വൈഗ രണ്ട് ദേശം വിറപ്പിച്ചവൾ
text_fieldsഞങ്ങളെത്തുമ്പോൾ കാലുകൾ മുകളിലേക്കുയർത്തി കൂടിന്റെ മച്ചിലേക്കുതന്നെ നോക്കിക്കിടക്കുകയായിരുന്നു അവൾ. ഞങ്ങളുടെ സാന്നിധ്യംതന്നെ ഗൗനിക്കാത്ത കിടപ്പ്! രണ്ടാമതും പിടിച്ച് അധികം കഴിയുന്നതിനു മുമ്പൊരു ദിവസം അവളെക്കാണാൻ എത്തിയതായിരുന്നു ഞങ്ങൾ. നാടിനെ നടുക്കിയതായിരുന്നു അവളുടെ രക്ഷപ്പെടൽ
കേരളത്തിൽ പ്രത്യേകിച്ച്് വയനാട്ടിൽ കടുവയും പുലിയുമൊക്കെ പലപ്പോഴായി കാടിറങ്ങാറുണ്ട്. പ്രായമെത്തുന്നവയും മുറിവേൽക്കുന്നവയുമൊക്കെയാണ് എളുപ്പത്തിൽപിടിക്കാവുന്ന വളർത്തുമൃഗങ്ങളെത്തേടി നാട്ടിലെത്തുന്നത്.
സൗത്ത് വയനാട് ഡിവിഷനിലെ ചെതലയത്ത് റേഞ്ചിന്റെ ഇരുളംഫോറസ്റ്റ് സ്റ്റേഷൻ പരിധിയിയിൽ നിന്നാണ് 2020 ഒക്ടോബർ 29ന് കോമ്പല്ലിലും മോണയിലും പൊട്ടലുകളുണ്ടായിരുന്ന ഒരു കടുവയെ പിടിച്ചത്. എന്നാൽ, ഇരുമ്പുകൂടിന്റെ മുകൾഭാഗം തകർത്ത് അവൾ പാർക്കിനുള്ളിലേക്ക് രക്ഷപ്പെട്ടു!
ഞങ്ങളെത്തുമ്പോൾ കാലുകൾമുകളിലേക്കുയർത്തി അവൾ കൂടിന്റെ മച്ചിലേക്കുതന്നെ നോക്കിക്കിടക്കുകയായിരുന്നു. ഞങ്ങളുടെ സാന്നിധ്യംതന്നെ ഗൗനിക്കാത്ത കിടപ്പ്! രണ്ടാമതും പിടിച്ച് അധികം കഴിയുന്നതിനു മുമ്പൊരു ദിവസം അവളെക്കാണാൻ എത്തിയതായിരുന്നു ഞങ്ങൾ. നാടിനെ നടുക്കിയതായിരുന്നു അവളുടെ രക്ഷപ്പെടൽ.
മരണം തുറിച്ചുനോക്കുന്നു
വയനാട്ടിൽനിന്നും പിടിച്ച് നെയ്യാറിലേക്കെത്തിച്ച കടുവക്ക് ചെറിയ മുറിവുകളുണ്ടായിരുന്നു. അങ്ങനെയാണ് വെറ്ററിനറി ഡോക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന വനപാലകസംഘം അന്നുരാവിലെ എത്തിയത്. റിസർവോയറിന്റെ തീരത്തടുപ്പിച്ച ബോട്ടിൽനിന്നും ഇറങ്ങിയസംഘം കൂട്ടിനുള്ളിൽ കടുവയെ കണ്ടില്ല. ‘അയ്യോസാർ...’ കടുവ പാർക്കിലെ ജോലിക്കാരനായ ജയചന്ദ്രനായിരുന്നു അത്. അയാളുടെ കണ്ണുകളോടൊപ്പം എട്ടു കൃഷ്ണമണികൾ ഒരുമിച്ചുപാഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭീതിദമായ കാഴ്ച അവരൊന്നിച്ചുകണ്ടു. വാരകൾക്കലെ ഇരുമ്പുകൂടുകൾക്കുമുകളിൽനിന്ന് അവരെ തുറിച്ചുനോക്കുന്ന മരണം! കാലുകൾ നിലത്തുനിന്നും അനക്കാനാവുന്നില്ല. ആ നോട്ടത്തിന്റെ തീക്ഷ്ണതയിൽ മരവിച്ചുനിന്ന നിമിഷങ്ങൾ. തിരിഞ്ഞോടി. റിസർവോയറിലെ ബോട്ടിന്റെ സുരക്ഷിതത്വത്തിലേക്ക്. ബോട്ടിലിരുന്ന് നോക്കുമ്പോൾ കടുവ ഇരുന്നിടം ശൂന്യം!
പത്ത് ഏക്കർ വരുന്ന നെയ്യാർ വന്യജീവിസങ്കേതത്തിലെ ലയൺ സഫാരി പാർക്ക് റിസർവോയറിനാൽ ചുറ്റപ്പെട്ട ഒരുപദ്വീപാണ്. റോഡുമാർഗം എത്താൻ കഴിയുന്ന തെക്കുവശമാകട്ടെ ജനസാന്ദ്രതയേറിയ മരക്കുന്നം എന്ന നാട്ടിൻപ്രദേശവും. പുറത്തുചാടിയെങ്കിൽ കടുവ ആദ്യം എത്തുന്നത് അവിടേക്കാവും. അത് ഓർക്കാവുന്നതിലും അപ്പുറത്താണ്.
പേടിയുടെ അനക്കങ്ങൾ
പാർക്കിനുചുറ്റും ഒന്നേകാൽ കിലോമീറ്ററിനുമുകളിൽ നീളവും ആറു മീറ്ററിനുമേൽ ഉയരവുള്ള സുരക്ഷാവേലിയാണുള്ളത്. കടുവകൾക്കും പുലികൾക്കും അനുയോജ്യമായ ഒന്നല്ല മേലാപ്പില്ലാത്ത അത്തരം ഇടങ്ങൾ. എത്രയുംവേഗം അതിനെപിടിച്ച് അപകടമൊഴിവാക്കുക മാത്രമാണ് വഴി. എന്നാൽ, അതത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യവുമായിരുന്നില്ല. വനം വകുപ്പിന്റെ ഓരോ യൂനിറ്റും ഉണർന്നുപ്രവർത്തിച്ചു. ടൂറിസ്റ്റുകളെ കൊണ്ടുപോകാറുള്ള ഇരുമ്പഴികൾ ഘടിപ്പിച്ച ബസുകൾ പാർക്കിനുള്ളിലേക്ക് ഉദ്യോഗസ്ഥരുമായി പരിശോധനക്കായി പോയി. പാർക്കിനുചുറ്റും ബോട്ടിൽ റോന്തുചുറ്റി കമ്പിവേലിയുടെ സുരക്ഷ പരിശോധിച്ചു. തിരുവനന്തപുരം മൃഗശാലയിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർ മയക്കുവെടിക്കായുള്ള തയാറെടുപ്പുകൾതുടങ്ങി. ആകാംക്ഷക്ക് അറുതിവരുത്തി വൈകീട്ടോടുകൂടി റോന്തുചുറ്റുന്ന ഉദ്യോഗസ്ഥരുടെ വയർലെസ് സന്ദേശമെത്തി. കടുവ പാർക്കിനകത്ത് റിസർവോയറിനരികിലായുള്ള ഗേറ്റിനുസമീപം കിടക്കുന്നു! വൈകുന്നേരമാകുന്നു. വെടിയേറ്റാൽ മയങ്ങിവീഴും മുമ്പേ ഓടിമറഞ്ഞേക്കാവുന്ന കടുവയെ പാർക്കിനുള്ളിൽ ഇരുട്ടത്ത് കണ്ടെത്തുന്നത് ദുഷ്കരമാകാം. അപകടവും. കണ്ടെത്താൻ വൈകിയാൽ... നിരാശ പടർത്തി കടുവ പൊന്തക്കുള്ളിൽ മറഞ്ഞു. തീരുമാനങ്ങൾ പെട്ടെന്ന് എടുക്കേണ്ടിയിരുന്നു. ജനവാസമേഖലയോട്ചേർന്ന പാർക്കിന്റെഭാഗം മുഴുവനും വൈദ്യുതിവിളക്കുകൾ സ്ഥാപിച്ച് പ്രകാശപൂരിതമാക്കി.
നീണ്ട കാത്തിരിപ്പ്
പാർക്കിനുള്ളിൽ പലയിടങ്ങളിലായി വീപ്പകളിൽ വെള്ളം നിറച്ചുെവച്ചും ആട്ടിൻകുട്ടിയെെവച്ച് കെണിയൊരുക്കിയും വനംവകുപ്പിന്റെ ദ്രുതകർമസേനാംഗങ്ങൾ ബസിനുള്ളിൽ ഉറക്കമൊഴിച്ച് കാവലിരുന്നു. വയർലസ് സെറ്റുകൾക്കുമുന്നിലും മൊബൈൽഫോണുകൾക്കൊപ്പവും ഒരു പുരുഷാരമത്രയും ഉറങ്ങാതെകാത്തിരുന്ന കാളരാത്രി. ഒടുവിൽ സന്ദേശമെത്തി. ഓപറേഷൻ പരാജയം!
ഇനി പ്ലാൻ ബിയുടെ ഊഴമാണ്. അപ്പോഴേക്കും ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വയനാടുനിന്നും വനം വകുപ്പിന്റെ ടീം എത്തിക്കഴിഞ്ഞിരുന്നു. വയനാട്ടിൽ പ്രതിസന്ധികൾ നേരിട്ട് കൈത്തഴക്കംവന്നവർ. നായകന്റെ പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുന്ന അവർക്ക് കാടിറങ്ങുന്ന മൃഗങ്ങളെ ഭയമേതുമില്ല. അപ്പോഴും കടുവയെ കണ്ടെത്താനാകുന്നില്ല. സംഘങ്ങളായിപ്പിരിഞ്ഞ് പാർക്കിനുള്ളിലെ കുറ്റിക്കാടുകൾ അരിച്ചുപെറുക്കുക! ഇലച്ചാർത്തുകൾക്കുള്ളിൽ പതുങ്ങിക്കിടക്കുന്ന ഹിംസ്ര മൃഗത്തെ കാടരിച്ച് കണ്ടെത്തുക. യുക്തിസഹമല്ലെന്നു തോന്നിയെങ്കിലും ഡോക്ടർ അങ്ങനെയൊരു തീരുമാനമാണ് പറഞ്ഞത്.
കൂടിയാലോചനകൾക്കിടയിലും സമയം വിലപ്പെട്ടതാണെന്ന സത്യം ഓരോരുത്തർക്കുമറിയാം. പാർക്കിെന്റ വിസ്തൃതിയെ പല ബ്ലോക്കുകളാക്കി ഓരോടീമിനും പറഞ്ഞുകൊടുത്തു. ടീമുകളുടെകൂടെ അവരിൽനിന്നുതന്നെ ഓരോലീഡർ. പാർക്കിനുള്ളിൽനിന്നിരുന്ന തൈകൾ വെട്ടി രണ്ടുമീറ്ററോളം നീളംവരുന്ന വടികളാക്കി. അഗ്രങ്ങൾ ചെത്തിക്കൂർപ്പിച്ചു. ഓരോരുത്തർക്കും ആയുധങ്ങളായി ബലമുള്ള കൂർപ്പിച്ച വടികൾ മാത്രം! നെഞ്ചൊപ്പമുയരത്തിൽ നീട്ടിപ്പിടിച്ച കൂർത്ത വടികളുമായി ലീഡറും പിന്നിൽ ഓരോ സംഘവും വലിയ അസ്ത്രമുനയുടെ ആകൃതിയിൽ വിന്യസിച്ചു. പിന്നെ കുറ്റിക്കാടുകൾ അരിച്ചുപെറുക്കി ജാഗ്രതയോടെ മുന്നോട്ട്്.
കൂർത്തവടികളും കടുവയും
ഒളിഞ്ഞിരിക്കുന്ന ഇരപിടിയനെ നേർക്കുനേർ കാണുന്ന ആ നിമിഷം. അതാണ് ഏറ്റവും നിർണായകം. പ്രവചനാതീതവും! പൊന്തകൾക്കുള്ളിൽനിന്നും പാഞ്ഞെത്താം. അങ്ങനെവന്നാൽ ഒരുമിച്ചുനിന്ന് അറ്റംകൂർത്ത വടികൾ അതിന്റെ നേർക്ക് നീട്ടിപ്പിടിക്കുക. ഒരുകാരണവശാലും പിന്തിരിഞ്ഞോടരുത്. ഭയന്നോടിയാൽ കഴുത്തിൽ കൂർത്തകോമ്പല്ലുകൾ ഏതു നിമിഷവും ആഴ്ന്നിറങ്ങിയേക്കാം.
കീഴ്പ്പെടുത്താനാകുമെന്നുറപ്പുണ്ടെങ്കിൽ മാത്രമേ ഏതൊരുമൃഗവും കടന്നാക്രമിക്കുകയുള്ളൂവെന്നത് വന്യജീവി മനഃശാസ്ത്രത്തിന്റെ അടിസ്ഥാന പാഠം. അസ്ത്രമുനയുടെ ആകൃതിയിൽ വിന്യസിച്ച സംഘാംഗങ്ങളെ ഒരു വലിയ ജീവിയായി മാത്രമേ കടുവക്ക് കാണാനാകൂ. അതുകൊണ്ടുതന്നെ, ആക്രമിക്കുന്നതിലുപരി രക്ഷപ്പെട്ടോടാനായിരിക്കും അത് തുനിയുക.
പത്തരയോടെ കടുവയെ കണ്ടെത്തിയെന്ന സന്ദേശങ്ങളുമായി വയർലെസ് സെറ്റുകൾക്കും മൊബൈലുകൾക്കും ജീവൻെവച്ചു. കാര്യങ്ങളുടെ പോക്ക് അനുകൂലമാണെന്ന് തോന്നിത്തുടങ്ങി. കണ്ടെത്തുന്ന ഓരോ പ്രാവശ്യവും ഒളിയിടങ്ങളിലേക്ക് ഓടിമറയാനുള്ള വ്യഗ്രതയിലായിരുന്നു അത്. ഒരിക്കൽപ്പോലും പ്രത്യാക്രമണത്തിന് ശ്രമിച്ചതുമില്ല. വയനാടുനിന്നുള്ള നീണ്ട യാത്രയും രണ്ടു ദിവസത്തെ പട്ടിണിയും അതിനെ തളർത്തിക്കളഞ്ഞിരിക്കാം.
നേർക്കുനേർ
മുളങ്കൂട്ടത്തിന്റെ ചുവട്ടിൽ കിടക്കുകയായിരുന്ന കടുവയെ കമ്പിവേലിക്കരികിലായി വീണ്ടും കണ്ടെത്തി. നേരിട്ട് സമീപിക്കുന്നതിനുപകരം പാർക്കിനു പുറത്തിറങ്ങി ബോട്ടിൽ റിസർവോയറിലൂടെ വേലിക്കരികിലെത്തിയ ഡോക്ടറിനും സംഘത്തിനും പിഴച്ചില്ല. വെടിയേറ്റ കടുവ അതീവ അപകടകാരിയായേക്കാം. മയക്കുമരുന്ന് ശരീരത്തിൽ വ്യാപിച്ച് പേശികളെ തളർത്തുന്നതുവരെയുള്ള റിയാക്ഷൻ ടൈമിൽ കുതിച്ചെത്താനുള്ള സാധ്യത തള്ളാനാവില്ലതന്നെ.
അപകടകാരിയായ മൃഗത്തെ ദൂരെക്കണ്ട് കൃത്യമായ അളവിൽ മരുന്ന് തയാറാക്കുന്നതിലാണ് ഡോക്ടറുടെ വൈദഗ്ധ്യം. അളവ് കൂടിപ്പോയാൽ മൃഗം കൊല്ലപ്പെടാനും കുറഞ്ഞുപോയാൽ ആക്രമണകാരിയാകാനും ഉള്ള സാധ്യതകൾ മുൻകൂട്ടിക്കാണണം.
വെടിയേറ്റ കടുവ പൊന്തകൾക്കിടയിലേക്ക് അപ്രത്യക്ഷമായി. അതിനെ കണ്ടെത്തി കൂട്ടിലേക്ക് മാറ്റി മറുമരുന്ന് നൽകുന്നതാണ് അടുത്തഘട്ടം. കൃത്യതയോടെ എല്ലാംനടന്നു. വലിയ നൈലോൺ വലയിൽ പൊതിഞ്ഞ്, തയാറാക്കി നിർത്തിയിരുന്ന വാഹനത്തിൽ കടുവയുമായി കൂട്ടിലേക്ക്. മിനിറ്റുകൾക്കുള്ളിൽ കടുവ മയക്കംവിട്ടുണർന്നു. വയനാട്ടിൽനിന്നും പിടിച്ചതുപോലെതന്നെ നെയ്യാറിലും രണ്ടുദിവസം നീണ്ടുനിന്ന ഉദ്വേഗജനകമായ സംഭവപരമ്പരകൾക്കങ്ങനെ ശുഭാന്ത്യം! ഇന്നവൾക്കൊരു പേരുമുണ്ട്- വൈഗ.
ജെ.ആർ. അനി
വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വന്യസങ്കേതം