സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ സന്ദർശിക്കുന്ന സൽമാൻ ഖാൻ! ആ ചിത്രങ്ങളുടെ വാസ്തവം ഇതാണ്...
text_fieldsവീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ സെയ്ഫ് അലി ഖാനെ സന്ദർശിക്കുന്ന സൽമാൻ ഖാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കപ്പെട്ടത്. ആശുപത്രി കിടക്കയിൽ സെയ്ഫ് അലി ഖാനെ സന്ദർശിക്കുന്ന സൽമാൻ ഖാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എന്നാൽ, ഈ ചിത്രങ്ങൾ വ്യാജമാണെന്നാണ് വസ്തുതാ പരിശോധനയിൽ തെളിയുന്നത്. ചിത്രങ്ങളിലേക്ക് ശ്രദ്ധിച്ചു നോക്കിയാൽ പല പൊരുത്തക്കേടുകളും കാണാം. സൽമാൻ ഖാന്റെ കണ്ണിന് ചുറ്റുമുള്ള ഭാഗം വികൃതമായാണ് കാണപ്പെടുന്നത്. മാത്രമല്ല, ചിത്രത്തിൽ സൽമാൻ ഖാന് ഒരു വിരൽ ഇല്ലെന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാം.
ചിത്രങ്ങളുടെ താഴെ വലതുഭാഗത്ത് മങ്ങിയ രീതിയിലുള്ള ഒരു ലോഗോയുണ്ട്. ഗ്രോക് എ.ഐ എന്ന ജെനറേറ്റീവ് എ.ഐ ചാറ്റ് ബോട്ടിന്റേതാണ് അത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിക്കുന്ന ചിത്രങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന വെബ്സൈറ്റുകൾ ഉപയോഗിച്ച് പരിശോധിക്കുമ്പോഴും ചിത്രങ്ങൾ വ്യാജമാണെന്നാണ് തെളിയുന്നത്.ജനുവരി 16ന് ബാന്ദ്രയിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാനെ ജനുവരി 21നാണ് ഡിസ്ചാർജ് ചെയ്തത്. ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ജനുവരി 19ന് കേസിലെ പ്രധാന പ്രതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി 30കാരനായ മുഹമ്മദ് ശരീഫുൽ ഇസ്‍ലാം എന്ന വിജയ് ദാസാണ്.