ശതാവരി കുടുംബത്തിൽനിന്ന് പുതിയ വനപുഷ്പം പശ്ചിമഘട്ടത്തിൽ കണ്ടെത്തി
text_fieldsവാഗമണ്ണിൽ കണ്ടെത്തിയ പുതിയ സസ്യം
പയ്യന്നൂർ: ശതാവരിയുടെ സസ്യകുടുംബമായ അസ്പരാഗേസിയിൽ ഉൾപ്പെടുന്ന പുതിയ ഇനം സസ്യത്തെ വാഗമൺ കുന്നുകളിൽനിന്ന് ഗവേഷകർ കണ്ടെത്തി. ക്ലോറോംഫൈറ്റം ജീനിയസിൽപെടുന്നതാണ് ഈ പുതിയ അതിഥി. വാഗമണ്ണിലെ പാറക്കെട്ടുകൾ നിറഞ്ഞ പുൽമേട്ടിലാണ് വലിയ കിഴങ്ങുകളുള്ള ഈ സസ്യം വളരുന്നത്. പയ്യന്നൂർ കോളജ്, തളിപ്പറമ്പ് സർ സൈയ്ദ് കോളജ് എന്നിവിടങ്ങളിലെ ഗവേഷകരായ സിദ്ധാർഥ് എസ്. നായർ, ഡോ. എം.കെ. രതീഷ് നാരായണൻ, മാലിയങ്കര എസ്.എൻ കോളജിലെ പ്രഫസർമാരായ ഡോ. സി.എൻ. സുനിൽ, ഡോ. എം.ജി. സനിൽകുമാർ, ആലപ്പുഴ എസ്.ഡി കോളജിലെ ഡോ. ജോസ് മാത്യു എന്നിവരടങ്ങുന്ന ഗവേഷകരാണ് ഈ ചെടി കണ്ടെത്തിയത്.
ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സ് എന്ന രാജ്യാന്തര ജേണലിൽ കണ്ടെത്തലിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴക്കാലങ്ങളിൽ മാത്രം വളർന്ന് പുഷ്പിക്കുന്ന ക്ലോറോഫൈറ്റം വനപുഷ്പം എന്ന പേരിട്ട ഈ ചെടി മനോഹരമായ വെളുത്ത പൂക്കളും മഞ്ഞനിറത്തിലുള്ള കേസരങ്ങളോടും കൂടിയുള്ളതാണ്. ഹെർബൽ വയാഗ് എന്നറിയപ്പെടുന്ന സഫേദ് മുസലി (chlorophytum tuberosum)യിൽ ഉൾപ്പെട്ട ക്ലോറോഫൈറ്റം ജനുസിലെ 25ഓളം സ്പീഷുകൾ ഇന്ത്യയിൽനിന്ന് കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ സസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചതായി ഗവേഷകർ പറഞ്ഞു.