ഉത്തരേന്ത്യയിൽ അഞ്ച് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഉഷ്ണതരംഗങ്ങൾ ഉത്തരേന്ത്യയിലേക്ക് നീങ്ങിയ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് ചുവപ്പ്, ഓറഞ്ച് മുന്നറിയിപ്പുകൾ നൽകി. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യ, മഹാരാഷ്ട്ര, ദക്ഷിണ ഉപദ്വീപ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പരമാവധി താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിമാചൽ പ്രദേശിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏപ്രിൽ 6, 7 തിയതികളിലും, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഏപ്രിൽ 6 മുതൽ 10 വരെയും, പഞ്ചാബിൽ ഏപ്രിൽ 7 മുതൽ 10 വരെയും, ഡൽഹിയിൽ ഏപ്രിൽ 7 മുതൽ 8 വരെയും, ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഏപ്രിൽ 7 മുതൽ 9 വരെയും, മധ്യപ്രദേശിൽ ഏപ്രിൽ 8 മുതൽ 10 വരെയും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഈ മാസം ഈ മേഖലയിൽ കൂടുതൽ ഉഷ്ണതരംഗ ദിനങ്ങൾ അനുഭവപ്പെടുമെന്ന് വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു.
ഉത്തരേന്ത്യയിൽ മിക്കയിടങ്ങളിലും ഏപ്രില്‍ ആദ്യ ആഴ്ചയിലെ താപനില വർധനവ് മൂന്ന് ഡിഗ്രിയില്‍ നിന്ന് 6.9 ഡിഗ്രി വരെയായി. രാജസ്ഥാനിലെ ബാര്‍മറില്‍ ചൂട് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഞായറാഴ്ചത്തെ പരമാവധി താപനില 45.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു.