ഗുരുതര ഭീഷണിയെന്ന് പഠന നയരേഖ; അധിനിവേശ സസ്യ, ജീവജാലങ്ങൾ പെരുകുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അധിനിവേശ സസ്യ, ജീവജാലങ്ങൾ പെരുകുന്നത് തനത് ആവാസവ്യവസ്ഥക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു. കുളങ്ങൾ, തടാകങ്ങൾ, നദികൾ, കായലുകൾ നെൽപ്പാടങ്ങൾ, ചതുപ്പുകൾ തുടങ്ങീ വിവിധ ജല ആവാസകേന്ദ്രങ്ങളിൽ അധിനിവേശ സസ്യങ്ങൾ വ്യാപിച്ചിച്ചിട്ടുണ്ടെന്നും ഇവയുടെ നിയന്ത്രണം അനിവാര്യമാണെന്നും ഇതുസംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തയാറാക്കിയ പഠന നയരേഖ വ്യക്തമാക്കുന്നു.
അധിനിവേശ ജലസസ്യങ്ങൾ ജലോപരിതലത്തിൽ കട്ടിയുള്ള പരവതാനിപോലെ പ്രവർത്തിക്കുകയും ജലത്തിനുള്ളിലെ സസ്യങ്ങൾക്ക് സൂര്യപ്രകാശത്തിന്റെ ലഭ്യത തടസ്സപ്പെടുകയും ക്രമേണ സസ്യവൈവിധ്യം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ആകെ കണ്ടെത്തിയിട്ടുള്ള 16 സസ്യ കുടുംബങ്ങളിൽപ്പെട്ട 18 ജല അധിനിവേശ സസ്യങ്ങളിൽ ആറെണ്ണം ജലോപരിതലത്തിൽ ഒഴകുന്നയിനങ്ങളും മറ്റുള്ളവ ജലത്തിന്റെ അടിത്തട്ടിൽ വേരൂന്നി വളരുന്നവയുമാണ്. സംസ്ഥാനത്തെ 44 നദികളിലും നാല് റിസർവോയറുകളിലും മൂന്ന് ശുദ്ധജല തടാകങ്ങളിലും കാണപ്പെടുന്ന പ്രമുഖമായ ജല അനിധിവേശ സസ്യമാണ് ‘കരിബ’. ഇതുകഴിഞ്ഞാൽ കൂടുതലുള്ളത് ‘കുളവാഴ’യാണ്. ഇത് 38 നദികളിലും വലിയതോതിലുണ്ട്. അടുത്തകാലത്തായി സൗത്ത് അമേരിക്കയിലെ തനത് ഇനമായ ‘ചുവന്ന കബംബ’യെ സംസ്ഥാനത്തെ നദികളിലും തടാകങ്ങളിലും റിപ്പോർട്ട് ചെയ്തു. പുഴയോര മേഖലയിൽ നിന്നും ഫാബേസിയെ, ആസ്റ്ററേസിയ, അമരാന്തിയേസിയ എന്നീ സസ്യകുടുംബങ്ങളിൽപ്പെട്ട 40 അധിനിവേശ വൈദേശിക സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പുഷ്പിത സസ്യങ്ങളാണ്.
ഉൾനാടൻ ജലാശയങ്ങളിൽ നിന്നും നാല് സസ്യങ്ങളും 28 മത്സ്യങ്ങളും ഉൾപ്പെടെ 32 വൈദേശികയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ കൂടുതലായി വ്യാപിച്ചിട്ടുള്ള ‘മൊസാംബിക് തിലാപ്പിയ’ എന്ന മത്സ്യം കേരളത്തിലെ 44 നദികളിലും 18 റിസർവോയറുകളിലും കാണപ്പെടുന്നു. പല ആവാസകേന്ദ്രങ്ങളിലും ഇവ പ്രധാന ഇനമാണ്. തിലാപ്പിയക്കൊപ്പം ‘കാർപ്’, ‘ആഫ്രിക്കൻ മുഷി’ എന്നിവയുടെ വ്യാപനം തനത്മത്സ്യവൈവിധ്യത്തിനും ആവാസ വ്യവസ്ഥയുടെ ആരോഗ്യത്തിനും ഭീഷണിയുണ്ടാക്കുന്നു. അധിനിവേശ, വൈദേശിക ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിനായി ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പ്രദേശിക സമൂഹങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കൂട്ടായപ്രവർത്തനം അനിവാര്യമാണെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു. അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണത്തിനും ഉന്മൂലനത്തിനും ഫലപ്രദമായ കർമപദ്ധതി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നയരേഖ തയാറാക്കിയത്.


