ഗ്ലോബൽ ജിയോപാർക്ക് നെറ്റ്വർക്കിൽ നോർത്ത് റിയാദ്, സൽമ പാർക്കുകൾ
text_fieldsറിയാദ്: നോർത്ത് റിയാദ്, സൽമ ജിയോപാർക്കുകളെ ഗ്ലോബൽ ജിയോപാർക്ക് നെറ്റ്വർക്കിൽ ഉൾപ്പെടുത്തിയതായി യുനൈറ്റഡ് നേഷൻസ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അധികൃതർ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും സൗദി അറേബ്യയുടെ പങ്ക് ശക്തിപ്പെടുത്തുന്ന അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുനെസ്കോയുടെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഈ അന്താരാഷ്ട്ര നേട്ടത്തിൽ അഭിമാനമുണ്ടെന്ന് നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ആൻഡ് കോംപാറ്റിങ് ഡെസർട്ടിഫിക്കേഷൻ സി.ഇ.ഒ ഡോ. ഖാലിദ് അൽ അബ്ദുൽ ഖാദർ പറഞ്ഞു. രാജ്യത്തെ പ്രകൃതിപരവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കാൻ നടത്തുന്ന ദേശീയ ശ്രമങ്ങൾക്കുള്ള ആഗോള അംഗീകാരമാണിത്. പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുന്നതിനും പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പരിസ്ഥിതി മേഖലയെ ശാക്തീകരിക്കുന്നതിനും ഭരണകൂടം നൽകിവരുന്ന പരിധിയില്ലാത്ത പിന്തുണയുടെ ഫലമായാണിത്.
സൗദിയുടെ തനതായ പ്രകൃതി പരിസ്ഥിതി പ്രത്യേകിച്ച് ഭൂമിശാസ്ത്രപരമായ സ്ഥലങ്ങൾ സംരക്ഷിക്കാൻ കേന്ദ്രം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഖാലിദ് അബ്ദുൽഖാദർ പറഞ്ഞു. സുസ്ഥിര വികസനത്തിനുള്ള ‘വിഷൻ 2030’ പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് നേരിട്ട് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് റിയാദ് ജിയോപാർക്കും സൽമ ജിയോപാർക്കും ആഗോള ശൃംഖലയിൽ ചേരുന്നത് നമ്മുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ വ്യക്തിത്വത്തിന്റെ അഭിമാനം വർധിപ്പിക്കുന്നുവെന്ന് സൗദി ജിയോപാർക്ക് ഇനിഷ്യേറ്റീവ് ഡയറക്ടർ എൻജി. ഹുസാം അൽ തുർക്കി പറഞ്ഞു.
ഭൂമിശാസ്ത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിലും അതിന്റെ എല്ലാ വശങ്ങളിലും സുസ്ഥിരമായ വികസനത്തെ പിന്തുണക്കുന്നതിലും അതിന്റെ പ്രധാന പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
പാരിസ്ഥിതിക സംരംഭങ്ങളുടെ വികസനത്തിലെ ഒരു നാഴികക്കല്ലാണ് ഈ നീക്കം. സൗദിയുടെ ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളുടെ അന്താരാഷ്ട്ര അംഗീകാരത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അൽതുർക്കി പറഞ്ഞു.