ആമസോൺ കാടുകൾ സംരക്ഷിക്കുന്നത് പ്രതിവർഷം 15 ദശലക്ഷം അണുബാധകൾ തടയാൻ സഹായിക്കുമെന്ന് പഠനം
text_fieldsലോകത്തിലെ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതുമായ ആവാസവ്യവസ്ഥയാണ് ആമസോൺ മഴക്കാടുകൾ. തെക്കേ അമേരിക്കയിലെ ഒൻപത് രാജ്യങ്ങളിലായി ഇത് വ്യാപിച്ചുകിടക്കുന്നത്. ആമസോൺ കാടുകൾ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്ന ഒരു വലിയ കാർബൺ സിങ്ക് ആണ്. ഇത് ആഗോള കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആമസോൺ വനങ്ങളിലെ മരങ്ങൾ പ്രതിദിനം ദശലക്ഷക്കണക്കിന് ടൺ ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നുണ്ട്. ഇപ്പോഴിതാ ആമസോൺ കാടുകൾ സംരക്ഷിക്കുന്നത് വഴി പ്രതിവർഷം ലക്ഷക്കണക്കിന് അണുബാധകൾ തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലോകത്ത് അറിയപ്പെടുന്ന ജീവിവർഗ്ഗങ്ങളിൽ 10% എങ്കിലും ആമസോൺ കാടുകളിലാണ് കാണപ്പെടുന്നത്. 40,000ത്തിലധികം സസ്യ ഇനങ്ങൾ, 3,000ത്തിലധികം ശുദ്ധജല മത്സ്യ ഇനങ്ങൾ, 400ൽ അധികം സസ്തനികൾ, 1,300ൽ അധികം പക്ഷികൾ, ആയിരക്കണക്കിന് പ്രാണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഉയർന്ന ജൈവവൈവിധ്യം ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ഏതെങ്കിലും ഒരു രോഗമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അതിനെ അതിജീവിക്കാനുള്ള ശേഷി നൽകുകയും ചെയ്യുന്നു. ആമസോൺ മരങ്ങളുടെ വേരുകൾ മണ്ണിനെ ഉറപ്പിച്ചു നിർത്തുകയും ശക്തമായ മഴയിൽ മണ്ണൊലിപ്പ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
ആമസോണിലെ തദ്ദേശവാസികളുടെ ഭൂമിയിലെ വനങ്ങൾക്ക് ഓരോ വർഷവും ഏകദേശം 1.5 കോടി (15 മില്യൺ) ശ്വാസകോശ, ഹൃദയസംബന്ധമായ അണുബാധകൾ തടയാൻ സാധ്യതയുണ്ട്. ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ബൊളീവിയ, പെറു, സുരിനാം, വെനിസ്വേല, ഫ്രഞ്ച് ഗയാന എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം രണ്ട് പതിറ്റാണ്ടുകളുടെ ആരോഗ്യ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. വൻതോതിലുള്ള വനനശീകരണവും കാട്ടുതീയും ഉണ്ടാകുമ്പോൾ പുറത്തു വരുന്ന അപകടകരമായ പുകയിലെ വിഷവസ്തുക്കളെ ഈ വനങ്ങൾ വലിച്ചെടുക്കുന്നു.
ആമസോൺ വനങ്ങളിലെ മരങ്ങൾ കാട്ടുതീയിൽ നിന്നും മറ്റ് മലിനീകരണ സ്രോതസ്സുകളിൽ നിന്നും പുറപ്പെടുന്ന സൂക്ഷ്മകണികകൾ ഉൾപ്പെടെയുള്ള അപകടകരമായ വിഷവാതകങ്ങളെയും പുകയെയും വലിച്ചെടുക്കുന്നു. ഈ മരങ്ങൾ ഒരു ജൈവ ഫിൽട്ടർ ആയി പ്രവർത്തിക്കുന്നു. ഇത് ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നത് കുറക്കാൻ സഹായിക്കുന്നു. കാട്ടുതീ ഉണ്ടാകുമ്പോൾ വിഷവസ്തുക്കൾ അന്തരീക്ഷത്തിൽ കലരുകയും അത് ജനങ്ങൾക്ക് ശ്വാസകോശ രോഗങ്ങളായ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ഹൃദയസംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക്, ചില അർബുദങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
വനനശീകരണം മൃഗങ്ങളുമായും രോഗം പരത്തുന്ന പ്രാണികളുമായും മനുഷ്യർക്ക് അടുത്തിടപഴകാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അതുവഴി മലേറിയ, മറ്റ് ജന്തുജന്യ രോഗങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്യാം. വനങ്ങളെ സംരക്ഷിക്കുന്നത് ഈ രോഗങ്ങൾ പടരുന്നത് തടയാൻ സഹായിക്കും. വനനശീകരണം വഴി മനുഷ്യരും രോഗവാഹകരായ മൃഗങ്ങളുമായി അടുത്തിടപഴകാനുള്ള സാധ്യത കൂടുന്നു. ഇത് മലേറിയ, മഞ്ഞപ്പനി, സ്പോട്ടഡ് ഫീവർ തുടങ്ങിയ സൂനോട്ടിക് രോഗങ്ങൾ (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ) പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. വനങ്ങൾ സംരക്ഷിക്കപ്പെടുന്നതിലൂടെ, ഈ സ്വാഭാവിക അകലം നിലനിർത്താനും രോഗവ്യാപനം കുറക്കാനും സാധിക്കും.