ജൈവവൈവിധ്യ ലോകത്തേക്ക് കേരളത്തിൽനിന്ന് അഞ്ച് പുതിയ ജീവികൾ കൂടി
text_fieldsഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ശിരുവാണി കാടുകളിൽ നടത്തിയ പഠനത്തിൽ അഞ്ച് പുതിയ ജീവികളെ കൂടി കണ്ടെത്തി. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട അഗളി ഫോറസ്റ്റ് റേഞ്ച് ഏരിയയുടെ കീഴിൽ വരുന്ന ശിരുവാണി ഡാമിനോട് ചേർന്നുള്ള കാടുകളിലാണ് പഠനം നടത്തിയത്. ചിലന്തി, തേരട്ട, മണ്ണിര, ഉറുമ്പ്, ചിതൽ എന്നീ വിഭാഗങ്ങളിൽ പെട്ട അഞ്ച് ജീവികളെയാണ് ഗവേഷണ സംഘം പുതുതായി കണ്ടെത്തിയത്.
നീണ്ട നേർത്ത കാലുകളുള്ള ചിലന്തികൾ ഉൾപ്പെടുന്ന ഫോൾസിഡേ കുടുംബത്തിൽപ്പെട്ട ലെപ്റ്റോ ഫോൾക്കസ് ശിരുവാണിയൻസിസ് എന്ന പുതിയ ഇനം ചിലന്തിയെയാണ് ശിരുവാണി കാടുകളിൽനിന്ന് കണ്ടെത്തിയത്. ഇതോടൊപ്പം നീണ്ട താടിക്കാരൻ ചിലന്തി വിഭാഗത്തിൽ വരുന്ന ലൂകാജ് റുബറോമകുലേറ്റ എന്ന ഇനം ചിലന്തിയെ ഇന്ത്യയിൽ ഇതാദ്യമായി ഈ ഗവേഷണസംഘം ഇവിടെ നിന്ന് കണ്ടെത്തി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പോളിഡസ്മിഡ എന്ന വിഭാഗത്തിലെ പാരഡോക്സോസൊമാറ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന പോളിഡ്രിപ്പാനും എന്ന ജനുസ്സിൽ പെടുന്ന തേരട്ടയെയും ടെർമിറ്റിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന അപ്പിക്കോടെർമിറ്റിനേ ഉപകുടുംബത്തിലെ സ്പെക്കുലിടെർമസ് ജനുസിൽ ഉൾപ്പെടുന്ന പുതിയ ഇനം ചിതലിനെയും കണ്ടെത്തി.
ഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗവേഷണവിദ്യാർഥികളായ അഞ്ചു കെ. ബേബി, കെ.കെ. സിബി, ഒ.എം. മുഹ്സിന, യു.എം. ജ്യോതി, ആർ. രേഷ്മ, ഐശ്വര്യ മുരളീധരൻ, ആർദ്ര മേനോൻ എന്നിവർ പങ്കാളികളായി. ദേശീയ ശാസ്‌ത്ര-വ്യവസായ ഗവേഷണ കൗൺസിലിന്റെയും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെയും സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനങ്ങൾ അന്താരാഷട്ര ശാസ്ത്രമാസികകളായ സൂടാക്സ, നാഷണൽ അക്കാദമി സയൻസ് ലെറ്റേഴ്സ്, അരക്നോളജി, ടാപ്രോബനിക്ക എന്നിവയുടെ അവസാനലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


