പക്ഷി പറുദീസയിൽ
text_fieldsഅങ്ങിങ്ങ് മൃഗങ്ങളുടെ മുഴങ്ങുന്ന ശബ്ദം. ആനകളുടെ ചിഹ്നം വിളി. മ്ലാവുകളുടെ ശബ്ദം. കുരങ്ങന്മാരുടെ മരഞ്ചാട്ടവും വേണ്ടുവോളമുണ്ട്. പക്ഷികൾ ശബ്ദമുണ്ടാക്കി തലങ്ങും വിലങ്ങും പറക്കുന്നു
കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് രംഗണതിട്ടു പക്ഷി സങ്കേതം.തലേന്ന് ബന്ദിപ്പൂരിലെ കാട്ടിലെ രാത്രി താമസത്തിനു ശേഷമാണ് അതി പുലർച്ചെ പ്രാതൽപോലും കഴിക്കാൻ നിൽക്കാതെ പുറപ്പെടുന്നത്. അതിനു കാരണമുണ്ട്. വെയിൽ ചൂടാകുന്നതിനുമുമ്പ് ബേഡ് സാങ്ചറിയിൽ എത്തിച്ചേരണം. വെയിൽ ചൂടായാൽ പക്ഷികൾ അധികവും അടുത്തുള്ള മരങ്ങളുടെ ഇലച്ചാർത്തുകളിൽ പോയി ഒളിച്ചിരിക്കും. വെയിലേൽക്കാതിരിക്കാനും ആളുകളുടെയും മറ്റു ജീവികളുടെയും ശല്യം ഇല്ലാതിരിക്കാനുമാണ് ഇത്. വെയിൽ ചൂടാകുന്നതിനു മുമ്പായിതന്നെ പരമാവധി ഇരപിടിത്തവും കഴിഞ്ഞിരിക്കും. പിന്നെ ഉച്ച കഴിഞ്ഞു വെയിലാറാൻ തുടങ്ങുമ്പോഴാണ് വീണ്ടും പുറത്തിറങ്ങുന്നത്.
കാനന പാതയിൽ
വനത്തിലൂടെ യാത്ര തുടരുകയാണ്. ചുറ്റും വരണ്ട സ്ഥലങ്ങൾ. കാടിന്റെ വന്യത. അങ്ങിങ്ങ് മൃഗങ്ങളുടെ മുഴങ്ങുന്ന ശബ്ദം. ആനകളുടെ ചിന്നംവിളി. മ്ലാവുകളുടെ ശബ്ദം. കുരങ്ങന്മാരുടെ മരഞ്ചാട്ടവും വേണ്ടുവോളമുണ്ട്. പക്ഷികൾ ശബ്ദമുണ്ടാക്കി തലങ്ങും വിലങ്ങും പറക്കുന്നു. നിറയെ പീലികളുള്ള ആൺ മയിലുകൾ ഒരു മരത്തിൽനിന്ന് മറ്റൊന്നിലേക്ക് അതിന്റെ ഭാരിച്ച ശരീരവുമായി ആയാസപ്പെട്ട് പറക്കുന്നു. ഒരു കടുവയുടെ കാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. കുറച്ചുകൂടി പിന്നിട്ടപ്പോൾ ജനവാസമേഖല കണ്ടുതുടങ്ങി. വാഴ, ഉരുളക്കിഴിങ്, തക്കാളി തുടങ്ങിയവ സമൃദ്ധമായി വളർന്നു നിൽക്കുന്നു. ഏതാണ്ട് മൈസൂർ എത്താറായി. വലിയ ബോർഡും ടോൾ ഗേറ്റുമൊക്കെ കണ്ടുതുടങ്ങി.
രംഗണതിട്ടു
മൈസൂരുവിൽനിന്ന് 16 കിലോമീറ്റർ വടക്കു മാറിയാണ് കാവേരി നദിയിലെ തുരുത്തുകളായ രംഗണതിട്ടു. പക്ഷി കാശി എന്ന പേരിലും ഈ പക്ഷി സങ്കേതം അറിയപ്പെടുന്നുണ്ട്. ഏകദേശം 250 ലധികം ഇനത്തിൽപെട്ട പക്ഷികൾ ഇവിടെ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. വിവിധയിനം പെലിക്കനുകൾ, വർണ്ണക്കൊക്ക്, ഗ്രേറ്റ് എഗ്രെറ്റ് (വലിയ ഇനം വെള്ള കൊക്ക്), പാതിരാ കൊക്ക്, കാലി കൊക്ക്, വിവിധയിനം കടൽക്കാക്കകൾ, ചുട്ടി പരുന്ത്, ക്രെസ്റ്റഡ് ഈഗിൾ, ടേൺ, പ്ലോവർ, റോളർ (പനന്തത്ത), മീൻകൊത്തി, വിവിധയിനം തത്തകൾ, കുരുവികൾ, ബ്ലാക്ക് ഹെഡഡ് ഐബിസ്, ചട്ടുകകൊക്ക്, നീർകാക്കകൾ, ചേരക്കോഴി, ചൂളൻ എരണ്ട, അരയന്നം, ഫ്ളമിംഗോ തുടങ്ങി നിരവധി ഇനങ്ങളെ കാണാം. സീസൺ അനുസരിച്ച് പക്ഷികളുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കും.
കാവേരി നദിയുടെ തീരത്തുള്ള 40 ഏക്കർ വിസ്തൃതിയിൽ ആറ് തുരുത്തുകൾ ഉൾക്കൊള്ളുന്നതാണ് രംഗണതിട്ടു പക്ഷിസങ്കേതം. 2022 മുതൽ സംരക്ഷിത റാംസർ സൈറ്റായി ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 1645 നും 1648നും ഇടയിൽ അന്നത്തെ മൈസൂർ രാജാവായിരുന്ന കണ്ഠീരവ നരസിംഹരാജ വാദിയാർ കാവേരി നദിക്ക് കുറുകെ ഒരു അണക്കെട്ട് നിർമിച്ചതോടെയാണ് രംഗണതിട്ടുവിന്റെ തുരുത്തുകൾ രൂപപ്പെട്ടത്.
പെലിക്കൻ കോളനി
ജലാശയത്തിൽ ധാരാളം മത്സ്യങ്ങളുണ്ട്. ഇവയെയാണ് പക്ഷികൾ കൂടുതലും ആഹരിക്കുന്നത്. വിവിധ തരം പെലിക്കനുകളുടെ കോളനി തന്നെ ഞങ്ങൾ അവിടെ കണ്ടു. അടുത്തടുത്തായി മരങ്ങളിൽ നിരവധി കൂടുകൾ കെട്ടി നിരവധി പക്ഷി കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന കാഴ്ച അപൂർവമാണ്. നിബിഡമായി വളരുന്ന, അധികം വലുതല്ലാത്ത മരങ്ങൾ ഇവക്ക് താമസവും ആഹാരവും നൽകുന്നുണ്ട്. അവയുടെ പഴങ്ങളും ഇവ ഭക്ഷിക്കാറുണ്ട്.
അക്കേഷ്യ, അർജുൻ വൃക്ഷം, വിവിധയിനം മുളകൾ തുടങ്ങിയ മരങ്ങൾ. വെള്ളത്തിൽ മുതലകളെയും കണ്ടു. കൂടാതെ നീർനായ, ഫ്ലയിങ് ഫോക്സ് (ഒരുതരം വാവൽ), കുരങ്ങുകൾ തുടങ്ങി മറ്റ് ജീവജാലങ്ങളാലും രംഗണതിട്ടു മനോഹരിയാണ്. സ്വദേശികളും വിദേശികളുമായി ധാരാളം സന്ദർശകർ എത്തുന്നുണ്ട്.


