ആസ്ത്മ ഇൻഹേലറുകൾ പുറത്ത് വിടുന്നത് അഞ്ച് ലക്ഷം കാറുകൾ പുറത്ത് വിടുന്നതിനു സമാനമായ ഹരിതഗൃഹ വാതകം
text_fieldsശ്വാസ തടസ്സം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇൻഹേലറുകൾ പുറത്ത് വിടുന്നത് യു.എസിലെ അഞ്ച് ലക്ഷത്തിലധികം കാറുകൾ പുറത്തുവിടുന്ന ഹരിതഗൃഹ വാതകത്തിന്‍റെ തോതിന് സമാനമെന്ന് പഠനം. തിങ്കളാഴ്ച പുറത്ത് വന്ന പഠന റിപ്പോർട്ടിലാണ് ഈ നിർണായക വെളിപ്പെടുത്തൽ.
നാഷനൽ ഡ്രഗ് ഡാറ്റാ ബേസിന്‍റെ അടിസ്ഥാനത്തിൽ കാലിഫോർണിയ, ഹാർവാർഡ്, ലോസ് ആഞ്ചൽസ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആസ്ത്മയും സി.ഒ.പി.ഡിയും ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന 3 തരത്തിലുള്ള ഇൻ ഹേലറുകൾ അടിസ്ഥാനമാക്കി 2014-24 കാലയളവിൽ ആഗോള താപനത്തിന് എത്രത്തോളം അവ സ്വാധീനിച്ചുവെന്നായിരുന്നു പഠനം.
അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ യു.എസിലെ കൊമേഴ്സ്യൽ ഇൻഷുറൻസുള്ള രോഗികൾ ഉപയോഗിക്കുന്ന ഇൻഹേലറുകളും ഗവണ്മെന്‍റ് പദ്ധതി വഴി ലഭിക്കുന്ന ഇൻഹേലറുകളും ഒരു ദശാബ്ദം കൊണ്ട് 24.9 മില്യൻ മെട്രിക് കാർബൺഡൈ ഓക്സൈഡാണ് പുറത്തു വിടുന്നതെന്ന് കണ്ടെത്തി. മീറ്റർ ഡോസ് ഇൻഹേലറുകളാണ് അപകടകാരിയെന്ന് പഠനം പറയുന്നു.
ഹരിത ഗൃഹ വാതകമായ ഹൈഡ്രോ ഫ്ലൂറോ ആൽക്കേൻ(എച്ച്.എഫ്) ആണ് മീറ്റർ ഡോസ് ഇൻഹേലറുകളിലെ പ്രൊപ്പല്ലന്‍റുകളിൽ ഉപയോഗിക്കുന്നത്. ഡ്രൈ പൗഡർ, സോഫ്റ്റ് മിസ്റ്റ് ഇൻഹേലറുകൾ പ്രൊപ്പല്ലന്‍റുകൾ ഉപയോഗിക്കാറില്ല. ഇൻഹേലറുകൾ ഹരിത ഗൃഹ വാതകങ്ങൾ പുറത്തു വിടുന്നത് കുറക്കാൻ ചില എളുപ്പ വഴികളുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരിൽ വളരെ ചെറിയ ശതമാനം മാത്രമാണ് മീറ്റേർഡ് ഇൻഹേലറുകൾ ഉപയോഗിക്കുന്നത്. വളരെ ചെറിയ കുട്ടികളിൽ മരുന്ന് ഉള്ളിലേക്ക് നൽകുന്നതിന് ഇത്തരം ഇൻഹേലറുകൾ ഉപയോഗിക്കാതെ തരമില്ല.
ദുർബലമായ ശ്വാസ കോശമുള്ളവർക്കും ഇത് വേണ്ടി വരും. ഇവരൊഴിച്ചാൽ വലിയൊരു വിഭാഗം ആസ്തമാ രോഗികൾക്ക് ഡ്രൈ പൗഡർ അല്ലെങ്കിൽ സോഫ്റ്റ് മിസ്റ്റ് ഇൻഹേലറുകൾ ഉപയോഗിക്കാവുന്നതേ ഉള്ളൂ. സ്വീഡനും ജപ്പാനും ഇത്തരത്തിലുള്ള ഇൻഹേലറുകളാണ് ഉപയോഗിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഇത്തരം ഇൻഹേലറുകൾ ക്ലോറോഫ്ലൂറോ കാർബണിന്‍റെ അത്രത്തോളം ഓസോൺ ലെയറിനെ അപകടത്തിലാക്കുന്നില്ലെങ്കിലും അവ അന്തരീക്ഷത്തിലെത്തുന്നത് അത്ര നല്ലതല്ല.