സമൂഹമാധ്യമങ്ങളിൽ വൈറലായി തുർക്കിയയിലെ ‘യോഗി പുഷ്പം’; ചിത്രത്തിനു പിന്നിലെ യാഥാർഥ്യം എന്ത്?
text_fieldsഏതാനും നാളുകളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മുകളിലുള്ളത്. ‘യോഗി ഫ്ളവർ’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം, യോഗാസനം ചെയ്യുന്ന രൂപത്തിലുള്ള പുഷ്പമെന്ന രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. തുർക്കിയയിലെ ഹാൽഫെതി ഗ്രാമത്തിൽ കാണപ്പെടുന്ന അപൂർവ പുഷ്പമാണെന്നാണ് അവകാശവാദം. ഏഷ്യയിലെ യൂഫ്രട്ടീസ് നദീതടത്തിലാണ് ഇത് വളരുന്നതെന്നും വേനൽക്കാലത്ത് കറുത്ത നിറമാകുമെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
എക്സിലാണ് ഏറ്റവും കൂടുതലായി ചിത്രം പ്രചരിച്ചത്. ചിത്രത്തോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ‘യോഗി പുഷ്പത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? യൂഫ്രട്ടീസ് നദീജലത്താൽ പോഷിപ്പിക്കുന്ന പ്രകൃതിദത്ത യോഗി പുഷ്പങ്ങൾ വളരുന്ന ലോകത്തിലെ ഏക സ്ഥലമാണ് തുർക്കിയ. വളരെ അപൂർവമായ ഈ പുഷ്പം, ഉർഫ പ്രവിശ്യയ്ക്ക് സമീപമുള്ള തെക്കുകിഴക്കൻ സാൻ ഉർഫ പ്രവിശ്യയിലെ ഹാൽഫെറ്റി ഗ്രാമത്തിൽ മാത്രമാണുള്ളത്. വേനൽക്കാലത്ത് അവ കറുത്ത നിറത്തിൽ കാണപ്പെടുന്നു, മറ്റ് സീസണുകളിൽ കടും ചുവപ്പായിരിക്കും. ഈ ഇനം മണ്ണിന്‍റെ സാന്ദ്രതയും ആന്തോസയാനിനുകളും, വെള്ളത്തിൽ ലയിക്കുന്ന പിഗ്മെന്‍റുകളും ചേർന്നാണ് ഇത്തരം സവിശേഷത ഒരുക്കുന്നത്.’
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഗതി സത്യമാണോ എന്ന് അന്വേഷിച്ച് നിരവധിപേരാണ് ഇന്‍റർനെറ്റിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഇത് ജെനറേറ്റിവ് എ.ഐ ടൂൾ ഉപയോഗിച്ച തയാറാക്കിയ ചിത്രമാണെന്നതാണ് രസകരമായ വസ്തുത. ഓപൺ എ.ഐയുടെ ഡാൽ-ഇ പ്ലാറ്റ്ഫോമിൽ നിർമിച്ച ചിത്രമാകാനാണ് സാധ്യത കൂടുതലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഹാൽഫെതിയിൽ കാണപ്പെടുന്ന പ്രത്യേകയിനം റോസ് മൊട്ടിടുമ്പോൾ കറുത്ത നിറത്തിലും വിരിയുമ്പോൾ കടുംചുവപ്പ് നിറത്തിലും കാണപ്പെടും. ഇതിന്‍റെ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ‘യോഗി പുഷ്പ’ത്തെ കുറിച്ച് വിശദീകരണം നൽകി വന്നത്.