അപൂർവ വന്യജീവികളുടെ സങ്കേതമായി കിങ് സൽമാൻ റോയൽ റിസർവ്
text_fieldsകിങ് അബ്ദുൽ അസീസ് റോയൽ റിസർവ് വനത്തിലെ കാഴ്ചകൾ
യാംബു: സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് വനം അപൂർവ വന്യജീവികളുടെ സുരക്ഷിത താവളമാകുന്നു. കഴിഞ്ഞ ദിവസം 75 വന്യജീവികളെ പുനരധിവസിപ്പിച്ചതോടെ റിസർവിലെ ആകെ വന്യജീവികളുടെ എണ്ണം പതിനായിരം കവിഞ്ഞു. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫും കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിയും സംയുക്തമായാണ് പുതിയ ജീവികളെ റിസർവിലേക്ക്വിട്ടത്. വംശനാശ ഭീഷണി തടയലാണ് റിസർവിെൻറ പ്രധാന ലക്ഷ്യം. വംശനാശത്തിെൻറ വക്കിലുള്ള ജീവികളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ വളർത്തുക, ആവാസ വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കി ജൈവവൈവിധ്യം വർദ്ധിപ്പിക്കുക എന്നീ ദൗത്യങ്ങളാണ് റിസർവ് നിർവഹിക്കുന്നത്.ഇത്തവണ ഇവിടെ തുറന്നുവിട്ടവയിൽ 50 അറേബ്യൻ സാൻഡ് ഗസലുകളും 25 അറേബ്യൻ ഓറിക്സുകളും ഉൾപ്പെടുന്നു.
‘ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വന്യജീവികൾക്കായി ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നത്. സുസ്ഥിരമായ പാരിസ്ഥിതിക വ്യവസ്ഥ ഉറപ്പാക്കുന്നതിലൂടെ വന്യജീവി സംരക്ഷണത്തിൽ ദേശീയ പങ്കാളിത്തം ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’ -നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബൻ പറഞ്ഞു.സൗദി അറേബ്യയുടെ പ്രകൃതി സംരക്ഷണ പദ്ധതികളിൽ സുപ്രധാനമായ സ്ഥാനമാണ് കിങ് സൽമാൻ റോയൽ റിസർവിനുള്ളത്. ഏകീകൃതമായ ശ്രമങ്ങളിലൂടെ മികവാർന്ന ഒരു പരിസ്ഥിതി ഒരുക്കുന്നതിനാണ് അതോറിറ്റി മുൻഗണന നൽകുന്നത്.


