ആഫ്രിക്കയിലേക്കുള്ള ദേശാടന പാതയിൽ വഴി തെറ്റിയെത്തി അപൂർവ യൂറോപ്യൻ പക്ഷി
text_fieldsബറുയിപൂരിൽ കണ്ടെത്തിയ രണ്ട് ഓർത്തോളൻ ബണ്ടിംഗുകളിൽ ഒന്ന്
കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു പക്ഷിയെ ബംഗാളിൽ കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് നഗരത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ബറുയിപൂരിലെ ഒരു പുൽമേടിൽ രണ്ട് ഓർത്തോളൻ ബണ്ടിംഗുകളെ കണ്ടെത്തിയത്. ഐ.ടി ജീവനക്കാരനായ സന്ദീപ് ബിശ്വാസ്, പക്ഷി നിരീക്ഷകർ ഇഷ്ടപ്പെടുന്ന ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിൽ ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് ഇവയുടെ വിശദാംശങ്ങൾ അറിഞ്ഞത്. യു.എസിലെ സിറ്റിസൺ സയൻസ് സംരംഭമായ ‘ഇ-ബേർഡി’ന്റെ പ്രാദേശിക നിരീക്ഷകൻ കൂടിയാണ് ബിശ്വാസ്.
എന്നാൽ, ബറുയിപൂരിൽ ഈ പക്ഷിയെ കാണുന്നതും അതിന്റെ ഫോട്ടോ എടുക്കുന്നതും ആദ്യമായിട്ടല്ല. കഴിഞ്ഞ ആഴ്ച സന്ദീപ് ബിശ്വാസിനു മുമ്പെ മറ്റ് പക്ഷി നിരീക്ഷകർ ഇവയുടെ ഫോട്ടോ പകർത്തിയിരുന്നു. പക്ഷികളുടെ പെരുമാറ്റവും അവയെ കണ്ടെത്തിയ സ്ഥലവും അവയുടെ വർഗത്തെക്കുറിച്ച് തന്റെ മനസ്സിൽ സംശയം ജനിപ്പിച്ചതായി ബിശ്വാസ് പറഞ്ഞു. ബംഗാളിൽ ഓർത്തോളൻ ബണ്ടിംഗുകൾ വളരെ അപൂർവമായതിനാൽ, പക്ഷികളെ അടുത്തുനിന്ന് കണ്ട പരിചയം ബിശ്വാസിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തുറസ്സായ സ്ഥലത്തു വെച്ചാണ് രണ്ട് പക്ഷികളുടെയും ഫോട്ടോ എടുത്തത്.
ബറുയിപൂരിൽവെച്ച് വ്യത്യസ്ത കോണുകളിൽ നിന്നുള്ള പക്ഷികളുടെ ചിത്രങ്ങൾ എടുത്തു. അവയുടെ ചലനങ്ങൾ വിഡിയോയിൽ പകർത്തിയെന്നും അവയുടെ ശബ്ദത്തിന്റെ ഓഡിയോ റെക്കോർഡിങ്ങുകൾ എടുത്തുവെന്നും ബിശ്വാസ് പറഞ്ഞു. തുടർന്ന് അദ്ദേഹം യൂറോപ്പിലെ പക്ഷി നിരീക്ഷകർക്കിടയിലെ ജനപ്രിയ പ്ലാറ്റ്‌ഫോമായ ‘ബേർഡ് ഫോറ’ത്തിൽ വിഡിയോ റെക്കോർഡിംഗുകളും ഫോട്ടോഗ്രാഫുകളും പോസ്റ്റ് ചെയ്തു. യൂറോപ്പിൽ നിന്നുള്ള വളരെ വിശ്വസ്തരായ മൂന്ന് പക്ഷി നിരീക്ഷകർ ഇവ ഓർട്ടോലൻ ബണ്ടിംഗുകളാണെന്ന് തിരിച്ചറിഞ്ഞു.
പ്രധാനമായും തുറന്ന കാർഷിക മേഖലകളിലും, ചരിവുകളിലും, കുറ്റിക്കാടുകളും മരങ്ങളുമുള്ള പർവതങ്ങളിലും പ്രജനനം നടത്തുന്നവയാണ് ഓർക്കോളൻ ബണ്ടിങ്ങുകൾ. ഇന്ത്യയിൽ ഓർട്ടോളൻ ബണ്ടിംഗിനെ കാണുന്നവരുടെ എണ്ണം വളരെ കുറവാണ്. ഹിമാലയത്തിലും കേരളത്തിലും മാത്രമേ അപൂർവമായി കണ്ടിട്ടുള്ളൂ. എന്നാൽ, കിഴക്കേന്ത്യയിൽ ഈ പക്ഷിയെ കാണുന്നത് അത്യപൂർവമാണെന്ന് ‘ബേർഡ് കൗണ്ട് ഇന്ത്യ’ കൈകാര്യം ചെയ്യുന്ന സംഘത്തിലെ അംഗമായ അശ്വിൻ വിശ്വനാഥൻ പറഞ്ഞു. ഓർട്ടോളൻ ബണ്ടിംഗുകൾ യൂറോപ്പിലെയും മധ്യേഷ്യയിലെയും പക്ഷികളാണ്. ശൈത്യകാലത്ത് അവ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് ദേശാടനം ചെയ്യും. എന്നാൽ, ഈ പ്രദേശത്തേക്ക് പക്ഷികൾ വഴി തെറ്റി എത്തിയതായി തോന്നുന്നുവെന്നും വിശ്വനാഥൻ പറഞ്ഞു.