‘ഇത് പുതിയ കടുത്ത യാഥാർത്ഥ്യം’; ‘മെലിസ’യുടെ ക്രൂരമായ ശക്തിക്കു കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
text_fieldsകരീബിയൻ തീരത്ത് കഴിഞ്ഞ മാസം അവസാനത്തിൽ ആഞ്ഞടിച്ച, ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ‘മെലിസ’യെ ഇത്ര രൗദ്രമാക്കിയത് കാലാവസ്ഥാ പ്രതിസന്ധിയാണെന്ന് പഠനം. ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതിന്റെ ഫലമായുള്ള കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന അമിത ചൂടും വായുവും മെലിസയുടെ ക്രൂരമായ ശക്തി വർധിപ്പിച്ചതായി അന്താരാഷ്ട്ര ശാസ്ത്ര സംഘം കണ്ടെത്തി.
കാറ്റിന്റെ പരമാവധി വേഗതയിൽ 7ശതമാനവും അതിശക്ത മഴയുടെ വേഗതയിൽ 16 ശതമാനവും കാലാവസ്ഥാ വ്യതിയാനം വർധിപ്പിച്ചതായി യു.എസ്, യു.കെ, സ്വീഡൻ, ഡൊമിനിക്കൻ റിപ്പബ്ലിക്, നെതർലാൻഡ്‌സ്, ജമൈക്ക, ക്യൂബ എന്നിവിടങ്ങളിൽ നിന്നുള്ള 20 ഗവേഷകരുടെ കൂട്ടായ്മയായ ‘വേൾഡ് വെതർ ആട്രിബ്യൂഷൻ’ പുറത്തുവിട്ടു.
കാറ്റഗറി അഞ്ചിൽ ഒരു ചുഴലിക്കാറ്റായി മാറി 185 മൈൽ വേഗതയിൽ വീശിയടിച്ചപ്പോൾ ദ്വീപ് രാഷ്ട്രമായ ജമൈക്കയിൽ വ്യാപകമായ നാശമാണ് ഉണ്ടായത്. കൊടുങ്കാറ്റ് വീടുകൾ, ബിസിനസുകൾ, വിളകൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെ നശിപ്പിച്ചു.
ദ്വീപ് രാജ്യത്തിന്റെ ജി.ഡി.പിയുടെ മൂന്നിലൊന്ന് ഭാഗത്തിന് തുല്യമായ നാശനഷ്ടങ്ങൾ കണക്കാക്കുന്നു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഹെയ്തിയിലും വരെ അത് നാശനഷ്ടങ്ങൾ വരുത്തി. ഇതിന്റെ ഫലമായി 61 പേരെങ്കിലും മരിച്ചു.


