വംശനാശം സംഭവിച്ചെന്നു വിധിയെഴുതിയ ഹിമാലയൻ കസ്തൂരിമാനെ 55 വർഷങ്ങൾക്ക് ശേഷം ബംഗാളിൽ കണ്ടെത്തി
text_fieldsഹിമാലൻ കസ്തൂരിമാൻ
പശ്ചിമ ബംഗാൾ: 1955 ന് ശേഷം ആദ്യമായി ബംഗാളിൽ ഹിമാലയൻ കസ്തൂരിമാനിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. 2024 ഡിസംബർ 17ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) സ്ഥാപിച്ച ഒരു കാമറ ട്രാപ്പിൽ കസ്തൂരി മാനിന്റെ ചിത്രം പതിയുകയായിരുന്നു.1950-കൾക്ക് ശേഷം ആദ്യമായാണ് പൂർണമായും വംശനാശം സംഭവിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷമാണ് പശ്ചിമ ബംഗാളിലെ നിയോറവാലി നാഷനൽ പാർക്കിൽ കസ്തൂരി മാനിനെ കണ്ടത്. 50 വർഷത്തിനുശേഷവും ഇൗ ജീവിവർഗം നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവായിമാറുകയാണിത്.
ബംഗാളിൽ ഹിമാലയൻ കസ്തൂരി മാനുകളുടെ അവസാനത്തെ സ്ഥിരീകരിച്ച രേഖ ഏകദേശം ഏഴ് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. കാമറ ട്രാപ്പിൽ പതിഞ്ഞ പുതിയ ചിത്രങ്ങൾ ഇരുപതാം നൂറ്റാണ്ടിന് ശേഷമുള്ള ആദ്യത്തെ ജീവിയെ കൃത്യമായി തിരിച്ചറിയാനുള്ള എല്ലാ ശരീരഭാഗങ്ങളും പതിഞ്ഞിട്ടുള്ള ചിത്രമാണ് ലഭിച്ചിട്ടുള്ളത്. വന്യജീവി ഗവേഷകർക്കിടയിൽ ഒരു സുപ്രധാന നിമിഷമായി മാറിയിരിക്കുകയാണ്. കലിംപോങ് ജില്ലയിലാണ് നിയോറവാലി നാഷനൽ പാർക്ക് സ്ഥിതിചെയ്യുന്നത്.. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട ഈ ഉയർന്ന ഹിമാലയൻ വനപ്രദേശം, അപൂർവ ജീവിവർഗങ്ങൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയൊരുക്കുന്നു. ഇൗ മേഖലയിൽ റെഡ് പാൻഡയുമായി ബന്ധപ്പെട്ട സർവേക്കിടയിലാണ് കസ്തൂരിമാനെ അപ്രതീക്ഷിതമായി ലഭിച്ചത്.
മാനുകളുടെ നീണ്ട ചെവികൾ, കൊമ്പുകളില്ലാത്ത തല, വായയുടെ മുകൾ ഭാഗത്തുനിന്ന് താഴേക്ക് വളർന്നു നിൽക്കുന്ന കോമ്പല്ലുകൾ എന്നിവയെല്ലാം കസ്തൂരിമാൻ വിഭാഗത്തിന്റെ സവിശേഷതകളാണെന്ന് ഗവേഷകർ കണ്ടെത്തി. ലഭിച്ച ഫോട്ടോഗ്രാഫുകളിൽനിന്ന് കസ്തൂരിമാനിനെ തിരിച്ചറിയാൻ വിദഗ്ധരെ സഹായിച്ചു.കസ്തൂരിമാൻ ഒറ്റയാനായാണ് കാണപ്പെടുക, രാത്രിയിലാണ് സഞ്ചാരമെന്നതിനാൽ പകൽവെട്ടത്ത് കാണാൻ കഴിയില്ല. ദുർഘടമായ ഭൂപ്രകൃതിയും അതിനോട് ചേർന്ന നിറവും ചേരുമ്പോൾ ഇതിനെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് ബംഗാളിൽ ഇത്രയും കാലം ഈ ഇനം രേഖപ്പെടുത്തപ്പെടാതെ കിടന്നത്.
ബംഗാളിൽ കസ്തൂരിമാൻ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തൽ ഗവേഷകർക്കും വന്യജീവിവിഭാഗത്തിനും പുതിയ പ്രതീക്ഷകൾ നൽകുന്നു. അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും മേഖലയിലെ തുടർച്ചയായ നിരീക്ഷണവും വേട്ടയാടൽ വിരുദ്ധ നടപടികൾ എന്നിവക്കുള്ള വാദങ്ങളെ ശക്തിപ്പെടുത്തുന്നു.


