വരുന്നു, മിന്നലും മഴയും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥയായതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും കർണാടക തീരത്ത് വ്യാഴാഴ്ചയും മത്സ്യബന്ധനം ഒഴിവാക്കണം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മുതൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷതിൽ കാറ്റിന്‍റെ അസ്ഥിരത പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലക്ക് മുകളിൽ വർധിക്കുന്നതിലാണ് ഇടി മിന്നൽ മഴക്ക് കാരണം. ഒക്ടോബർ പകുതിക്ക് മുന്നേ തന്നെ കാലവർഷ കാറ്റ് പൂർണമായും പിൻവാങ്ങി ഒക്ടോബർ പകുതിക്ക് ശേഷം കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന വിവിധ ഏജൻസികൾ നൽകുന്നു.