Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right160 വർഷം മുമ്പ്...

160 വർഷം മുമ്പ് കത്തിനശിച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട കപ്പൽ; ഇന്ന് കണ്ടൽക്കാടുകളുടെ ആവാസകേന്ദ്രം

text_fields
bookmark_border
160 വർഷം മുമ്പ് കത്തിനശിച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട കപ്പൽ; ഇന്ന് കണ്ടൽക്കാടുകളുടെ ആവാസകേന്ദ്രം
cancel

160 വർഷം മുമ്പ് യാത്രക്കാരെയും ചരക്കുകളും വഹിച്ചിരുന്ന കപ്പൽ. പിന്നീട് തീപിടിത്തത്തിൽ തകർന്നു തീരത്ത് ഉപേക്ഷിക്കപ്പെട്ടു. ഇന്ന് കപ്പലിന്റെ അവശിഷ്ടങ്ങളിലൂടെ കണ്ടൽച്ചെടികൾ വളർന്നുകയറി പച്ചവിരിച്ചൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഓസ്ട്രേലിയയിലെ മാഗ്നറ്റിക് ദ്വീപിലെ കോക്കിൾ ബേയിലാണ് ‘സിറ്റി ഓഫ് അഡിലെയ്ഡ്’ എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ പ്രകൃതിയുടെ ഭാഗമായത്.

1863ൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നിർമിച്ച കപ്പൽ 1864ൽ പ്രവർത്തനം ആരംഭിച്ചു. ഇരുമ്പ് ബോഡിയോടുക്കൂടിയുളള കപ്പൽ യാത്രക്കാരെയും ചരക്കുകളും കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്നു. മെൽബൺ, സിഡ്നി തുടങ്ങിയ ഓസ്ട്രേലിയൻ തുറമുഖങ്ങൾക്കിടയിൽ സർവിസ് നടത്തിയ കപ്പൽ പിന്നീട് മെയിൽ സ്റ്റീമറായും പ്രവർത്തിച്ചു. ന്യൂസിലൻഡ്, ഹോണലുലു, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കും സർവിസ് നടത്തിയിരുന്നു.

1890ൽ കപ്പലിലെ സ്റ്റീം എൻജിൻ നീക്കം ചെയ്ത് നാല് കൊടിമരങ്ങളുള്ള കപ്പലാക്കി മാറ്റി. പിന്നീട് ടൗൺസ്‌വില്ലിൽ കൽക്കരി സംഭരിക്കുന്ന ഹൾക്കായി ഉപയോഗിച്ചു. 1912ൽ കപ്പലിൽ സൂക്ഷിച്ചിരുന്ന കൽക്കരിക്ക് തീപിടിച്ചതോടെ കപ്പലിന് ഗുരുതരമായ നാശനഷ്ടമുണ്ടായി. വർഷങ്ങൾക്ക് ശേഷം മാഗ്നറ്റിക് ദ്വീപിലെ വ്യവസായിയായ ജോർജ് ബട്ട്ലർ കപ്പൽ സ്വന്തമാക്കി.

ടൂറിസ്റ്റുകൾക്കുള്ള താമസസൗകര്യമാക്കുകയോ പിക്‌നിക് ബേയിലെ ബ്രേക്ക്‌വാട്ടറിന്റെയും ജെട്ടിയുടെയും ഭാഗമാക്കുകയോ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി നടപ്പായില്ല. മാഗ്നറ്റിക് ദ്വീപിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിനിടെ 1916ൽ കപ്പൽ കോക്കിൾ ബേയിൽ കരക്കടിഞ്ഞു. പിന്നീട് കപ്പൽ തിരിച്ചിറക്കാനായില്ല.

കാലക്രമേണ കപ്പലിന്റെ ഇരുമ്പ് ഘടന തുരുമ്പെടുത്ത് തകർന്നെങ്കിലും വലിയൊരു ഭാഗം അവിടെ തന്നെ തുടർന്നു. 1920കളിൽ തന്നെ ആളുകൾ കപ്പൽ കാണാനെത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നീന്താനെത്തിയവർ കപ്പൽ വസ്ത്രം മാറാനുള്ള ഇടമായി ഉപയോഗിക്കുകയും കപ്പലിന് ചുറ്റുമുണ്ടായിരുന്ന ചിപ്പികൾ ശേഖരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, പരിശീലനത്തിനിടെ റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിന്റെ വിമാനം കപ്പലിന്റെ കൊടിമരങ്ങളിലൊന്നിൽ ഇടിച്ചുണ്ടായ അപകടവും 1971ലെ സൈക്ലോൺ അൽതിയയിലും കപ്പലിന് കൂടുതൽ നാശനഷ്ടമുണ്ടായി. ഇതിനിടെയാണ് കപ്പലിന്റെ അവശിഷ്ടങ്ങളിൽ കണ്ടൽച്ചെടികൾ വളർന്നുതുടങ്ങിയത്. ഇന്ന് കപ്പലിന്റെ ഇരുമ്പ് ഘടനക്ക് ചുറ്റും മാത്രമല്ല, ചില ഭാഗങ്ങളിലൂടെ പോലും കണ്ടൽച്ചെടികൾ വളർന്നിട്ടുണ്ട്. ആകാശക്കാഴ്ചയിൽ കണ്ടൽക്കാടുകൾ മൂടിയ കപ്പൽ ചെറിയൊരു പച്ച ദ്വീപ് പോലെയാണ് .കാണപ്പെടുന്നത്.

ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റി മാഗ്നറ്റിക് ദ്വീപിന് ചുറ്റുമുള്ള ചരിത്രപ്രാധാന്യമുള്ള കപ്പൽച്ചേതങ്ങളിൽ ഒന്നായി ‘സിറ്റി ഓഫ് അഡിലെയ്ഡ്’നെ ഉൾപ്പെടുത്തിയിട്ടുണ്ട്. കപ്പൽച്ചേതങ്ങൾ സമുദ്രജീവികൾക്ക് വളരാനും താമസിക്കാനും ആവശ്യമായ ഘടന നൽകുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. തീരത്ത് നിന്ന് ഏകദേശം 300 മീറ്റർ അകലെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ. ഒരു നൂറ്റാണ്ടിലേറെയായി പ്രകൃതിയുടെ ഭാഗമായി മാറിയ ‘സിറ്റി ഓഫ് അഡിലെയ്ഡ്’ ഇന്ന് ഓസ്ട്രേലിയയുടെ തീരദേശ ചരിത്രത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും അപൂർവ സംഗമമായി മാറിയിരിക്കുകയാണ്.

Show Full Article
TAGS:mangrove Ecology nature Conservation 
News Summary - A ship that burned and ran aground 160 years ago; today a mangrove habitat
Next Story