ഫറസാൻ ദ്വീപ് മേഖലയിൽ അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി
text_fieldsറിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള ഫറസാൻ ദ്വീപുകളുടെ സംരക്ഷിത മേഖലയിൽ അപൂർവയിനം ബ്രൈഡി തിമിംഗലങ്ങളെ തുടർച്ചയായി കണ്ടെത്തിയതായി ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. മേഖലയിൽ നടത്തുന്ന പതിവ് സമുദ്ര നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഇവയുടെ കണ്ടെത്തൽ.
ഈ കണ്ടെത്തൽ സമുദ്രജീവികളുടെ സാന്നിധ്യവും അവയുടെ സഞ്ചാരപാതകളും കൂടുതൽ അടുത്തറിയാൻ ഗവേഷകർക്ക് സഹായകമാകും. കൂടാതെ, വന്യജീവി വിനോദസഞ്ചാരത്തിെൻറ ഭാഗമായി സീസണൽ സമുദ്രജീവി കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് വഴിതുറക്കും.
ഈ മാസം 18ന് ഫറസാൻ സംരക്ഷിത മേഖലയുടെ പടിഞ്ഞാറുള്ള ‘ഖോർ സഫാഫി’ന് സമീപം നടത്തിയ തീരദേശ നിരീക്ഷണത്തിനിടയിലാണ് ഒരു ബ്രൈഡി തിമിംഗലം ഇരതേടുന്നത് വിദഗ്ധ സംഘത്തിെൻറ ശ്രദ്ധയിൽപ്പെട്ടത്. മുൻവർഷങ്ങളിൽ ഈ മേഖലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളുടെ തുടർച്ചയായാണ് പുതിയ കണ്ടെത്തൽ.
2023 മേയ് മുതൽ 2026 ആഗസ്റ്റ് വരെയുള്ള നിരീക്ഷണഫലങ്ങളും വിവരങ്ങളും വിശകലനം ചെയ്തതിൽ നിന്നും ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ തിമിംഗലങ്ങൾ പ്രദേശത്ത് സജീവമായി എത്താറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രത്യേകിച്ച് സംരക്ഷിത മേഖലയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതൽ കാണപ്പെടുന്നത്.
തിമിംഗലങ്ങളുടെ വിന്യാസത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് തുടർച്ചയായ നിരീക്ഷണവും ശാസ്ത്രീയ വിവരശേഖരണവും അത്യന്താപേക്ഷിതമാണെന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഫറസാൻ സംരക്ഷിത മേഖലയിൽ ബ്രൈഡി തിമിംഗലങ്ങൾ പതിവായി എത്തുന്നത് ഈ സമുദ്ര മേഖലയുടെ പരിസ്ഥിതി പ്രാധാന്യം വർധിപ്പിക്കുന്നുവെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബാൻ പറഞ്ഞു.
ആവാസവ്യവസ്ഥയുടെ സ്വാഭാവികതയും സുസ്ഥിരതയും നിലനിർത്തിക്കൊണ്ട് സന്ദർശകർക്ക് ചിട്ടയായ അനുഭവം നൽകാൻ ഈ കണ്ടെത്തലുകൾ സഹായിക്കും. ജീവിവർഗങ്ങൾ, അവ കാണപ്പെടുന്ന കൃത്യമായ സ്ഥലങ്ങൾ, സമയം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരിപാടികൾ രൂപകൽപന ചെയ്യുന്നത്.
ഫറസാൻ ദ്വീപുകളിലെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യമാണ് ഈ നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നത്. സൗദിയുടെ പ്രകൃതിസൗന്ദര്യവും വന്യജീവികളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നേരിട്ട് കാണാനുള്ള അവസരവും ഒരുക്കുന്ന സുസ്ഥിര വിനോദസഞ്ചാര പദ്ധതികളെ കേന്ദ്രം പിന്തുണയ്ക്കുന്നുണ്ട്. സമുദ്രജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ വർധിപ്പിക്കുന്നതിനായുള്ള നിരീക്ഷണങ്ങളും വിവരശേഖരണവും തുടരുമെന്നും ഡോ. ഖുർബാൻ കൂട്ടിച്ചേർത്തു.


