നെട്ടയിൽ അപൂര്‍വ വെളുത്ത അണ്ണാൻ
text_fieldsതമിഴ്നാട് അതിര്‍ത്തിയിലെ നെട്ടയില്‍ കണ്ടെത്തിയ വെളുത്ത നിറത്തിലുള്ള അണ്ണാൻ
വെള്ളറട: കേരള- തമിഴ്നാട് അതിര്‍ത്തി നെട്ടയില്‍ വെളുത്ത നിറത്തിലുള്ള അപൂർവ അണ്ണാനെ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തിയിലെ നെട്ടയില്‍ കണ്ടെത്തിയ വെളുത്ത നിറത്തിലുള്ള
അണ്ണാൻ സുമേഷ് വെള്ളറടയാണ് ചിത്രം പകര്‍ത്തിയത്. പ്രദേശത്തെ വര്‍ഷങ്ങളായുള്ള നിരീക്ഷണത്തിന് ശേഷമാണ് വെളുത്ത അണ്ണാനെ കണ്ടെത്താന്‍ സാധിച്ചതെന്നും വെളുത്ത നിറം കാരണം ഇരപിടിയന്മാരുടെ ശ്രദ്ധ പെട്ടെന്ന് പതിയുന്നതിനാല്‍ അധിക സമയം മരചില്ലകള്‍ക്ക് പുറത്ത് കാണാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
മുടവന്മുഗള് ഗവ. എല്‍.പി സ്കൂളിലെ അധ്യാപകനായ സുമേഷ് വെള്ളറട തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോല നാച്ചുറല്‍ സൊസൈറ്റിയിലെ അംഗം ആണ്.
ജന്തുക്കളില്‍ ല്യൂസിസം എന്നു വിളിക്കപ്പെടുന്ന ഈ പ്രതിഭാസം ശരീരത്തിലെ നിറം നല്കുന്ന വര്‍ണ്ണകങ്ങളുടെ കുറവു മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ സാധാരണ നിറം മാറി വെളുത്ത നിറത്തില്‍ ജീവി കാണപ്പെടുന്നു. സാധാരണയായി ആയിരങ്ങളില്‍ ഒരെണ്ണത്തിനു മാത്രമേ ഇത്തരത്തില്‍ നിറവ്യത്യാസം കാണപ്പെടാറുള്ളൂ. ഇത് പാര്‍ഷ്യല്‍ ലിയൂസിസ്റ്റിക് ആയ അണ്ണാനാണ് എന്ന കാര്യം സ്ഥിരീകരിച്ചത് വന്യ ജീവി ഗവേഷകനായ ഡോ സന്ദീപ്ദാസ് ആണ്.


