ബഹാമാസിലെ സ്രാവുകളുടെ രക്തത്തിൽ ലഹരിമരുന്നുകളുടെ സാന്നിധ്യമെന്ന് ഗവേഷകർ
text_fieldsനസാവു (കരീബിയ): വിനോദസഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹാമാസ് തീരത്തെ സ്രാവുകളിൽ മാരകമായ ലഹരികളുടെയും മരുന്നുകളുടെയും സാന്നിധ്യം കണ്ടെത്തി. ബഹാമാസിലെ എലൂതറ ദ്വീപിന് സമീപം നടത്തിയ പഠനത്തിലാണ് സ്രാവുകളുടെ രക്തത്തിൽ കൊക്കെയ്ൻ, കഫീൻ, വേദനസംഹാരികൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഫെഡറൽ യൂനിവേഴ്സിറ്റി ഓഫ് പരാനയിലെ ബയോളജിസ്റ്റായ നടാഷ വോസ്നിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പരിശോധനയ്ക്ക് വിധേയമാക്കിയ 85 സ്രാവുകളിൽ മൂന്നിലൊന്നിന്റെയും രക്തത്തിൽ ലഹരിവസ്തുക്കളും അസറ്റാമിനോഫെൻ, ഡിക്ലോഫെനാക് തുടങ്ങിയ വിരുദ്ധാഹാര മരുന്നുകളും ഗവേഷകർ കണ്ടെത്തി. ഇതിൽ ഒരു സ്രാവിന്റെ ശരീരത്തിൽ കൊക്കെയ്ൻ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളും ഡൈവർമാരും കടലിൽ തള്ളുന്ന മലിനജലവും വിസർജ്യവുമാണ് സ്രാവുകളുടെ ശരീരത്തിൽ ഇത്തരം രാസവസ്തുക്കൾ എത്താൻ പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നീണ്ടുപരന്ന സമുദ്രത്തിൽ 'ശുദ്ധമാണെന്ന്' കരുതപ്പെടുന്ന ഇടങ്ങളിൽ പോലും മലിനീകരണം എത്രത്തോളം രൂക്ഷമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
രാസവസ്തുക്കളുടെ സാന്നിധ്യം സ്രാവുകളുടെ ഉപാപചയ പ്രവർത്തനത്തിൽ (മെറ്റബോളിസം) മാറ്റങ്ങൾ വരുത്തുന്നതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത് ഇവയുടെ സ്വഭാവത്തെയും ഇരപിടിക്കുന്ന രീതിയെയും ദോഷകരമായി ബാധിച്ചേക്കാം. സ്രാവുകളുടെ പ്രതിരോധ സംവിധാനത്തെ ഇത്തരം മരുന്നുകൾ എങ്ങനെ ബാധിക്കുമെന്നതിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് 'എൻവയൺമെന്റൽ പൊല്യൂഷൻ' മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ 2024ൽ ബ്രസീലിലെ റിയോ ഡി ജനീറോ തീരത്ത് പിടികൂടിയ സ്രാവുകളിലും സമാനമായ രീതിയിൽ കൊക്കെയ്ൻ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. റിയോയിലെ സ്രാവുകളിൽ മറ്റ് സമുദ്രജീവികളേക്കാൾ നൂറിരട്ടി അധികം ലഹരിമരുന്നിന്റെ അംശമായിരുന്നു കണ്ടെത്തിയിരുന്നത്. കടലിലേക്ക് തുറന്നുവിടുന്ന അഴുക്കുചാലുകളാണ് സമുദ്രജീവികളുടെ വംശനാശത്തിന് പോലും കാരണമായേക്കാവുന്ന ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് ശാസ്ത്രഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാജ്യമാണ് ബഹാമാസ്. 2000ലധികം കേയ്കളും 700ലധികം ദ്വീപുകളുമുള്ള ഈ ദ്വീപസമൂഹം ലോകത്തിലെ വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്.


