ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിക്കൊരുങ്ങി ബ്രസീൽ
text_fieldsകോപ് 30ക്ക് വേദിയാകുന്ന ബെലേം നഗരം
ബ്രസീലിയ: ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബ്രസീൽ. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയതിനാൽ അമേരിക്ക ഇല്ലാതെയാണ് ഉച്ചകോടി അരങ്ങേറുക. ബ്രസീലിലെ തുറമുഖ നഗരമായ ബെലേം ആണ് കോപ് 30 എന്ന ചുരുക്കപ്പേരിൽ നവംബർ 10 മുതൽ 21 വരെ നടക്കുന്ന ഉച്ചകോടിക്ക് വേദിയാകുന്നത്. ചൈനയിൽനിന്ന് ഉപപ്രധാനമന്ത്രി ഡിങ് സ്യൂസിയാങ് ആണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വൊൺ ദേർ ലെയെൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോകനേതാക്കളും പങ്കെടുക്കും. അമേരിക്കയുടെ അഭാവം കാലാവസ്ഥാ രാഷ്ട്രീയത്തിൽനിന്നുള്ള ആഗോള പിന്മാറ്റത്തിലേക്ക് വിരൽചൂണ്ടുന്നതായി നയതന്ത്രജ്ഞർ ആശങ്കപ്പെടുന്നു.
ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ അടിയന്തരാവസ്ഥ
മനില: ഫിലിപ്പീൻസിൽ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൽമേഗി ചുഴലിക്കാറ്റിൽ 114 പേർ മരിക്കുകയും 127 പേരെ കാണാതാവുകയുംചെയ്ത സാഹചര്യത്തിലാണ് നടപടി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയമാണ് മരണസംഖ്യ വർധിപ്പിച്ചത്. 20 ലക്ഷത്തോളം പേരെയാണ് ദുരന്തം ബാധിച്ചത്. 5,60,000 ത്തിലധികം ഗ്രാമീണർ ഭവനരഹിതരായി. ഇതിൽ നാലര ലക്ഷത്തോളം പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ഓഫിസ് അറിയിച്ചു.
അതേസമയം, കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്നാം തീരത്തേക്ക് നീങ്ങിത്തുടങ്ങി. ചുഴലിക്കാറ്റിൽനിന്നുള്ള കനത്ത മഴക്കൊപ്പം ഉയർന്ന വേലിയേറ്റവും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഹോചിമിൻ സിറ്റിയിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്.


