വെള്ളമില്ല, ജീവനില്ല; സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ടൈഗ്രീസ് നദി അപ്രത്യക്ഷമാവുന്നു
text_fieldsചരിത്രത്തിന്റെ വഴിത്തിരിവുകൾക്കൊപ്പം സമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്നു ആ നദി. സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന മെസൊപ്പെട്ടേമിയയെ അത് സമ്പന്നവും സമ്പുഷ്ടവുമാക്കി. ഇന്നത്തെ ഇറാഖിലെ പ്രശസ്തമായ ടൈഗ്രീസ് നദിയിപ്പോൾ നന്നേ മെലിഞ്ഞുണങ്ങിയിരിക്കുന്നു. ഏറെ മലിനീകരിക്കപ്പെട്ട നദി അവസാന ശ്വാസം വലിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായേക്കാവുന്ന അവസ്ഥയിലാണിന്ന് ടൈഗ്രീസ്. അടിയന്തര രക്ഷാനടപടികൾ സ്വീകരിച്ചില്ലെങ്കിൽ അതിന്റെ തീരങ്ങളിൽ താമസിക്കുന്ന, പുരാതനമായ വേരുകളുള്ള സമൂഹങ്ങളും നാമാവശേഷമവും.
നദിയിൽ ‘വെള്ളമില്ല, ജീവനില്ല’ എന്ന് തെക്കൻ ഇറാഖി നഗരമായ അമരയിൽ താമസിക്കുന്ന മതനേതാവായ ‘മണ്ടേയ’ വിഭാഗത്തിൽപ്പെട്ട ഷെയ്ഖ് നിധാം പറയുന്നു. പതിവായി വെള്ളം കയറിയിറങ്ങുന്ന നദിയുടെ തീരത്താണ് ഒരു മാസം പ്രായമുള്ളപ്പോൾ മുതൽ അദ്ദേഹത്തിന്റെ ജീവിതം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജ്ഞാനവാദ മതങ്ങളിലൊന്നിലെ അംഗങ്ങളാണ് മണ്ടേയക്കാർ. ജലം അവരുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. ജീവിതത്തിലെ എല്ലാ സുപ്രധാന സന്ദർഭങ്ങളിലും ആചാരപരമായ ശുദ്ധീകരണം അനിവാര്യം. വിവാഹ ചടങ്ങുകൾ വരെ വെള്ളത്തിൽ ആരംഭിക്കുന്നു. അവസാന ശ്വാസം എടുക്കുന്നതിന് മുമ്പ്, മണ്ടേയക്കാരെ അന്തിമ ശുദ്ധീകരണത്തിനായി ഈ നദിയിലേക്കാണ് കൊണ്ടുപോവുക.
‘നമ്മുടെ മതത്തിന്, വെള്ളത്തിന്റെ പ്രാധാന്യം വായു പോലെയാണ്. വെള്ളമില്ലെങ്കിൽ ജീവൻ നിലനിൽക്കില്ല. സൃഷ്ടിയുടെ തുടക്കത്തിൽ ഭൂമിയിലെ ആദ്യത്തെ മനുഷ്യൻ ആദമായിരുന്നു. ആദമിന് മുമ്പേ വെള്ളമുണ്ടായിരുന്നു, ആദമിനെ സൃഷ്ടിച്ച മൂലകങ്ങളിൽ ഒന്നായിരുന്നു വെള്ളം’- ഷെയ്ഖ് നിധാം വിശദീകരിക്കുന്നു.
മെസൊപ്പൊട്ടേമിയയെ ‘സംസ്കാരങ്ങളുടെ തൊട്ടിൽ’ ആയി നിർത്തിയ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലെ രണ്ട് പ്രശസ്ത നദികളിൽ ഒന്നാണ് ടൈഗ്രീസ്. തെക്കുകിഴക്കൻ തുർക്കിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി ഇറാഖിന്റെ നീളത്തിലുടനീളം സഞ്ചരിച്ച് അതിന്റെ രണ്ട് വലിയ നഗരങ്ങളായ മൊസ്യൂൾ, ബാഗ്ദാദ് എന്നിവയിലൂടെ യൂഫ്രട്ടീസിൽ ചേരുന്നു. ഷാത്ത് അൽ അറബ് എന്ന നിലയിൽ അവയൊന്നായി പേർഷ്യൻ ഗൾഫിലേക്കുള്ള തെക്കോട്ടുള്ള യാത്ര തുടരുന്നു.
ഈ നദികളുടെ തീരങ്ങളിൽ ലോകത്തിന്റെ ചരിത്രം മാറ്റിമറിക്കപ്പെട്ടു. വലിയ തോതിലുള്ള കൃഷി ആദ്യം വികസിപ്പിച്ചെടുത്തു, ആദ്യത്തെ വാക്കുകൾ എഴുതി, ചക്രം കണ്ടുപിടിച്ചു. ഇന്ന് ടൈഗ്രീസ് ജലം അതിന്റെ നദീതടത്തിൽ താമസിക്കുന്ന 18 ദശലക്ഷത്തോളം ഇറാഖികൾ ജലസേചനം, ഗതാഗതം, വ്യവസായം, വൈദ്യുതി ഉൽപാദനം, കുടിവെള്ളം എന്നിവക്കായി ഉപയോഗിക്കുന്നു.
‘ഇറാഖികളുടെ മുഴുവൻ ജീവിതവും വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ നാഗരികതയും നിങ്ങൾ കേൾക്കുന്ന എല്ലാ കഥകളും ആ രണ്ട് നദികളെ ആശ്രയിച്ചിരിക്കുന്നു. കുടിക്കാനോ നനക്കാനോ ഉപയോഗിക്കാനോ കഴുകാനോ ഉള്ള വെറും വെള്ളത്തേക്കാൾ കൂടുതലാണതിന്റെ പ്രാധാന്യം’ -നദിയെ സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സർക്കാറിതര സംഘടനയായ ‘ഹുമത് ദിജ്‌ല’യുടെ സ്ഥാപകൻ സൽമാൻ ഖൈറുല്ല പറയുന്നു.
നദിക്ക് എന്താണു സംഭവിച്ചത്?
പതിറ്റാണ്ടുകളായി നദിയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിട്ട്. ‘ഭീകരതാ വിരുദ്ധ യുദ്ധ’മെന്ന പേരിട്ട് 1991ലെ ‘ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൽ’ അമേരിക്ക ലക്ഷ്യമിടുന്നതുവരെ ഇറാഖിൽ അത്യാധുനിക അടിസ്ഥാന ജല സൗകര്യങ്ങൾ ഉണ്ടായിരുന്നു. യുദ്ധത്തിൽ സംസ്കരണ പ്ലാന്റുകൾ ബോംബിട്ട് നശിപ്പിക്കപ്പെട്ടതോടെ മലിനജലം ജലപാതകളിലേക്ക് ഒഴുകി. വർഷങ്ങളായി തുടരുന്ന ഉപരോധങ്ങളും സംഘർഷങ്ങളും മൂലം അടിസ്ഥാന സൗകര്യങ്ങൾ ഒരിക്കലും പൂർണമായി വീണ്ടെടുക്കാനായില്ല. ഇന്ന്, തെക്കൻ-മധ്യ ഇറാഖിലുടനീളം നഗരപ്രദേശങ്ങളിലെ 30ശതമാനം വീടുകൾ മാത്രമാണ് മലിനജല സംസ്കരണ സൗകര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ അത് വെറും 1.7ശതമാനമായിരിക്കുന്നു.
മുനിസിപ്പൽ മാലിന്യങ്ങൾക്ക് പുറമെ കാർഷിക മാലിന്യങ്ങളിലെ രാസവളങ്ങളും കീടനാശിനികളും എണ്ണ മേഖലയിൽ നിന്നുള്ള വ്യാവസായിക മാലിന്യങ്ങളും മെഡിക്കൽ മാലിന്യങ്ങളും എല്ലാം നദിയിലേക്ക് ഒഴുകുന്നു. ബാഗ്ദാദിലെ നിരവധി സ്ഥലങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം ‘മോശം’ അല്ലെങ്കിൽ ‘വളരെ മോശം’ എന്ന് 2022ലെ ഒരു പഠനത്തിൽ കണ്ടെത്തി. 2018ൽ തെക്കൻ നഗരമായ ബസറയിൽ 118,000 പേരെയെങ്കിലും മലിനജലം കുടിച്ചതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
നദിയുടെ വലിപ്പത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ തുർക്കി ടൈഗ്രീസിൽ പ്രധാന അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. ഇതോടെ ബാഗ്ദാദിൽ എത്തുന്ന വെള്ളത്തിന്റെ അളവ് 33 ശതമാനം കുറഞ്ഞു. ഇറാനും അണക്കെട്ടുകൾ നിർമിക്കുകയും ടൈഗ്രീസിനെ പോഷിപ്പിക്കുന്ന നദികളിൽ നിന്നുള്ള വെള്ളം വഴിതിരിച്ചുവിടുകയും ചെയ്തു. ഇറാഖിനുള്ളിൽ വെള്ളം പലപ്പോഴും അമിതമായി ഉപയോഗിക്കപ്പെടുന്നു. പ്രത്യേകിച്ച് രാജ്യത്തിന്റെ ഉപരിതല ജലത്തിന്റെ 85ശതമാനം ഉപയോഗിക്കുന്ന കാർഷിക മേഖലയിൽ.
കാലാവസ്ഥാ പ്രതിസന്ധി വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്നു. ഇതുമൂലം ഇറാഖിലെ മഴയിൽ 30ശതമാനം കുറവ് രേഖപ്പെടുത്തി. നൂറ്റാണ്ടിലെ ഏറ്റവും കടുത്ത വരൾച്ചയുടെ പിടിയിലാണിപ്പോൾ രാജ്യം. 2035 ആകുമ്പോഴേക്കും ശുദ്ധജലത്തിന്റെ ആവശ്യം നിലവിലത്തേതിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വേനൽക്കാലത്ത് ടൈഗ്രീസിലെ ജലനിരപ്പ് വളരെ താഴ്ന്ന് ആളുകൾക്ക് എളുപ്പത്തിൽ കടന്നുപോകാൻ കഴിയുന്ന വിധത്തിൽ നെഞ്ചകം കാണിച്ചു.
ലോക സംസ്കാരങ്ങളുടെ ജീവ നാഡിയായിരുന്ന ഒരു നദി ഇവിടെ ഉണ്ടായിരുന്നു എന്ന് വരണ്ടുണങ്ങിയ മണ്ണിലേക്കു ചൂണ്ടി വരും തലമുറയോട് മുതിർന്നവർ പറയുന്ന ഒരു ഭയാനകമായ കാലത്തിലേക്കുള്ള യാത്രയിൽ അവസാന ശ്വാസം എടുക്കുകയാണിന്ന് ടൈഗ്രീസ്.


