സുരക്ഷ, ശുദ്ധവായു, ശാന്തമായ തെരുവുകൾ; നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കു പടരുന്ന ഗതാഗത വിപ്ലവം
text_fieldsറോഡിലെ വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും തിരക്കും അപകടങ്ങളും സൃഷ്ടിക്കുന്ന മാനസികവും ശാരീരികവുമായ പാരിസ്ഥിതികവുമായ പ്രതിസന്ധികൾ നഗരജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയായി മാറുകയാണ്. മാത്രമല്ല, അത് അതിന്റെ കൊടുമുടിയിലേക്ക് കടക്കുകയും ചെയ്യുന്നു.
അത്തരമൊരു സന്ദർഭത്തിൽ, എന്താണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയെന്നുകൂടി ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായുള്ളതാണ് ലോകത്തുടനീളമുള്ള നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കു പടരുന്ന ഗതാഗത വിപ്‍ളവം. ‘വോക്സ്’ ഓൺലൈനിൽ അതിന്റെ സീനിയർ എഡിറ്റോഡിയൽ ഡയറക്ടർ ബ്രയാൻ വാൽഷ് പങ്കുവെച്ച ലേഖനം അതെന്താണെന്ന് വിശദീകരിക്കുന്നു.
രണ്ടാഴ്ച മുമ്പ് മകനെ സ്കൂളിലേക്ക് കൊണ്ടുപോകുമ്പോൾ, ബ്രൂക്ലിനിലെ ഒരു പ്രധാന പാതയായ കോർട്ട് സ്ട്രീറ്റിൽ വിചിത്രമായ എന്തോ നടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഇരു ചക്രവാഹനങ്ങൾക്കായുള്ള സംരക്ഷിത ടൂ വേ പാത ഒരുക്കുന്നതിനായി തെരുവിലെ ഒരു പ്രധാന പാത നീക്കം ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള ഗതാഗത വിപ്ലവം രേഖപ്പെടുത്തുന്ന ആഴ്ചതോറുമുള്ള കഥകളിലൊന്നാണിത്.
മകൻ കൂടുതലായി സൈക്കിൾ ചവിട്ടുന്നത് കാണാൻ ആഗ്രഹിക്കുന്ന, എന്നാൽ ബ്രൂക്ലിനിലെ തിരക്കേറിയ തെരുവുകളിൽ സഞ്ചരിക്കുമ്പോൾ ഒരു എസ്.യു.വി അവനെ ഇടിച്ചിടുമോ എന്ന നിരന്തര ഭയത്തിൽ ജീവിക്കുന്ന ഒരു പിതാവെന്ന നിലയിൽ, ഈ മാറ്റത്തിൽ അദ്ദേഹം സന്തോഷിച്ചു. പക്ഷെ, മറ്റൊരു കാര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. യു.എസിലെ ഏറ്റവും ജനസാന്ദ്രതയും ധാരാളം നടപ്പാതകളും ഉള്ള സ്ഥലങ്ങളിലൊന്നായ ബ്രൂക്ലിനിൽ പോലും, പകുതിയോളം വീടുകളിൽ ഒരു കാർ ഉണ്ട്. അവർ വാഹനമോടിക്കാനുള്ള അവകാശത്തെക്കുറിച്ച് വളരെ ജാഗ്രതയുള്ളവരുമാണ്. എന്നിട്ടും, കാറുകൾക്കായി ഒരു പാത എടുത്തുമാറ്റി സൈക്കിൾ യാത്രക്കാർക്ക് നൽകാൻ അവർ അനുമതി നൽകി.
ന്യൂയോർക്കിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നഗരങ്ങളിൽ പടരുന്ന ദൗത്യത്തിന്റെ ഭാഗമാണിത്. നാലു ചക്ര വാഹനങ്ങളേക്കാൾ ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന നഗരവാസികൾക്ക് അർത്ഥവത്തായതും സുരക്ഷിതവുമായ ഇടം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നഗരവികസനത്തിലെ ഏറ്റവും മികച്ചതും പ്രത്യാശ നിറഞ്ഞതുമായ പ്രസ്ഥാനങ്ങളിൽ ഒന്നായി ഇത് മാറുകയാണ്. നഗരങ്ങളെ വൃത്തിയുള്ളതും ശാന്തവും കൂടുതൽ സുസ്ഥിരവുമാക്കാൻ ഇതിന് കഴിയും.
നാലു ചക്രങ്ങളേക്കാൾ നല്ലത് ഇരു ചക്രവാഹനങ്ങൾ
സെൻട്രൽ ലണ്ടനിൽ തിരക്കേറിയ സമയങ്ങളിൽ സൈക്കിളുകളുടെ എണ്ണം രണ്ടിലൊന്ന് എന്ന നിരക്കിൽ കാറുകളുടെ എണ്ണത്തെ മറികടക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ബ്രയാൻ വാൽഷ് പറയുന്നു. മോൺട്രിയലിൽ മൂന്നിലൊന്നിൽ കൂടുതൽ ആളുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും സൈക്കിൾ ചവിട്ടുന്നു. 2019 മുതൽ നഗരത്തിലെ ‘ബൈക്ക് ഷെയർ പ്രോഗ്രാമി’ന്റെ ഉപയോഗം ഇരട്ടിയായി. കോപ്പൻഹേഗനിൽ ബൈക്ക് യാത്രികർ മുഴുവൻ യാത്രക്കാരുടെയും പകുതിയോളം വരും.
ന്യൂയോർക്ക് ലോകത്തിൽ അടുത്തിടെ ഏറ്റവും വലിയ സൈക്കിൾ ശൃംഖല നിർമിച്ചു. ‘സിറ്റി ബൈക്ക് പ്രോഗ്രാമി’ലൂടെ, ന്യൂയോർക്ക് യു.എസിലെ ഏറ്റവും വലിയ ബൈക്ക് ഷെയറിംഗ് സംവിധാനമുള്ള നഗരമായി മാറി.
നഗരങ്ങൾ കൈകോർക്കുന്നു
തെരുവുകളിൽ ഇരുചക്ര പാതകൾ അടയാളപ്പെടുത്തിക്കൊണ്ടു മാത്രമല്ല, സൈക്കിൾ യാത്രക്കാർക്ക് സൈക്കിൾ ചവിട്ടാൻ കഴിയുന്ന റൂട്ടുകൾ നിർമിച്ചുകൊണ്ടും നഗരങ്ങൾ ഇരുചക്ര വാഹന യാത്രയെ നിർണിതവും കുറഞ്ഞ സമ്മർദമുള്ളതുമാക്കി മാറ്റുന്നു. സംരക്ഷിത പാതകൾ നഗര സൈക്ലിങ്ങിനെ ഒരു കായിക വിനോദത്തിൽ നിന്ന്, 7ഉം 70ഉം വയസ്സുള്ളവർക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന ഒന്നാക്കി മാറ്റുന്നു.
സൈക്കിൾ യാത്രക്കാർക്ക് സംരക്ഷിത കവലകൾ
കാറുകൾ ഓടിക്കുന്നവർക്ക് വളവുകൾ കൂടുതൽ സുരക്ഷിതമാക്കുകയും സൈക്ലിസ്റ്റുകളെയും കാൽ നടയാത്രക്കാരെയും കൂടുതൽ ദൃശ്യമാകുന്ന തരത്തിൽ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംരക്ഷിത കവലകൾ നിർമിക്കുന്നത് ഈ ഗതാഗത വിപ്ലവത്തിന്റെ ഭാഗമാണ്. കാർ ഓടിക്കുന്നവർ വലതുവശത്തുള്ള ദ്രുത തിരിവുകളിലൂടെ വേഗത്തിൽ നീങ്ങുന്നത് സൈക്ലിസ്റ്റുകൾക്ക് അപകടകരമാണ്. സംരക്ഷിത ജംഗ്ഷനുകൾ വഴി ഇതു മറികടക്കാൻ കഴിയും.
ലൈറ്റുകൾ പച്ചയായി മാറുന്നതിന് മുമ്പ് അൽപ നേരത്തേക്ക് കാൽനടയാത്രക്കാർക്കുള്ള ലീഡിംഗ് പെഡസ്ട്രിയൻ ഇന്റർവെല്ലുകൾ (എൽ.പി.ഐ), സൈക്കിൾ യാത്രക്കാർക്കായുള്ള ട്രാഫിക് ലൈറ്റിന്റെ നിർദിഷ്ട ഘട്ടങ്ങൾ എന്നിവ പോലുള്ള ട്രാഫിക് സിഗ്നൽ മാറ്റങ്ങൾ ഇതിൽ വരുന്നു. ന്യൂയോർക്കിൽ 2013 നും 2018 നും ഇടയിൽ 6,000 ത്തിലധികം കവലകളിലായി നടപ്പിലാക്കിയ എൽ.പി.ഐകൾ മൊത്തം കാൽനടയാത്രക്കാരുടെ പരിക്കുകൾ 33 ശതമാനത്തോളം കുറച്ചു. സിയാറ്റിൽ പോലുള്ള നഗരങ്ങൾ സൈക്ലിസ്റ്റുകളെയും കാൽനടയാത്രക്കാരെയും സംരക്ഷിക്കുന്ന നയങ്ങൾ അതിവേഗം സ്വീകരിക്കുന്ന നഗരങ്ങളിലൊന്നാണ്.
ഇരുചക്ര യാത്രക്കാരെ പരിഗണിച്ച് യൂറോപ്പിലെ തെരുവുകളുടെ പുനഃർരൂപകൽപനകൾ കൂടുതൽ മുന്നോട്ടു പോയി. ബെൽജിയൻ നഗരമായ ഗെന്റ്, 2017ലെ പദ്ധതിയിൽ പുതുയ ‘ബൈക്ക് പാതകൾ’ ചേർത്തു. നാലു ചക്ര ഡ്രൈവർമാരെ മറ്റൊരു റോഡിലേക്ക് മാറ്റുകയും സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രവേശനത്തിനായി തെരുവുകളുടെ ഉൾവശം റിസർവ് ചെയ്യുകയും ചെയ്തു. ഈ പദ്ധതികളിലൂടെ കൂടുതൽ സുസ്ഥിരമായ ഗതാഗത മാർഗങ്ങളിലേക്കും ശാന്തമായ തെരുവുകളിലേക്കും മാറുന്നു എന്നതാണ് ഫലം.
ഇരുചക്ര യാത്രയുടെ ഗുണങ്ങൾ
ഒരു ഫാമിലി കാർ മാറ്റി ഒരു ഇ-ബൈക്ക്/സൈക്കിൾ വാങ്ങുന്നതിലൂടെ പ്രതിവർഷം ആയിരക്കണക്കിന് ഡോളർ ലാഭിക്കാമെന്നാണ് ബ്രയാൻ വാൽഷ് പറയുന്നത്. പ്രത്യേകിച്ച് ഒരു കാർ സ്വന്തമാക്കുന്നതിനുള്ള ചെലവ് വർധിച്ചുകൊണ്ടിരിക്കെ. നഗരങ്ങളിൽ ഇ-ബൈക്കുകൾ സൂക്ഷിക്കുന്നതിനായി സുരക്ഷിതമായ ഇടങ്ങൾ സൃഷിക്കുന്നതിനാൽ ഈ മാറ്റം കൂടുതൽ അർത്ഥവത്താണ്.
ഒരു ചെറിയ യാത്രക്ക് കാറിൽ നിന്ന് വ്യത്യസ്തമായി ബൈക്ക് എടുക്കുന്നത് കാർബൺ ബഹിർഗമനം 75 ശതമാനം കുറക്കും. പുതിയ സൈക്കിൾ പാതകളും ഡോക്ക്‌ലെസ് ബൈക്ക് ഷെയറിങ്ങും സംയോജിപ്പിച്ച സെൻട്രൽ ലണ്ടനിൽ, പരമ്പരാഗത വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുന്നതായി കണ്ടെത്തി. നിശബ്ദമായ ഇരുചക്ര വാഹനങ്ങൾ നഗരത്തിലെ ശബ്ദ മലിനീകരണത്തിനും ശമനം നൽകുന്നു.
മറ്റൊന്ന് ആരോഗ്യ ഗുണങ്ങളാണ്. യു.കെയിൽ നിന്നുള്ള ഒരു പഠനം സൈക്ലിങ് മൊത്തത്തിലുള്ള മരണനിരക്ക് കുറക്കുന്നതിനൊപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയിൽ നിന്നുള്ള മരണനിരക്കും കുറക്കുന്നതുമായി കണ്ടെത്തി. 2021ലെ ഒരു മെറ്റാ വിശകലനത്തിൽ കണ്ടെത്തിയത് സൈക്കിൾ ചവിട്ടുന്ന സമയം വർധിച്ചതോടെ എല്ലാ കാരണങ്ങളാലും ഉണ്ടാകുന്ന മരണനിരക്ക് കുറഞ്ഞു എന്നാണ്. ഇവ പരസ്പരബന്ധിതമാണ്. ജോലിസ്ഥലത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ കാറിൽ യാത്ര ചെയ്യുന്നയാളേക്കാൾ ആരോഗ്യവാനായിരിക്കും.
തന്റെ മകനെപ്പോലെ 8 വയസ്സുള്ള ഒരു കുട്ടിക്ക് സുരക്ഷിതമായി തോന്നുന്ന സൈക്കിൾ റൂട്ടുകൾ നഗരങ്ങൾ നിർമിക്കുമ്പോൾ, കാറുകളിൽ സഞ്ചരിക്കുന്ന മുതിർന്നവരും അതിലേക്ക് ആകർഷിക്കപ്പെടുമെന്ന് ബ്രയാൻ വാൽഷ് പറയുന്നു. കൂടുതൽ ആളുകൾ അത്തരത്തിൽ സവാരി ചെയ്യുമ്പോൾ സുരക്ഷ, ശുദ്ധവായു, ശാന്തമായ തെരുവുകൾ എന്നിവ പകരം ലഭിക്കും.


