Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമനുഷ്യൻ തോറ്റിടത്ത്...

മനുഷ്യൻ തോറ്റിടത്ത് പ്രകൃതി ജയിക്കുമ്പോൾ: ചെർണോബിലെ 'അത്ഭുത' വന്യജീവി ലോകം

text_fields
bookmark_border
മനുഷ്യൻ തോറ്റിടത്ത് പ്രകൃതി ജയിക്കുമ്പോൾ: ചെർണോബിലെ അത്ഭുത വന്യജീവി ലോകം
cancel

1986 ഏപ്രിൽ 26. ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിൽ ചെർണോബ് നടുങ്ങിയപ്പോൾ, ആ മണ്ണ് ഇനി ഒരിക്കലും ജീവന്റെ തുടിപ്പുകൾക്ക് സാക്ഷ്യം വഹിക്കില്ലെന്ന് ശാസ്ത്രലോകം വിധിയെഴുതി.പക്ഷെ വർഷങ്ങൾക്കിപ്പുറം കഥ മാറുകയാണ്. മനുഷ്യൻ ഭയന്നോടിയിടത്ത്, പ്രകൃതി അതിന്റെ പച്ചപ്പ് വീണ്ടെടുത്തിരിക്കുന്നു. നിശബ്ദമായ ആ നഗരവീഥികളിൽ ഇന്ന് കേൾക്കുന്നത് ചെന്നായ്ക്കളുടെ ഓരിയിടലും കാട്ടുപോത്തുകളുടെ കുളമ്പടിയൊച്ചയും.

ചെർണോബിലെ മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ വരിക വൈകല്യങ്ങൾ സംഭവിച്ച മൃഗങ്ങളായിരിക്കും. എന്നാൽ യാഥാർത്ഥ്യം അതല്ല. പുറമെ നോക്കിയാൽ തികച്ചും ആരോഗ്യവാന്മാരായ വന്യമൃഗങ്ങളാണ് ഇന്ന് 'എക്സ്ക്ലൂഷൻ സോണിലെ' (CEZ) അവകാശികൾ. മനുഷ്യവാസമില്ലാത്ത ചെർണോബിൽ എക്സ്ക്ലൂഷൻ സോൺ ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത വന്യജീവി സങ്കേതങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ദുരന്തത്തിന് ശേഷം ജനങ്ങൾ ഒഴിഞ്ഞുപോയ ഈ 2,600 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോൾ വന്യമൃഗങ്ങളുടെ താവളമാണ്.

ഈ അതിജീവനത്തിന് പിന്നിൽ ശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന ചില മാറ്റങ്ങളുണ്ട്. റേഡിയേഷനെ പ്രതിരോധിക്കാൻ മൃഗങ്ങൾ സ്വയം പരിണമിക്കുന്നതായി ഏറ്റവും പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും ശ്രദ്ധേയം ഇവിടുത്തെ ചെന്നായ്ക്കളാണ്. മനുഷ്യർക്ക് ഏൽക്കാവുന്നതിലും എത്രയോ മടങ്ങ് ഉയർന്ന റേഡിയേഷൻ അളവിലും ഇവ സുഖമായി ജീവിക്കുന്നു. ഇവയുടെ ജനിതക ഘടന പരിശോധിച്ച പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ഈ ചെന്നായ്ക്കളുടെ പ്രതിരോധ സംവിധാനം കാൻസറിനെ ചെറുക്കാൻ പ്രാപ്തമായി മാറിയിരിക്കുന്നു എന്നാണ്.

മരത്തവള

മറ്റൊരു അത്ഭുതം ഇവിടുത്തെ മരത്തവളകളാണ്. സാധാരണ പച്ചനിറത്തിൽ കാണപ്പെടേണ്ട ഇവ ചെർണോബിൽ കറുത്തിരിക്കുന്നു. ചർമ്മത്തിലെ മെലാനിൻ വർധിപ്പിച്ചുകൊണ്ട് റേഡിയേഷനെ ആഗിരണം ചെയ്യാനുള്ള ഒരു കവചം അവ സ്വയം നിർമ്മിച്ചെടുത്തിരിക്കുന്നു. പ്രകൃതിയുടെ 'നാച്ചുറൽ സെലക്ഷൻ' എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.

ചെന്നായ

ഒരു നൂറ്റാണ്ടിലധികമായി അപ്രത്യക്ഷമായിരുന്ന തവിട്ട് കരടികൾ,യൂറോപ്യൻ കാട്ടുപോത്തുകൾ എന്നിവ മടങ്ങി വന്നു.വംശനാശഭീഷണി നേരിടുന്ന 'പ്രാഷെവാൾസ്കി' കുതിരകൾ ഇന്ന് ഇവിടെ സ്വതന്ത്രമായി വിഹരിക്കുന്നു. എന്നാൽ, റേഡിയേഷന്റെ ദോഷഫലങ്ങൾ പല ജീവികളിലും പ്രകടമാണ്. ചില പക്ഷികളിൽ ചെറിയ മസ്തിഷ്കവും കണ്ണിന് തിമിരവും കണ്ടുവരുന്നു. പ്രാണികളുടെ കുറഞ്ഞ പ്രത്യുൽപാദന ശേഷി തുടങ്ങിയ പ്രശ്നങ്ങൾ റേഡിയേഷൻ മൂലം ഇവ നേരിടുന്നു. എങ്കിലും മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാത്തിടത്തോളം കാലം ഗുണം ഈ ദോഷഫലങ്ങളേക്കാൾ വലുതാണെന്ന് ശാസ്ത്രം നിരീക്ഷിക്കുന്നു.

Show Full Article
TAGS:Chernobyl nuclear disaster wildlife survival Environment News world 
News Summary - Where man failed, nature triumphs: The 'miraculous' wildlife world of Chernobyl
Next Story