമേഖലയിൽ എത്തിച്ച് വനജീവികൾക്ക് നൽകുന്നതിനാൽ അവയുടെ ജീവിതം സുഭിക്ഷമായിരുന്നു.
ബാലന്റെ മരണത്തോടെ അവ പട്ടിണിയറിഞ്ഞു. കുറച്ചു ദിവസമൊക്കെ ബാലന്റെ പതിവുപഴവും കാത്ത് ഇരിപ്പായിരുന്നു. ദിവസങ്ങൾ നീണ്ടപ്പോൾ അവ തീറ്റ തേടി മലകയറി. അയ്യർമല-കോങ്ങാട് റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ബാലന്റെ അന്തേവാസികളായ വാനരപ്പടയെ കൺകുളിർക്കെയുള്ള കാഴ്ചയായിരുന്നു. ബാലൻ പോയതോടെ എല്ലാം കാലയവനികക്കുള്ളിലായി.