Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightചിറാപുഞ്ചിയെയും...

ചിറാപുഞ്ചിയെയും മൗസിൻറാമിനെയും ഓർമിപ്പിച്ച് തംഹിനി; 72 മണിക്കൂറിനിടെ പെയ്തത് 1,635 മില്ലിമീറ്റർ മഴ

text_fields
bookmark_border
ചിറാപുഞ്ചിയെയും മൗസിൻറാമിനെയും ഓർമിപ്പിച്ച് തംഹിനി; 72 മണിക്കൂറിനിടെ പെയ്തത് 1,635 മില്ലിമീറ്റർ മഴ
cancel

മുംബൈ: മഹാരാഷ്ട്രയിലെ തംഹിനി ഘട്ടിൽ 72 മണിക്കൂറിനിടെ തകർത്ത് പെയ്തത് 1,635 മില്ലിമീറ്റർ മഴ. 'മഹാരാഷ്ട്രയുടെ ചിറാപുഞ്ചി' എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇത്തവണ ലഭിച്ച മഴയുടെ അളവ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ മേഘാലയിലെ ചിറാപുഞ്ചിയെയും മൗസിൻറാമിനെയും പോലും ഓർമിപ്പിക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം മഴ പെയ്തത്.

പൂനെ ജില്ലയിലെ മുൽഷി താലൂക്കിലുള്ള പ്രകൃതിരമണീയമായ പ്രദേശമാണ് തംഹിനി ഘട്ട്. ഏകദേശം 15 കിലോമീറ്റർ നീളമുള്ള തംഹിനി ഘട്ട് പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണ്. മുൽഷിയെ കൊങ്കൺ തീരപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ മലമ്പാത വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, നിബിഡവനങ്ങൾ എന്നിവകൊണ്ട് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. എന്നാൽ മൺസൂൺ ശക്തമായതോടെ ഇവിടെ അസാധാരണമായ മഴയാണ് രേഖപ്പെടുത്തുന്നത്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ ഗവേഷണ-സേവന വിഭാഗത്തിലെ ശാസ്ത്രജ്ഞനായ എസ്. ഡി. സനപ് എക്‌സിൽ പങ്കുവെച്ച വിവരമനുസരിച്ച്, ജൂലൈ 8-ന് 24 മണിക്കൂറിനുളളിൽ 525 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ ഈ മൺസൂൺ സീസണിലെ ആകെ മഴ 2,939 മില്ലിമീറ്ററിലെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും യഥാക്രമം 580, 530, 525 മില്ലിമീറ്റർ വീതം മഴ ലഭിച്ചതോടെയാണ് 72 മണിക്കൂറിൽ 1,635 മില്ലിമീറ്റർ എന്ന അപൂർവ നേട്ടം കൈവന്നത്.

2024-ൽ തംഹിനി ഘട്ടിൽ 9,644 മില്ലിമീറ്ററും 2025-ൽ 10,020 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ വർഷങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നതിനാൽ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായി തംഹിനി മാറിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. കാലാവസ്ഥാ നിരീക്ഷകൻ നവീൻ റെഡ്ഡി, "72 മണിക്കൂറിൽ 1,635 മില്ലിമീറ്റർ മഴ ലഭിച്ചിട്ടും മഴക്ക് ശമനമില്ല. തുടർച്ചയായി മൂന്ന് ദിവസവും 500 മില്ലിമീറ്ററിലധികം മഴ ലഭിച്ച നേട്ടം ഈ വർഷം മൗസിൻറാമിനും ചിറാപുഞ്ചിക്കും പോലും കൈവരിക്കാനായിട്ടില്ല," എന്ന് എക്‌സിൽ കുറിച്ചു.

അസാധാരണമായ മഴയെ തുടർന്ന് പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ അതിശക്തമായ ഒഴുക്കിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത തടസ്സം എന്നിവക്ക് സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കാലാവസ്ഥാ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Show Full Article
TAGS:Maharashtra rainy season monsoon rain Record Rain Environment 
News Summary - Tamhini reminds Cherrapunji and Mawsynram; 1,635 mm of rain fell in 72 hours
Next Story