ഇനിയവർ തൊഴിലെടുക്കട്ടെ
text_fieldsരാവന്തിയോളം വലയെറിഞ്ഞ് കുടുംബം പോറ്റുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവോളം ആഹ്ലാദിക്കാം. ഇത് അവരുടെ മാത്രം വിജയമാണ്. ഭീഷണികൾക്കുമുന്നിൽ പതറാതെ, ഉദ്‌ഘാടനം പോലും നടത്താൻ അനുവദിക്കാതെവർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ നേടിയ വിജയം. എങ്കിലും കായലോരത്തെ വില്ലനു മുകളിൽ ബുൾഡോസർ കരങ്ങൾ പതിയുമ്പോൾ, ചില സംശയങ്ങൾ ഇനിയും ബാക്കിയാണ്..
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെയാണ് കാപികോ റിസോർട്ടും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ നിർണായക വിധിവന്നത്. കണ്ണു ചിമ്മുന്ന വേഗത്തിൽ ഫ്ലാറ്റുകൾ മണ്ണടിഞ്ഞതുപോലെ കാപികോയും മണ്ണടിയുമോ? രണ്ടുവർഷം മുമ്പ് 'മാധ്യമം' ആഴ്ചപ്പതിപ്പിലൂടെ ഉയർത്തിയ ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിനുമേൽ കെട്ടിയുയർത്തിയ 'കായൽ കൊള്ള'ക്കാരുടെ കായൽ കൈയേറ്റം പൊളിഞ്ഞുതുടങ്ങിയിരിക്കുന്നു. രാവന്തിയോളം വലയെറിഞ്ഞു കുടുംബം പോറ്റുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവോളം ആഹ്ലാദിക്കാം. ഇത് അവരുടെ മാത്രം വിജയമാണ്. ഭീഷണികൾക്കുമുന്നിൽ പതറാതെ, ഉദ്‌ഘാടനം പോലും നടത്താൻ അനുവദിക്കാതെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ നേടിയ വിജയം. കായലോരത്തെ വില്ലനായ സെവൻ സ്റ്റാർ വില്ലകൾക്ക് മേലെ ബുൾഡോസറുകൾ പതിയുമ്പോൾ, ചില സംശയങ്ങൾ ബാക്കിയാണ്. തീരദേശ പരിപാലന നിയമവും പ്രതിഷേധങ്ങളും മറികടന്ന് ആരായിരുന്നു നിർമാണത്തിന് അനുമതി നൽകിയത്? ആരൊക്കെയായിരുന്നു ഇതിനുപിന്നിൽ? സർക്കാറിന്റെ മൗനാനുവാദം ഉണ്ടായിരുന്നോ? നിർമാണത്തിന് പണം കണ്ടെത്തിയത് എങ്ങനെ? കൊള്ളക്കാർക്ക് കൂട്ടുനിന്നവരെ ശിക്ഷിക്കേണ്ടേ? തൊഴിലാളികളുടെ അടുത്ത പോരാട്ടം ഇനി നിയമലംഘനത്തിന് കൂട്ടുനിന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനായിരിക്കും.
പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട്
തിരികെയെത്തട്ടെ വേമ്പനാടിന്റെ ജൈവസമ്പത്ത്
അപൂര്‍വ ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലമാണ് കണ്ണിന് കുളിർമ നൽകുന്ന വേമ്പനാട്ടുകായൽ. കരിമീനും കക്കയും ചെമ്മീനും പൂമീനും സമൃദ്ധമായി ലഭിക്കുന്ന ഒരേയൊരു ഇടം. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മനോഹര കാഴ്ചകൾ. ഒരു കലണ്ടറടിച്ച് ചുമരിൽ തൂക്കാന്‍ പറ്റിയ അത്രയേറെ നയനവിസ്‌മയങ്ങളുണ്ട് വേമ്പനാട്ട് കായലില്‍. എന്നാൽ, അതെല്ലാം കൊന്നൊടുക്കാൻ മാത്രം ശക്തിയാർജിച്ചായിരുന്നു കായൽ കൊള്ളക്കാർ ഇവിടം നിലയുറപ്പിച്ചത്. റിസോർട്ട് ഭീമന്മാർ ഒറ്റയടിക്ക് വിഴുങ്ങാൻ നോക്കിയ കായൽ സൗന്ദര്യമാണ് സുപ്രീംകോടതിയുടെ ഇടപെടൽ മൂലം തകർന്നുതരിപ്പണമാകുന്നത്.
ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി കാപികോ റിസോർട്ട് പൊളിക്കാൻ ഉത്തരവിട്ട 2013ലെ ൈഹകോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ആർ.എഫ്. നരിമാൻ, വി. രാമസുബ്രഹ്മണ്യം എന്നിവരാണ് കാപികോ ഉടമകൾ നൽകിയ ഹരജി തള്ളി പൊളിക്കാനുള്ള വിധി ശരിവെച്ചത്. കോടതി ഉത്തരവ് വന്നിട്ടും, റിസോർട്ട് നിലനിർത്താൻ പല തന്ത്രങ്ങളും നടന്നിരുന്നു. സർക്കാർ പലതവണ ഈ നിയമലംഘനത്തിനുമുന്നിൽ കണ്ണടച്ചു. ഒടുവിൽ രണ്ടുവർഷത്തിനുശേഷമാണ് ജില്ല ഭരണകൂടം റിസോർട്ട് ഏറ്റെടുത്ത്, പൊളിക്കൽ നടപടി ആരംഭിച്ചത്. ആറുമാസം കൊണ്ട് പരിസ്ഥിതിക്ക് ദോഷമാകാത്ത വിധം പൊളിച്ചുനീക്കണമെന്നാണ് നിർദേശം. റിസോർട്ട് ഉടമകൾ തന്നെ പൂർണചെലവും വഹിക്കും.
കെട്ടിടഭാഗങ്ങൾ പുനരുപയോഗിക്കുന്ന വിധമുള്ള പ്ലാൻ പ്രകാരം റിസോർട്ട് നടത്തിപ്പുകാർ തന്നെയാണ് പൊളിക്കുന്നത്. കലക്ടർ വി.ആർ. കൃഷ്ണ തേജ എത്തി പൊളിക്കൽ നടപടി തുടങ്ങി. 35,900 ചതുരശ്രയടി കെട്ടിടമാണ് പൊളിക്കുന്നത്. കെട്ടിടങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 320 കോടിയിലേറെ രൂപയാണ് വേമ്പനാട്ട് കായലിലെ ദ്വീപിൽ മുടക്കിയതെന്നാണ് വിവരം. വായു പരിശോധനയും നിശ്ചിത ഇടവേളകളിൽ നടത്തും. ശബ്ദമലിനീകരണം കുറക്കാനാണ് സ്ഫോടനം ഒഴിവാക്കിയത്. കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടര്‍ സ്ഥലം സര്‍ക്കാർ ഏറ്റെടുക്കുകയും ചെയ്തു.
എല്ലാം തുടങ്ങുന്നത് ഇങ്ങനെ
പാണാവള്ളി പഞ്ചായത്തില്‍പ്പെടുന്ന രണ്ടു കായൽതുരുത്തുകളാണ് വെറ്റിലത്തുരുത്തും നെടിയതുരുത്തും. തീരദേശ പരിപാലനനിയമം ബാധകമായ പ്രദേശമാണിത്. 'വാമിക' ഐലന്‍ഡ് റിസോര്‍ട്ട്, കാപികോ റിസോര്‍ട്ട് എന്നീ കമ്പനികള്‍ ഈ തുരുത്തുകളില്‍ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. 2000ത്തിൽ ഈശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പാണ് നെടിയംതുരുത്തിൽ ഭൂമി വാങ്ങുന്നത്. പിന്നീട് 2007 ഫെബ്രുവരി 14ന് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം കാപികോ ഗ്രൂപ്പിന് കൈമാറി. സിംഗപ്പൂര്‍ കമ്പനിയായ 'ബനിയന്‍ ട്രീ'യാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍. കുവൈത്ത് കമ്പനിയായ കാപികോയും കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റും ചേര്‍ന്ന് രൂപവത്കരിച്ച കാപികോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് റിസോര്‍ട്ടിന്റെ പ്രൊമോട്ടര്‍മാര്‍.
2006ൽ ചെമ്മീന്‍കൃഷിയും പൊക്കാളി നെല്‍കൃഷിയും നടത്തിയിരുന്ന വാറ്റുചാല്‍ പ്രദേശം മണ്ണും പൂഴിയും നിറച്ച് നികത്തിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സി.പി.എം പാണാവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിര്‍മാണാനുമതി നൽകിയത്. തങ്ങള്‍ക്ക് അതിന് അധികാരമില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പദ്ധതിക്ക് അനുമതി നല്‍കുന്നതും. 2007 ഒക്ടോബർ 5ന് റിസോർട്ട് നിർമാണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുകയും വെറും അഞ്ചുദിവസം കൊണ്ട് പഞ്ചായത്ത് നിർമാണാനുമതി നൽകുകയുമായിരുന്നു. സി.പി.എമ്മാണ് ഇപ്പോഴും പഞ്ചയാത്ത് ഭരിക്കുന്നത്. നിര്‍മാണാനുമതി ലഭിച്ചതിനെത്തുടര്‍ന്ന് കായല്‍നികത്തി കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഊന്നിവലത്തൊഴിലാളികളുടെ ജോലി തടസ്സപ്പെട്ടു. ഇതോടെ, ഊന്നിവലത്തൊഴിലാളികള്‍ പരാതിയുമായി മുന്നോട്ടുവരുകയും സമരം നടത്താൻ തീരുമാനിക്കുകയും സംഭവം വിവാദമായി മാറുകയും ചെയ്‌തു.
റിസോർട്ടിന്റെ ഒരു ഭാഗം പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിലാണ്. എറണാകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വിദേശികളെ റോഡ് മാർഗം എത്തിച്ച് പുരവഞ്ചിയിൽ റിസോർട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു പദ്ധതി. റൂമിന് 55,000 രൂപ പ്രതിദിനം വാടക പ്രതീക്ഷിച്ചിരുന്നു. കമ്പനിക്കായി 1600 കിലോവാട്ടിന്റെ രണ്ടു ട്രാൻസ്‌ഫോർമർ, 1010 കിലോവാട്ടിന്റെ രണ്ടു ജനറേറ്റർ, 750 ടണ്ണിന്റെ മൂന്ന് ചില്ലർ യൂനിറ്റ്, 11 ബഗി വാൻ, വടുതലയിൽനിന്നും സഞ്ചാരികളെ എത്തിക്കാൻ വിദേശനിർമിത ബോട്ടുകൾ എന്നിവ എത്തിച്ചിരുന്നു. നിയമം ലംഘിച്ച് 18 ഡബ്ള്‍ പൂള്‍ വില്ലകളും 19 ഡീലക്സ് വില്ലകളും 23 സിംഗിൾ പൂള്‍ വില്ലകളും ഒരു പ്രസിഡന്‍ഷ്യല്‍ വില്ലയും ആയുര്‍വേദ ചികിത്സക്കായി മൂന്നു പ്രത്യേക സ്പാ വില്ലയും 8018 സ്ക്വയര്‍ മീറ്ററില്‍ ഓഫിസ് ബില്‍ഡിങ്ങുമാണ് കാപികോ റിസോര്‍ട്ട് പണിതുയര്‍ത്തിയത്. കായലിനടിയിലൂടെ വൈദ്യുതിലൈന്‍ വലിച്ചതും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി.
കോടതി കയറിയ നിയമലംഘനങ്ങള്‍
പാണാവള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളി എ.കെ. സൈലനാണ് ആദ്യമായി ചേർത്തല മുനിസിഫ് കോടതിയിൽ പരാതി നൽകുന്നത്. പിന്നീട് മത്സ്യത്തൊഴിലാളി സംഘടനകളടക്കം രംഗത്തുവരുകയും ഹൈകോടതിയിലേക്കും സുപ്രീംകോടതിയിലേക്കും കേസുകൾ നീളുകയും ചെയ്തു. റിസോര്‍ട്ടുകളെ പ്രതിചേര്‍ത്ത് കായല്‍ കൈയേറിയെന്നും തീരപരിപാലന നിയമം ലംഘിച്ചുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഏഴു ഹരജികളില്‍ 2013ൽ കേരള ഹൈകോടതി വിധി പറഞ്ഞു.
തീരദേശപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. നിര്‍മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. തീരദേശ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാതെയും അതോറിറ്റിയില്‍നിന്ന് അനുമതി വാങ്ങാതെയുമാണ് നിര്‍മാണമെന്ന് കോടതി വിലയിരുത്തി. റിസോര്‍ട്ട് നിര്‍മാണത്തിനായി 2.04 ഏക്കര്‍ കായല്‍ നികത്തിയതായി ജില്ല കലക്ടര്‍ കണ്ടെത്തിയിരുന്നു. പിന്നീടാണ് 2013 സെപ്റ്റംബറില്‍ ഇതിനെതിരെ റിസോര്‍ട്ടുടമകള്‍ ഹൈകോടതിയില്‍ പുനഃപരിശോധന ഹരജി നൽകുന്നത്. ഇതോടൊപ്പം റിസോര്‍ട്ട് പൊളിച്ചുമാറ്റുമ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും അതിനു പരിഹാരം കണ്ടതിനുശേഷമേ പൊളിക്കാവൂ എന്നും ആവശ്യപ്പെട്ട് മറ്റുചിലരും ഹൈകോടതിയെ സമീപിച്ചു. തുടര്‍ന്ന് റിസോര്‍ട്ട് പൊളിക്കുന്നതിനുമുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടു. റിസോര്‍ട്ട് പൊളിച്ചുമാറ്റാം എന്നായിരുന്നു പഠനം നടത്തിയ സമിതിയുടെയും റിപ്പോർട്ട്. ഇതിനിടയില്‍ കാപികോയുടെ തൊട്ടടുത്ത് നിര്‍മിച്ച വാമിക റിസോര്‍ട്ടിനെതിരെയും നിയമനടപടി തുടങ്ങിയിരുന്നു. വാമിക ഗ്രൂപ്പ് സമർപ്പിച്ച പ്രത്യേക ഹരജി പരിഗണിക്കവെ സുപ്രീംകോടതി ചില നിരീക്ഷണങ്ങൾ നടത്തുകയും, കാപികോ റിസോര്‍ട്ടും വാമികയുടെ റിസോര്‍ട്ടും നിയമലംഘനം നടത്തിയിട്ടുണ്ടെന്നും രണ്ടും ഉടന്‍ പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്ത് കാപികോ സുപ്രീംകോടതിയെ സമീപിച്ചു. കാപികോയുടെ ഭാഗം കേള്‍ക്കാനായി പൊളിക്കലിന് സുപ്രീംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. നിരവധിതവണ കോടതിയെ സമീപിച്ചെങ്കിലും ആദ്യമായിട്ടാണ് കാപികോക്ക് സ്റ്റേ ലഭിച്ചത്. അതിനിടയിൽ വാമിക പൊളിക്കുകയും ഉന്നത സ്വാധീനം ഉപയോഗിച്ച് കാപികോ രക്ഷപ്പെടുകയും ചെയ്തു.
പണം മുടക്കിയത് കെ.എസ്.ഐ.ഡി.സി
റിസോര്‍ട്ട് നിര്‍മാണത്തിന് പണം മുടക്കിയത് കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍) ഉള്‍പ്പെടുന്ന ധനകാര്യസ്ഥാപനങ്ങളുടെ കണ്‍സോർട്യമാണ്. എസ്.ബി.ഐ, എസ്.ബി.ടി, യൂനിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നിവരാണ് കണ്‍സോർട്യത്തിലെ അംഗങ്ങള്‍. ആകെയുള്ള മുതല്‍മുടക്കിൽ 172 കോടി കണ്‍സോർട്യവും 115 കോടി കാപികോയും റോയ് എം. മാത്യുവും രത്നമ്മ ഈശ്വരനും ബനിയന്‍ ട്രീ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടുമാണ് മുടക്കിയത്. വായ്പ തിരിച്ചടച്ചിട്ടില്ലെന്നാണ് ബാങ്കുകളിൽനിന്നുള്ള വിവരം. 2012ൽ ഗ്രൂപ് പാണാവള്ളി പഞ്ചായത്തിൽ കെട്ടിടനികുതിയായി അടച്ചത് 38.74 ലക്ഷം രൂപ. കെട്ടിട നമ്പറിനായാണ് നികുതിയടച്ചത്. ദിവസം നാലുലക്ഷം ലിറ്റർവെള്ളമാണ് റിസോർട്ടിന്റെ പ്രവർത്തനത്തിനു കണക്കാക്കിയിരുന്നത്. കാപികോ നടത്തിയ നിയമലംഘനങ്ങള്‍ക്കെല്ലാം കെ.എസ്.ഐ.ഡി.സിയും ഉത്തരം പറയേണ്ടതായും വരും.
കാപികോയുടെ പദ്ധതിപ്രദേശംപോലും സന്ദര്‍ശിക്കാതെയാണ് കെ.എസ്.ഐ.ഡി.സി ധനസഹായം അനുവദിച്ചത്. കൂടാതെ, നിര്‍മാണത്തിന് തീരദേശ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല എന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് മറികടക്കാനും മടിച്ചില്ല. കെ.എസ്.ഐ.ഡി.സി കാപികോ റിസോര്‍ട്ട് നിര്‍മാണത്തിന് പണം നല്‍കുന്നത് അതേ ഭൂമിയുടെതന്നെ പണയ ഉറപ്പിലാണ്. 12 ശതമാനം പലിശക്ക് നല്‍കിയ ലോണ്‍ 36 തുല്യഗഡുക്കളായി അടക്കണമെന്നാണ് വ്യവസ്ഥ. പദ്ധതി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമോ ലോണ്‍ അനുവദിച്ച് രണ്ടരവര്‍ഷം പൂര്‍ത്തിയാവുകയോ ഏതാണോ ആദ്യം വരുന്നത് ആ സമയത്ത് തിരിച്ചടവ് ആരംഭിക്കണമെന്നാണ് വ്യവസ്ഥ.
പൊളിക്കാൻ വൈകിപ്പിച്ച് സർക്കാർ
റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധം ശക്തമായിരുന്നു. വേമ്പനാട്ട് കായലില്‍ കൈയേറ്റം വ്യാപകമാണെന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സര്‍ക്കാര്‍, കാപിേകാ റിസോര്‍ട്ട് അടക്കമുള്ള വില്ലകള്‍ നിര്‍മിച്ചതിൽ നടപടിയെടുത്തില്ല. പുറമ്പോക്കുഭൂമി കൈയേറിയതുൾപ്പെടെയുള്ള പരാതികളിലും നടപടിക്ക് സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് പ്രതിഷേധങ്ങൾക്ക് കാരണം. റിസോര്‍ട്ടിന് പിഴ ചുമത്തി നിര്‍മാണാനുമതി നല്‍കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണമുയർന്നു. 2013 ഫെബ്രുവരിയില്‍ ആലപ്പുഴ സര്‍വേ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആലപ്പുഴ ജില്ല കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കേരള ഭൂസംരക്ഷണ നിയമപ്രകാരം റിസോര്‍ട്ട് ഉടമകളുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ചേര്‍ത്തല അഡീഷനല്‍ തഹസില്‍ദാര്‍ക്ക് ആലപ്പുഴ ആര്‍.ഡി.ഒ 2013 സെപ്‌റ്റംബര്‍ ആറിന് വീണ്ടും ഉത്തരവ് നല്‍കിയെങ്കിലും നടപ്പായില്ല. റിസോര്‍ട്ട് പൊളിക്കാനായി ആലപ്പുഴ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തയാറാക്കിയ എസ്റ്റിമേറ്റ് ജില്ല കലക്ടര്‍ സര്‍ക്കാറിനു നല്‍കുകയുമുണ്ടായി. 12,03,500 രൂപയും പത്തുമാസത്തെ സമയവുമാണ് കലക്ടര്‍ റിസോര്‍ട്ട് പൊളിച്ചുമാറ്റാനുള്ള നിര്‍ദേശമായി സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ചത്. സര്‍ക്കാറിന്റെ പക്കല്‍
പൊളിക്കാനുള്ള പണമില്ലെന്നു പറഞ്ഞാണ് സ്റ്റേ ലഭിക്കുന്നതുവരെ റിസോര്‍ട്ട് പൊളിക്കല്‍ നീട്ടിക്കൊണ്ടുപോയത്. അനധികൃത നിര്‍മാണത്തിനെതിരെ പരാതിയുയര്‍ന്നപ്പോഴൊക്കെയും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമലംഘകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നൽകിയപ്പോഴും റിസോര്‍ട്ട് നിയമം ലംഘിച്ചെന്നും പൊളിക്കണമെന്നും പറയാന്‍ വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് മുന്നോട്ടുവന്നത്.