160കോടി മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തി ഫോസിൽ ഇന്ധനങ്ങളുടെ കത്തിക്കൽ
text_fieldsഫോസിൽ ഇന്ധനങ്ങൾ ലോകത്തിന്റെ കാലാവസ്ഥയെ മാത്രമല്ല, അത് വായുവിലേക്കു വിടുന്ന വിഷത്തിലൂടെ 160 കോടിയോളം ആളുകളുടെ ആരോഗ്യത്തെയും അപകടത്തിലാഴ്ത്തുന്നുവെന്ന് പുതിയ പഠനം.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോഴുണ്ടാവുന്ന പ്രധാന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡ് ആരോഗ്യത്തിന് നേരിട്ട് ദോഷം വരുത്തുന്നില്ല. മറിച്ച് ആഗോളതാപനത്തിലേക്ക് നയിക്കുന്നു. എന്നാൽ, വൈദ്യുതി ഉൽപാദനത്തിനായി കൽക്കരിയും വ്യാവസായിക സൗകര്യങ്ങൾക്കായി ഫോസിൽ ഇന്ധനങ്ങളും എണ്ണയും കത്തിക്കുന്നത് പി.എം2.5 എന്നറിയപ്പെടുന്ന കണികാ പദാർത്ഥങ്ങളാൽ വായുവിനെ മലിനമാക്കും. ഇത് ശ്വസിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകും.
മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും ട്രാക്ക് ചെയ്യുന്ന അക്കാദമിക് വിദഗ്ധരുടെയും വിശകലന വിദഗ്ധരുടെയും കൂട്ടായ്മയായ ‘ക്ലൈമറ്റ് ട്രേസി’ൽ നിന്നുള്ള പുതിയ പഠനത്തിൽ ഏകദേശം 1.6 ബില്യൺ ആളുകളുടെ താമസ സൗകര്യങ്ങൾക്ക് സമീപം പി.എം2.5 ഉം മറ്റ് വിഷവസ്തുക്കളും വായുവിലേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തി. ഇതിൽ പവർ പ്ലാന്റുകൾ, റിഫൈനറികൾ, തുറമുഖങ്ങൾ, ഖനികൾ എന്നിവ അമിതമായ അളവിൽ വിഷവായുവിനെ വിതരണം ചെയ്യുന്നു.
‘സൂപ്പർ എമിറ്ററുകൾ’ എന്നറിയപ്പെടുന്ന ഇവ പ്രത്യേകമായി ബാധിച്ച 10 നഗരപ്രദേശങ്ങളെ പഠനം എടുത്തു കാണിച്ചു. പാകിസ്താനിലെ കറാച്ചി, ചൈനയിലെ ഗ്വാങ്‌ഷോ, ദക്ഷിണ കൊറിയയിലെ സിയോൾ, യു.എസിലെ ന്യൂയോർക്ക് തുടങ്ങിയവയാണവ.