കാടും കുറേ കാട്ടു കള്ളന്മാരും
text_fieldsപ്രതീകാത്മക ചിത്രം
ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ ദേശീയ വന്യജീവി വാരം ആചരിക്കുകയാണ്. വനവും വനവിഭവങ്ങളുടെ കള്ളക്കടത്തിനെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും അതിനുള്ളിൽ അറിയാക്കഥകൾ പലതുമുണ്ട്. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ലേഖകൻ
വന്യജീവി കള്ളക്കടത്തെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാൻ വരട്ടെ. പാവം വന്യജീവികളുടെ പേരിലാണെങ്കിലും ഇന്ന് ലഹരി മരുന്നുകൾ, ആയുധങ്ങൾ, മനുഷ്യക്കടത്ത് എന്നിവയോടൊപ്പം തന്നെ അന്താരാഷ്ട്രതലത്തിൽ അനധികൃതമായി അമ്പരപ്പിക്കുന്ന തുകകൾ വിപണനം ചെയ്യപ്പെടുന്ന ഒന്നാണിത്. പ്രതിവർഷം ഏതാണ്ട് ആയിരം കോടിക്കും രണ്ടായിരം കോടിക്കും ഇടക്കുവരും ഇതിന്റെ വിപണനം.
ലോകത്തെ വിവിധ രാജ്യങ്ങളിൽ സജീവമായിരിക്കുന്ന കള്ളക്കടത്ത് റാക്കറ്റുകളിലൂടെ വന്യജീവികളും അവയുടെ വിവിധങ്ങളായ ഉൽപന്നങ്ങളും കൈമാറ്റം ചെയ്ത് അവസാനം ചെന്നെത്തുന്നത് മുഖ്യമായും ചൈനയിലെയും വിയറ്റ്നാമിലെയും ഒക്കെ കമ്പോളങ്ങളിലാണ്. ഈനാംപേച്ചിക്കും കാണ്ടാമൃഗത്തിന്റെ കൊമ്പിനും (Rhino horn -നമ്മുടെ നഖത്തിലും മുടിയിലും മറ്റും അടങ്ങിയിട്ടുള്ള കെരാറ്റിൻ എന്ന മാംസ്യംകൊണ്ടാണ് ഈ കൊമ്പ് നിർമിക്കപ്പെട്ടിട്ടുള്ളത്) കടുവയുടെ എല്ലുകൾക്കും (Tiger bones) എന്തിന് ജനനേന്ദ്രിയത്തിനുപോലും (Tiger penis) പകരം വെക്കാനില്ലാത്ത ‘ലൈംഗിക ഉത്തേജനം’ (Aphrodisiac) എന്ന ലേബൽ ചാർത്തിക്കൊടുക്കുമ്പോൾ ആവശ്യക്കാരേറുന്നുവെന്നതാണ് രസകരമായ വസ്തുത. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതുപോലും ചൈനയിലെ വുഹാനിലെ (Wuhan) ഇത്തരമൊരു വന്യജീവി മാർക്കറ്റിൽ നിന്നായിരുന്നുവെന്നത് ഇവിടെ ഓർക്കുമല്ലോ.
കണ്ടെത്താനുള്ള ബുദ്ധിമുട്ട്
ഉദ്യോഗസ്ഥർക്ക് ഈ കള്ളക്കടത്തുകാരെ കൈയോടെ പിടികൂടുന്നതിൽ വലിയ ബുദ്ധിമുട്ടുകളാണുള്ളത്. അതിൽ പ്രധാനം വിശ്വസ്തരായ സഹചാരികളുടെ അല്ലെങ്കിൽ ഇടനിലക്കാരുടെ സാന്നിധ്യത്തിലല്ലാതെ കള്ളക്കടത്തുകാർ ‘ചരക്കുകൾ’ പുറത്തെടുക്കുകയില്ലെന്നതാണ്. ഏറെ നേരത്തെ അനുനയങ്ങൾക്കും പ്രലോഭനങ്ങൾക്കും ശേഷമാകും പലപ്പോഴും അവർ സാധനം കാണിച്ചുതരാൻ തന്നെ തയാറാകുന്നത്. അതിനുപോലും കള്ളക്കടത്തുകാർ തയാറാകാതെ വരുമ്പോൾ വേഷം മാറിയെത്തുന്ന അന്വേഷണോദ്യോഗസ്ഥർ ഉദ്യമം ഉപേക്ഷിച്ച് മടങ്ങേണ്ട അവസ്ഥ സംജാതമാകുന്നതും വിരളമല്ല. മിക്കയവസരങ്ങളിലും കച്ചവടമുറപ്പിച്ചതിനും കാശ് മുൻകൂർ കണ്ടുബോധിച്ചതിനും ശേഷമാണ് ജീവനുള്ളതും അല്ലാത്തതുമായ ‘കള്ളക്കടത്ത് ഉരുപ്പടികൾ’ അവർ പുറത്തെത്തിക്കുക. കച്ചവടം ഉറപ്പിക്കുന്ന സ്ഥലത്ത് തൊണ്ടിമുതൽ സൂക്ഷിക്കുക പതിവില്ല.
പെട്ടെന്ന് നടത്തുന്ന റെയ്ഡുകൾകൊണ്ട് ഒളിപ്പിച്ചുവെച്ച വന്യജീവികളെയും അവയിൽ നിന്നുള്ള ഉൽപന്നങ്ങളും കണ്ടെത്തുന്ന കാര്യം വിഷമകരമാണ്. കച്ചവടക്കാരോടോ വേട്ടക്കാരോടോ പരിചയിച്ചും അനുനയപ്പെട്ടും തൊണ്ടി സാധനം ഒളികേന്ദ്രങ്ങളിൽനിന്ന് പുറത്തെത്തിച്ചും അവയുടെ മൗലികത (Originality) കണ്ടുബോധ്യപ്പെട്ടതിനുശേഷവും നടത്തുന്ന ‘ഓപറേഷനുകൾ’ (Undercover operations) മാത്രമേ വിജയിക്കുകയുള്ളൂ. പലവിധത്തിലുള്ള വഞ്ചനയും ചതിയും നിലനിൽക്കുന്ന സ്ഥലങ്ങളാണ് ലക്ഷങ്ങളും കോടികളും വിലപറയുന്ന ഇത്തരം വിപണികൾ. മിക്ക ജിവികൾക്കും അവയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കള്ളക്കടത്തുകാർക്കിടയിൽ ഒരോ കോഡുകൾ (പേരുകൾ) നിലവിലുണ്ട്. അവർ അതുപയോഗിച്ചാണ് കച്ചവടക്കാരോട് ആശയവിനിമയം നടത്തുന്നതും. അവയിൽ ചിലത് പരിചയപ്പെടുന്നത് കൗതുകകരമായിരിക്കും.
ആനക്കൊമ്പ് (കോഡ്: സിഗരറ്റ് അഥവാ ട്യൂബ്)
വന്യജീവി കള്ളക്കടത്തിൽ ഏറ്റവും പ്രധാനം ആനക്കൊമ്പാണ്. തിരുവനന്തപുരംപോലുള്ള നഗരങ്ങളിൽ ആനക്കൊമ്പുകളിലും ചന്ദനത്തിലും വിഗ്രഹങ്ങളും കൊത്തുപണികളും ചെയ്യുന്ന അനേകം ആളുകൾ ഉണ്ടായിരുന്നു. ആനക്കൊമ്പിന്റെ ആകൃതി മനസ്സിൽക്കണ്ടായിരിക്കും ആ ‘ഭാവനാശാലികൾ’ അതിന് സിഗരറ്റെന്നും ട്യൂബെന്നും പേരുകൾ നൽകിയിട്ടുണ്ടാവുക.
‘മോഴകൾ’ അഥവാ ‘മഖ്ന’കൾ (makna) ഒഴികെയുള്ള ആണാനകൾക്ക് മോണയിലെ രണ്ടാമത്തെ ജോടി ഉളിപ്പല്ലുകൾ വളർന്നാണ് കൊമ്പുകളാകുന്നത്. അപൂർവമായെങ്കിലും ഇന്ത്യൻ ആനകൾക്ക് 45 കിലോഗ്രാമോളം ഭാരമുള്ള കൊമ്പുകൾ വരെ കണ്ടിട്ടുണ്ട്. സാധാരണയായി കള്ളക്കടത്തിൽ വിൽപനക്കെത്തുന്ന കൊമ്പുകളിൽ കണ്ടിട്ടുള്ളത് 25-30 കിലോഗ്രാം വരെ വരുന്ന കൊമ്പുകളാണ്. നാട്ടാനകളുടെ കൊമ്പുകൾ കള്ളക്കടത്തുകാർക്കിടയിൽ ‘ജീവദന്തം’ എന്നാണ് അറിയപ്പെടുന്നത്. ആനക്കൊമ്പ് കച്ചവടം ലോകമാകെ നിരോധിച്ചിട്ടുള്ളതിനാലും ഇന്ത്യയിൽ അതിനെതിരെ കർശനനിയമങ്ങൾ നിലവിലുള്ളതിനാലും വന്യജീവി ഉൽപന്നങ്ങൾക്കും കൃത്യമായി വില മതിക്കാനാവില്ല.
കടുവാത്തോലും പുലിത്തോലും (കോഡ്: വരയും പുള്ളിയും)
ഈ മൃഗങ്ങളുടെ തോലിന് ഉടുപ്പെന്നും അവയുടെ ശരീരത്തിലുള്ള അടയാളങ്ങൾക്ക് വരയെന്നും പുള്ളിയെന്നും പേരുനൽകാൻ പ്രബുദ്ധരായ മലയാളി കള്ളക്കടത്തുകാർക്കേ കഴിയൂ. കടുവകളും പുലികളും ഇന്ത്യയിൽ തോലിനും നഖങ്ങൾക്കുമായാണ് മുഖ്യമായും വേട്ടയാടപ്പെടുന്നത്. ഉത്തരേന്ത്യയിലെ വേട്ടക്കാർ അധികവും പിണച്ചുവെച്ച കാരിരുമ്പുകെണികളിൽ കടുവയെപ്പെടുത്തി കൂർത്തവടികൾ വായയിലൂടെ കടത്തി ക്രൂരമായി കുത്തിക്കൊല്ലുകയാണ് പതിവ്.
തോലിൽ ദ്വാരങ്ങളും കിഴുത്തകളും വീണ് വില നഷ്ടമാകാതിരിക്കാനാണ് അവർ ഈ ക്രൂരകൃത്യത്തിന് മുതിരുന്നത്. എന്നാൽ, ഇത്തരം മൃഗങ്ങൾ നായാടിയ കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങൾ വിഷലിപ്തമാക്കിയും ശേഷിക്കുന്ന മാംസം കഴിക്കാനെത്തുന്ന ഹിംസ്രമൃഗങ്ങളെ പതിയിരുന്നു വെടിവെച്ചും ഒക്കെയാണ് വേട്ടകൾ നടക്കുന്നത് എന്നത് പച്ചയായ ഒരു സത്യവുമാണ്.
മനുഷ്യവാസ മേഖലയുമായി സമരസപ്പെട്ട് കിടക്കുന്നതാണ് പുലികളുടെ ആവാസ വ്യവസ്ഥ. നിരത്തുകളിലെ സ്ഥിരസാന്നിധ്യങ്ങളായ തെരുവുപട്ടികളും എന്തിന് അടിഞ്ഞുകൂടുന്ന കോഴിക്കടകളിലെ ‘വേസ്റ്റ്’ വരെ പുലികളെ ആകർഷിക്കാറുള്ളതായി കണ്ടിട്ടുണ്ട്. മുംബൈ പോലുള്ള വൻനഗരങ്ങളുടെ പ്രാന്തങ്ങളിൽപ്പോലും പുലികളുടെ സാന്നിധ്യം കണ്ടുവരുന്നതും അതുകൊണ്ടുതന്നെയാണ്.
നീളത്തിന് ‘അടി’ ക്കണക്കിനാണ് സാധാരണ തോലുകൾക്ക് വില പറയുക പതിവ്. ഇതിൽത്തന്നെ വരക്കാണ് പുള്ളിയേക്കാളും വില ഏറിയിരിക്കുന്നത്. സാധാരണ കടുവാത്തോലിന് ഒമ്പത് അടിയോ അതിനുമുകളിലോ നീളമുള്ളപ്പോൾ പുലിത്തോലിന് അഞ്ചു മുതൽ ഏഴ്-ഏഴരയടി വരെയാണ് നീളം കാണുക. അപൂർവമായെങ്കിലും നീളം കൂടിയവയും കാണാറുണ്ട്. അടിക്കണക്കൊന്നും ഇല്ലാതെ അവിശ്വസനീയമായ മോഹവില പറഞ്ഞ് പുത്തൻ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന രീതിയും ഈ കച്ചവടത്തിൽ പ്രചാരത്തിലുണ്ട്.
ഒരിക്കൽ പുലി നഖങ്ങൾക്ക് ജോടിക്ക് ‘വലിയ വില’ പറഞ്ഞ് ആയിരത്തോളം പുലി നഖങ്ങൾ വിൽപനക്കെത്തിച്ചത് ഇപ്പോഴും ഓർമയിൽനിന്നും മാഞ്ഞിട്ടില്ല. സാധാരണ ഒരു പുലിക്ക് പതിനെട്ട് നഖങ്ങൾ (ഒരു പുലിക്ക് മുൻകാലുകളിൽ അഞ്ച് വീതവും പിൻ കാലുകളിൽ നാലും നഖങ്ങളാണുള്ളത്) എന്ന കണക്കിൽ നോക്കുമ്പോൾ ആയിരം പുലി നഖങ്ങൾക്ക് മിനിമം അമ്പത്തഞ്ച് പുലികൾ എങ്കിലും കൊല്ലപ്പെടണം.
നഖങ്ങൾ പിടിച്ചെങ്കിലും ശരിക്കും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ (RGCB) നിന്നുള്ള റിസൽട്ട് വരുന്നതുവരെ അതിന്റെ ഒറിജിനാലിറ്റിയിൽ ഞങ്ങൾക്കുതന്നെ സംശയമായിരുന്നു. പുലി നഖങ്ങൾ മാലയുടെ ചുട്ടികളായി കഴുത്തിലണിഞ്ഞ് നടക്കുന്നവർക്ക് പുരാതനകാലം മുതൽക്കു തന്നെ വീരനായകന്മാരുടെ പരിവേഷം കൽപിച്ച് നൽകിയിട്ടുണ്ടല്ലോ. പുലിനഖങ്ങൾ പലയിടങ്ങളിൽനിന്നും ബംഗളൂരുവിലെത്തുകയും അവിടത്തെയും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെയും സ്വർണക്കടകളിലും ജ്വല്ലറികളിലും തുടർന്നെത്തുകയുമാണ് പതിവെന്നാണ് രഹസ്യാന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഇരുതലമൂരി (കോഡ്: ഡബ്ൾ എൻജിനുകൾ, കയർ)
നിരുപദ്രവകാരികളായ ഈ ഉരഗങ്ങളുടെ കുറുകിയ വാല് ഏതാണ്ട് തലയെ അനുസ്മരിപ്പിക്കുന്നതാണ്. വളരെ സാവധാനം സഞ്ചരിക്കുന്ന അതിന് ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ പ്രകൃതി നൽകിയിരിക്കുന്ന ഒരനുഗ്രഹവുമാണത്. വളഞ്ഞു പുളഞ്ഞിരിക്കുന്ന ഉരഗങ്ങളെ കയറുമായി താരതമ്യം ചെയ്യുന്നത് തെറ്റെന്ന് പറയാനുമാകില്ലല്ലോ.
യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും 4.5 കിലോഗ്രാമിന് മുകളിലുള്ള ഇരുതലമൂരികൾ (Indian sand boa/ Red sand boa) എന്ന മണ്ണൂലിപ്പാമ്പുകൾക്ക് കോടികളുടെയും ശതകോടികളുടെയും വിലയാണ് കള്ളക്കടത്തുകാരുടെയിടയിൽ പറഞ്ഞുകേൾക്കുന്നത്. റേഡിയോ ആക്ടിവ് മൂലകത്തിന്റെ സാന്നിധ്യം, ലൈംഗിക ഉത്തേജനം, ധനാഗമനത്തിനുള്ള ശുഭസാന്നിധ്യം എന്നിങ്ങനെ പല സവിശേഷതകളും വിഷമില്ലാത്ത ഇവക്കും ചാർത്തിക്കിട്ടിയിട്ടുണ്ട്.
കേരളത്തിലും ഇരുതലമൂരികളെ കാണുന്നുണ്ടെങ്കിലും അവയൊക്കെ ഭാരത്തിൽ തുലോം നിസ്സാരങ്ങളാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ നക്സൽ ബാധിത പ്രദേശങ്ങളിലെ കാടുകളിൽനിന്നും നക്സലൈറ്റുകളുടെ സഹായത്തോടെ ശേഖരിച്ചുകൊണ്ടുവരുന്നതാണ് വലുപ്പം കൂടിയവ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അവിടങ്ങളിൽനിന്നും നന്നെ കുറഞ്ഞ വിലക്ക് വാങ്ങിക്കൊണ്ടുവരുന്ന ഉരഗങ്ങളെ ആഹാരം കൊടുത്ത് വളർത്തി വൻതുകക്ക് വിൽപനക്ക് തയാറാക്കുന്നതും പതിവാണ്.
ഈനാംപേച്ചികൾ (കോഡ്: ബോൾ)
ഒരുപക്ഷേ ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കള്ളക്കടത്തിന് വിധേയമാകുന്ന ജീവികളിലൊന്നാണ് ‘ഉറമ്പുതീനികൾ’ (Indian Pangolin). ഇറച്ചിക്കായുള്ള വേട്ടയിൽ തുടങ്ങി ആ ജീവിയും അതിന്റെ ശൽക്കങ്ങളും ചൈനയിലെ പരമ്പരാഗത ഔഷധക്കൂട്ടുകളിലെ അനിവാര്യമായ ചേരുവയാണെന്നും അണുവികിരണ ശേഷിയുള്ള ‘ഇറിഡിയം’ എന്ന മൂലകത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് ഏറെ അപൂർവ സിദ്ധികൾ ഉള്ളവയാണെന്നുമാണ് പ്രചാരണം.
ശരീരഭാരത്തിന്റെ അഞ്ചിലൊന്നോളം വരും ഈനാംപേച്ചിയുടെ ശൽക്കങ്ങൾ. ചെറിയ അനക്കം തട്ടിയാൽപ്പോലും ആത്മരക്ഷാർഥം പന്തിനെപ്പോലെ ചുരുണ്ടു കൂടുന്നതുകൊണ്ടാണ് അതിന് ‘ബോൾ’ എന്ന വിളിപ്പേര് കൊടുത്തിരിക്കുന്നത്; ശൽക്കങ്ങളെ സ്കെയിൽസ് (Scales) എന്നും. വംശനാശ ഭീഷണിയോളം എത്തിനിൽക്കുന്ന ഉറുമ്പുതീനികളെ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമപ്രകാരം അതീവസംരക്ഷണ പ്രാധാന്യം അർഹിക്കുന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതും. ഉറുമ്പുതീനികളുടെ സംരക്ഷണ പ്രാധാന്യത്തെക്കുറിച്ച് അറിവുനൽകാനായി എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ മൂന്നാം ശനിയാഴ്ച Pangolin day ആയി ആചരിച്ച് വരുന്നു.
വെള്ളിമൂങ്ങകൾ (കോഡ്: ബൈക്ക്)
വെള്ളിമൂങ്ങകൾക്കുള്ള (Barn owl) ഡിമാൻഡ് സമീപ വർഷങ്ങളിൽ കുറഞ്ഞുവരുന്നതായിട്ടാണ് അനുഭവം. ഇണകൾക്കായി നിരന്തരം അരോചക ശബ്ദത്തിൽ മൂളുന്നതുകൊണ്ടാണ് സ്റ്റാർട്ടാക്കി നിറുത്തിയ ബൈക്ക് എന്നർഥം വരുന്ന പേര് കണ്ടെത്തിയിരിക്കുന്നത്. ഒരുവേള വനം വകുപ്പ് മുൻകൈയെടുത്ത് നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ ഫലം ചെയ്ത് തുടങ്ങിയതുകൊണ്ടാകാം കള്ളക്കടത്തുകാരുടെ ശ്രദ്ധ ഇതിന്മേൽ അധികമായി പതിയാത്തത്.
വെള്ളിമൂങ്ങ സാധാരണയായി നമ്മുടെ തട്ടുംപുറങ്ങളിലും നാട്ടിൻപുറങ്ങളിലും യഥേഷ്ടം കാണപ്പെടുന്ന രാത്രിഞ്ചരനായ ഒരു പക്ഷിയാണ്. അമൂല്യങ്ങളായ ഒട്ടനവധി മാന്ത്രികശക്തികൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന വെള്ളിമൂങ്ങ സിനിമകളിൽപ്പോലും ദുഷ്ടശക്തികളുടെ സന്തതസഹചാരിയായാണ് ചിത്രീകരിക്കപ്പെടുന്നതെന്നോർക്കുക.
നക്ഷത്ര ആമകൾ (കോഡ്: ഫോർ വീലറുകൾ)
വിമാനത്താവളങ്ങളിലും മറ്റും വിദേശത്തേക്ക് കടത്താനായി പെട്ടിയിലും മറ്റും അടച്ചനിലയിൽ നക്ഷത്ര ആമകളുടെ (Indian star tortoise) നൂറുകണക്കിന് കുഞ്ഞുങ്ങൾ എത്താറുമുണ്ട്. നക്ഷത്ര ആമകളെ അരുമകളായി വളർത്തുന്നത് ഉടമസ്ഥന് വമ്പിച്ച ധനാഗമനത്തിന് വഴിവെക്കുമെന്നാണ് (Good luck charms) പരക്കെയുള്ള വിശ്വാസം. മുമ്പൊക്കെ കേരളത്തിലെ കടലോരങ്ങളിലും ശുദ്ധജല തടാകങ്ങൾക്ക് സമീപമുള്ള ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും മറ്റും സംരക്ഷിത വിഭാഗത്തിൽപ്പെട്ട ആമകളുടെ ഇറച്ചി വിശിഷ്ട ഭോജനമായി വിളമ്പിയിരുന്നു.
ആനക്കൊമ്പിനും കടുവാത്തോലിനും പുറമെ പാമ്പിൻവിഷം, കീരികളുടെ രോമം, കടൽക്കുതിരകൾ, കടൽ വെള്ളരി, വിവിധതരം ശംഖുകൾ, ഷഡ്പദങ്ങൾ, ഉരഗജീവികൾ, തിമിംഗല ഛർദി, തത്തകളുൾപ്പെടെ അനേകങ്ങളായ പക്ഷി വർഗങ്ങൾ എന്നിങ്ങനെ നീളുന്നു കച്ചവടം ചെയ്യപ്പെടുന്ന ജീവികളുടെയും അവയിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും പട്ടിക. നിയമപരിരക്ഷയുള്ള വന്യജീവികളോ അവയിൽ നിന്നുള്ള ഉൽപന്നങ്ങളോ ക്രയവിക്രയം ചെയ്യുന്നതും അതിന് കൂട്ടുനിൽക്കുന്നതും ജയിൽവാസവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വഴിമരുന്നിടുമെന്ന് ഇതിലേർപ്പെടുന്ന പലരും ഓർക്കാറില്ല എന്നതാണ് വാസ്തവം.