Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightചുഴലിക്കാറ്റിൽ തകർന്ന...

ചുഴലിക്കാറ്റിൽ തകർന്ന തീരത്തിന് പുതിയ കാവൽ; 45,000 കണ്ടൽത്തൈകളുമായി ഒഡീഷയിലെ സ്ത്രീകളുടെ അതിജീവനയാത്ര

text_fields
bookmark_border
Mangroves
cancel
camera_alt

കണ്ടൽക്കാട്

ഭുവന്വേശർ: ഒഡീഷയിലെ ദേവി നദീമുഖത്തെ കണ്ടൽക്കാടുകൾ ഇന്ന് പുത്തൻ ഉണർവിലാണ്. ജീവിതം വഴിമുട്ടിച്ച ആഞ്ഞടിച്ച ചുഴലിക്കാറ്റുകളെ അതിജീവിച്ചും, തീരദേശത്തിന്റെ സുരക്ഷക്കായി കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ചും ഒരു സംഘം സ്ത്രീകളാണ് ഇവിടുത്തെ പരിസ്ഥിതി പോരാളികൾ.

1999ൽ ഒഡീഷയിലുണ്ടായ അതിശക്തമായ സൂപ്പർ ചുഴലിക്കാറ്റ് ആയിരക്കണക്കിന് മനുഷ്യരുടെ ജീവനാണ് കവർന്നെടുത്തത്. അന്ന് കടൽക്ഷോഭത്തിൽ വീടും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടവരിൽ പലരും ഇപ്പോഴും ആ ഭയാനകമായ ഓർമകളിൽ കഴിയുന്നവരാണ്. അന്ന് കണ്ടൽക്കാടുകൾ നശിച്ചതോടെ തീരം പൂർണ്ണമായും കടലിന് വിട്ടുകൊടുക്കേണ്ടി വന്നു. മത്സ്യബന്ധനത്തെയും ചെറിയ തോതിലുള്ള വിഭവ ശേഖരണത്തെയും ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇത് വലിയൊരു തിരിച്ചടിയായിരുന്നു.

നേരത്തെ വിറകിനും മറ്റുമായി കണ്ടൽക്കാടുകളെ വെട്ടിനശിപ്പിച്ചിരുന്ന സ്ത്രീകളാണ് ഇന്ന് അവയുടെ സംരക്ഷകരായി മാറിയിരിക്കുന്നത്. സൗമ്യ രഞ്ജൻ ബിസ്വാൾ എന്ന പരിസ്ഥിതി പ്രവർത്തകന്റെ നേതൃത്വത്തിൽ വുമൺ ഫോർ മാൻഗ്രൂവ്സ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയിലൂടെയാണ് ഈ മാറ്റം ഉണ്ടായത്. കണ്ടൽക്കാടുകൾ വെറുമൊരു മരമല്ല, മറിച്ച് ചുഴലിക്കാറ്റുകളിൽ നിന്നും കടൽക്ഷോഭത്തിൽ നിന്നും തീരത്തെ സംരക്ഷിക്കുന്ന ഒരു ജീവിക്കുന്ന കവചമാണെന്ന് ഇവർ തിരിച്ചറിഞ്ഞു.

അവിസെന്നിയ, റൈസോഫോറ തുടങ്ങിയ തദ്ദേശീയ ഇനം കണ്ടൽത്തൈകളാണ് സ്ത്രീകൾ മണ്ണിൽ നട്ടുപിടിപ്പിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ മണ്ണിലെ ഉപ്പിന്റെ അളവും വേലിയേറ്റവും നിരീക്ഷിച്ചാണ് ഓരോ തൈയും നടുന്നത്. ഇതിനകം 45,000 കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ചു. 85 മുതൽ 90 ശതമാനം വരെയാണ് തൈകളുടെ അതിജീവന നിരക്ക്. 60ഓളം കുടുംബങ്ങൾ ഇപ്പോൾ ഈ സംരംഭത്തിന്റെ ഭാഗമാണ്.

കണ്ടൽക്കാടുകളുടെ വേരുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഞണ്ടുകളും വിവിധ തരം മീനുകളും മടങ്ങിയെത്തിയത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇത് പ്രാദേശികമായ മത്സ്യസമ്പത്ത് വർധിക്കാൻ കാരണമായിട്ടുണ്ട്. പലദേശാടന പക്ഷികളും ജലപക്ഷികളും ആവാസവ്യവസ്ഥയുടെ ഭാഗമായി ഇവിടെ കൂടുവെക്കാനും ഭക്ഷണം തേടാനും തുടങ്ങിയിട്ടുണ്ട്. കണ്ടൽക്കാടുകൾ തീരശോഷണം തടയുന്നതിനൊപ്പം, സമുദ്രജീവികൾക്ക് വളരാനും സുരക്ഷിതമായ ഇടമൊരുക്കുന്നു. പവിഴപ്പുറ്റുകളെപ്പോലെ തന്നെ ജൈവവൈവിധ്യത്തിൽ രണ്ടാം സ്ഥാനത്താണ് കണ്ടൽക്കാടുകൾ.

വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് നഴ്സറികൾ പരിപാലിക്കുന്നതിലും, പദ്ധതി ആസൂത്രണം ചെയ്യുന്നതിലും മുൻപന്തിയിലുണ്ട്. തുച്ഛമായ വരുമാനമാണെങ്കിലും, പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ തങ്ങളുടെയും വരുംതലമുറയുടെയും ഭാവി സുരക്ഷിതമാക്കാമെന്ന ബോധ്യമാണ് ഇവരെ നയിക്കുന്നത്. 2030ഓടെ പത്തു ലക്ഷം കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കാനാണ് ബിസ്വാളും ഈ സ്ത്രീകളും ലക്ഷ്യമിടുന്നത്. ഒരിക്കൽ ജീവിതം തകർത്ത പ്രകൃതിക്ഷോഭത്തിനെതിരെ, ഇന്ന് അതേ പ്രകൃതിയെ തന്നെ കൈപിടിച്ച് ഉയർത്തുകയാണ് ഒഡീഷയിലെ ഈ സ്ത്രീകൾ. ഒരു മരം നടുമ്പോൾ അവർ നടുന്നത് വരുംതലമുറയ്ക്കുള്ള സുരക്ഷയുടെ വിത്തുകളാണ്.

Show Full Article
TAGS:Odisha Mangroves coastal protection Environmental conservation cyclone survival woman life 
News Summary - Women Lead Odisha’s Mangrove Revival
Next Story