Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightലോകത്തെ ഏറ്റവും...

ലോകത്തെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രങ്ങൾക്ക് കാട്ടുതീ ഭീഷണി; കടുത്ത ചൂടും പുകയും നശിപ്പിക്കുന്നത് 67,000 വർഷം പഴക്കമുള്ള ചരിത്രം

text_fields
bookmark_border
ലോകത്തെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രങ്ങൾക്ക് കാട്ടുതീ ഭീഷണി; കടുത്ത ചൂടും പുകയും നശിപ്പിക്കുന്നത് 67,000 വർഷം പഴക്കമുള്ള ചരിത്രം
cancel

ഇന്തോനേഷ്യ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രങ്ങൾക്ക് വൻ ഭീഷണിയായി കാട്ടുതീ. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുള്ള പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രശേഷിപ്പുകൾക്കാണ് രാജ്യത്ത് പടരുന്ന കാട്ടുതീ ഭീഷണിയായിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീയിൽനിന്നുള്ള ചൂടും പുകയും 67,000 വർഷത്തിലേറെ പഴക്കമുള്ള ചിത്രങ്ങളുടെ നാശപ്രക്രിയ വേഗത്തിലാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

2015നുശേഷം ഇന്തോനേഷ്യ നേരിടുന്ന ഏറ്റവും തീവ്രമായ കാട്ടുതീപിടിത്തങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഒമ്പത് വർഷത്തിനിടയിലെ ശക്തമായ 'എൽ നിനോ' പ്രതിഭാസമാണ് രാജ്യത്ത് വരൾച്ചക്കും ദീർഘകാലമായി തുടരുന്ന വനനശീകരണത്തിനും കാരണമായിരിക്കുന്നത്.

രാജ്യത്തെ സുമാത്ര, ബോർണിയോ ദ്വീപുകളിലാണ് തീപിടിത്തം ഏറ്റവും രൂക്ഷമായിരിക്കുന്നത്. എന്നാൽ സുലവേസി ദ്വീപിലേക്കും തീ പടർന്നതോടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചരിത്രാതീത കാലത്തെ കലാസൃഷ്ടികൾ സൂക്ഷിക്കുന്ന തെക്കൻ സുലവേസിയിലെ ചുണ്ണാമ്പുകല്ല് ഗുഹകളും അപകടത്തിലാണ്.

തെക്കൻ സുലവേസിയിലെ മാരോസ്–പാങ്കെപ് മേഖലയിലെ ഗുഹയിൽ മനുഷ്യരൂപങ്ങളോട് സാമ്യമുള്ള ജീവികൾ ഒരു പന്നിയുമായി ഇടപഴകുന്ന ചിത്രം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് ഈ ചിത്രത്തിന് കുറഞ്ഞത് 51,200 വർഷത്തെ പഴക്കമുണ്ട്.

സുലവേസിക്ക് സമീപമുള്ള മുന ദ്വീപിലെ ഒരു ഗുഹയിൽ കണ്ടെത്തിയ ചുവപ്പുനിറത്തിലുള്ള കൈപ്പത്തിയുടെ അടയാളത്തിന് കുറഞ്ഞത് 67,800 വർഷത്തെ പഴക്കമുണ്ടെന്നും ഗവേഷകർ കണക്കാക്കുന്നു. മനുഷ്യചരിത്രത്തിന്റെ ആദ്യകാലത്തെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്ന ഈ ചിത്രങ്ങൾ ലോകത്തിന്റെ സാംസ്കാരിക പൈതൃകത്തിലെ ശേഷിപ്പുകളാണ്.

തീപിടിത്തം ഉണ്ടായ കേന്ദ്രത്തിൽ നിന്നും വെറും 800 മീറ്റർ മാത്രം അകലെയാണ് ഈ ചരിത്ര ഗുഹ സ്ഥിതി ചെയ്യുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സെപ്തംബർ 30 മുതൽ ഒക്ടോബർ 18 വരെയുള്ള ദിവസങ്ങളിൽ മാത്രം ദേശീയ പാർക്കിന്റെ 270 ഹെക്ടറിലധികം വനഭൂമിയാണ് കത്തിനശിച്ചത്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ രാപകലില്ലാതെ പരിശ്രമിക്കുന്നുണ്ടെങ്കിലും വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

അഗ്നിജ്വാലകൾ നേരിട്ട് ഗുഹയിൽ തട്ടിയില്ലെങ്കിൽ പോലും കാട്ടുതീ സൃഷ്ടിക്കുന്ന കടുത്ത ചൂട് ഗുഹയ്ക്കുള്ളിലെ താപനില പെട്ടെന്ന് വർദ്ധിപ്പിക്കുകയും അത് ചിത്രങ്ങൾ നശിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് പുരാവസ്തു ഗവേഷകനായ ബസ്രാൻ ബുർഹാൻ വ്യക്തമാക്കുന്നു. കൂടാതെ, പുകയിൽ നിന്നുള്ള കരിപടരുന്നത് ചിത്രങ്ങളെ മങ്ങിക്കുകയും അവ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാക്കുകയും ചെയ്യും. അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ഈ തെളിവ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:cave painting Wildfires indonesia El Nino climate change 
News Summary - The world's oldest cave paintings in Indonesia under threat of wildfires
Next Story