കാലം തെറ്റി പൂത്തുലഞ്ഞ് കണിക്കൊന്നകൾ: ആഗോളതാപനത്തിന്റെ ആശങ്കയുയർത്തി പ്രകൃതിസ്നേഹികൾ
text_fieldsവില്യാപ്പള്ളി കീഴൽമുക്കിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന
വടകര: പ്രകൃതിയുടെ താളംതെറ്റിച്ച് സംസ്ഥാനത്ത് കണിക്കൊന്നകൾ കാലംതെറ്റി പൂത്തുലയുന്നു. സാധാരണയായി മീനമാസം പകുതിയോടെയും വിഷുക്കാലത്തും മാത്രം പൂവിടാറുള്ള കണിക്കൊന്നകൾ ഇത്തവണ നവംബർ മാസത്തോടെ തന്നെ മഞ്ഞച്ചാർത്തണിഞ്ഞത് കൗതുകത്തിനൊപ്പം വലിയ ആശങ്കയും ഉയർത്തുകയാണ്. കാലാവസ്ഥവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും വ്യക്തമായ സൂചനയായാണ് ഈ പ്രതിഭാസത്തെ സസ്യശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും വിലയിരുത്തുന്നത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൂത്തുലയുന്നതുപോലും മുൻകാലങ്ങളിൽ വാർത്തയായിരുന്ന സ്ഥാനത്താണ് ഇത്തവണ നവംബറിൽതന്നെ കണിക്കൊന്നകൾ പൂത്തുലഞ്ഞത്. മാര്‍ച്ച് ആദ്യവാരത്തോടെ തന്നെ സംസ്ഥാനത്താകമാനം കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് ദൃശ്യവിരുന്നൊരുക്കി നില്‍ക്കുന്നത് സർവസാധാരണമായിരുന്നു. അന്തരീക്ഷ താപനില അസാധാരണമായി ഉയരുന്നതും മണ്ണിലെ ഈർപ്പം വൻതോതിൽ കുറയുന്നതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാലാവസ്ഥവ്യതിയാനം കാരണം സസ്യങ്ങള്‍ക്ക് ലഭിക്കുന്ന പ്രകാശത്തിന്റെ തീവ്രതയിലും കാലയളവിലും വന്ന മാറ്റം ചെടികളുടെ സ്വാഭാവിക ജൈവികഅവസ്ഥയെ ബാധിച്ചിട്ടുണ്ട്. മണ്ണിലെ ജലാംശം കുറയുമ്പോൾ അതിനെ പ്രതിരോധിക്കാനായി സസ്യങ്ങൾ പുറത്തെടുക്കുന്ന ഒരുതരം അതിജീവനതന്ത്രം കൂടിയാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്ന മുൻകൂട്ടി പൂവണിഞ്ഞത് വരുംകാലങ്ങളിൽ വിഷുവിന് കണി വെക്കാൻ പൂക്കൾ ലഭ്യമാകുമോ എന്ന ആശങ്കയുമുണ്ട്. മറ്റ് പൂക്കളെ അപേക്ഷിച്ച് കൊന്നക്ക് താരതമ്യേന കൂടുതൽ നീണ്ട പൂക്കാലമുണ്ട്. ഏതായാലും കണിക്കൊന്നകൾ കാലംതെറ്റി പൂത്ത് നിൽക്കുന്നത് കാഴ്ചാനുഭൂതിക്കൊപ്പം ആശങ്കയും ഉയർത്തുന്നു.



