മൺസൂൺ ശക്തമായതോടെ കൊറ്റില്ലങ്ങൾ സജീവം
text_fieldsമലപ്പുറം സാമൂഹിക വനവത്കരണ വിഭാഗം എൻ.ജി.ഒകളുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ കണ്ടെത്തിയ തിരുനാവായയിലെ കൊറ്റില്ലം (മമ്പാട് എം.ഇ. എസ് കോളജ് സുവോളജി വിഭാഗം അസി. പ്രഫസ ർ ഡോ. ബിനു ചുള്ളക്കാട് പകർത്തിയ ചിത്രം)
നിലമ്പൂർ: മൺസൂൺ ശക്തിപ്പെട്ടതോടെ കൊറ്റില്ലങ്ങൾ വീണ്ടും സജീവമാകുകയാണ്. മലപ്പുറം ജില്ലയിൽ മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ സർവേകളിൽ ചെറുതും വലുതുമായ 47ഓളം കൊറ്റില്ലങ്ങളാണ് കണ്ടെത്തിയത്. മേയ് മാസത്തിൽ കിട്ടിയ മഴ കൊറ്റില്ലങ്ങൾ നേരത്തേയാവാനിടയാക്കി. മലപ്പുറം സാമൂഹിക വനവത്കരണ വിഭാഗം പ്രകൃതി സംരക്ഷണ എൻ.ജി.ഒകളുടെ സഹകരണത്തോടെയാണ് സർവേ പൂർത്തീകരിച്ചത്. ദേശീയപാതയോട് ചേർന്ന മരങ്ങളിലാണ് നീർപക്ഷികളുടെ കൂടുകൾ കൂടുതലായി കണ്ടെത്തിയത്.
ചെറിയ നീർകാക്ക (ലിറ്റിൽ കോർമോറന്റ് ), പാതിരക്കൊക്ക് (നൈറ്റ് ഹെറോൺ ), പെരിയ മുണ്ടി (ലാർജ് എഗ്രെറ്റ് ), ചിന്നമുണ്ടി (ലിറ്റിൽ എഗ്രെറ്റ് ), മീഡിയൻ എഗ്രെറ്റ്, കുളകൊക്ക് (പോണ്ട് ഹെറോൺ ) എന്നിവയുടെ കൂടുകളാണ് ദേശീയപാതയോട് ചേർന്ന് കാണുന്നവയിലധികവും. 2011 ൽ തിരുനാവായ തണ്ണീർത്തടവും 2017ൽ ചെമ്മാട് കൊറ്റില്ലങ്ങളും കണ്ട് തുടങ്ങി. ഇവിടങ്ങളിൽ അനുയോജ്യ കാലാവസ്ഥയിൽ കൂടുകളുടെ എണ്ണം കൂടി വന്നു.
ഓപൺ ബിൽ സ്റ്റോർക്ക്, ചായമുണ്ടി, കിന്നരി നീർകാക്ക എന്നിവയേയും ഐ.യു.സി.എൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുത്തിയിരുന്ന വെള്ള അരിവാൾകൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ് ), ചേരക്കോഴി(ഓറിയന്റൽ ഡാർട്ടർ) എന്നിവയും ഇപ്പോൾ ഇവിടെ കൂട്ടത്തോടെ പ്രജനനം നടത്തുന്നു. മരവും അവയുടെ ശിഖരങ്ങളും വെട്ടി മാറ്റൽ, ദേശീയ പാത വികസനം, പടക്കം പൊട്ടിക്കൽ, തണ്ണീർത്തട ശോഷണം എന്നിവ കൊറ്റില്ലങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
തണ്ണീർത്തട പക്ഷികളുടെ ആവാസ വ്യവസ്ഥ സംരക്ഷണം അടിയന്തര പ്രാധാന്യമർഹിക്കുന്നതാണെന്ന് മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ഫ്രണ്ട്സ് ഓഫ് നേച്ചർ എജുക്കേഷൻ ഓഫിസറുമായ മമ്പാട് എം.ഇ.എസ് കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ ഡോ. ബിനു ചുള്ളകാട്ടിലും വർഷങ്ങളായി കൊറ്റില്ല സർവേകൾ നടത്തുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിജേഷ് വള്ളിക്കുന്നും പറഞ്ഞു.
പക്ഷിഭൂപടം തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ ഏജൻസികളുടെ സഹകരണത്തോടെ വനം വകുപ്പ് നിലമ്പൂർ കാട്ടിൽ മുമ്പ് നടത്തിയ പക്ഷി സർവേയിൽ നീലകുരുവിയെ നിലമ്പൂരിൽ ആദ്യമായി കണ്ടിരുന്നു. കേരള വനം ഗവേഷണ കേന്ദ്രത്തിന് ചുറ്റുമുള്ള വൃക്ഷകാടുകളിൽ നിന്നാണ് നീലകുരുവിയെ കണ്ടത്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും എന്നാൽ അത്യപൂർവമല്ലാത്തതുമായ കുറികണ്ണൻ, തീകാക്ക, ലളിത, ഗൗളികിളി തുടങ്ങിയ ഇനം പക്ഷികളെയും സർവേയിൽ കാണാനായി.
മലബാർ നാച്വർ ഹിസ്റ്ററി സൊസൈറ്റി നിലമ്പൂർ കാടുകളിൽ നടത്തിയ സർവേയിൽ 53 ഇനത്തിൽപ്പെട്ട വ്യത്യസ്ത 223 പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ വയൽനായ്ക്കൻ, മരപ്രാവ്, മലമുഴക്കി വേഴാമ്പൽ എന്നിവയെയും കണ്ടെത്തി. ഹിമാലയത്തിൽ നിന്നുമെത്തുന്ന ഇന്ത്യൻ പിറ്റ ഉൾപ്പടെ നാല് ദേശാടനക്കിളികളെയും നീലതത്ത, കാട്ടുവേലിതത്ത, കാട്ടുപനകാക്ക, മാക്കാച്ചിക്കാട തുടങ്ങി അപൂർവ പക്ഷികളെയും നിലമ്പൂരിൽ കണ്ടെത്തിയിരുന്നു.