Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFact Checkchevron_rightഒരേ വിഡിയോ!...

ഒരേ വിഡിയോ! പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണമെന്ന് ഒരുവിഭാഗം, ഇന്ത്യയുടെ സൈനിക താവളം പാകിസ്താൻ തകർത്തതെന്ന് മറുവിഭാഗം; സത്യം പുറത്തുവിട്ട് ആൾട്ട് ന്യൂസ്

text_fields
bookmark_border
ഒരേ വിഡിയോ! പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണമെന്ന് ഒരുവിഭാഗം, ഇന്ത്യയുടെ സൈനിക താവളം പാകിസ്താൻ തകർത്തതെന്ന് മറുവിഭാഗം; സത്യം പുറത്തുവിട്ട് ആൾട്ട് ന്യൂസ്
cancel

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം മൂർച്ഛിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ‘നുണയുദ്ധം’ കൊടുമ്പിരി കൊള്ളുകയാണ്. ഇക്കാര്യത്തിൽ പാകിസ്താനിലെയും ഇന്ത്യയിലെയും വ്യാജൻമാർ ഒരുപോലെ മത്സരിക്കുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിലെങ്ങും. സംഘർഷവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത ചിത്രങ്ങളും വിഡിയോകളും എക്സിലും ഫേസ്ബുക്കിലും വാട്സാപ്പിലും നിറഞ്ഞുനിൽക്കുകയാണ്. പഞ്ചാബ് അമൃത്സറിലെ ഇന്ത്യൻ സൈനിക താവളം പാകിസ്താൻ ആക്രമിച്ചുവെന്ന വാർത്തയാണ് അവയിലൊന്ന്. ഈ ആക്രമണത്തിൽ കത്തിനശിക്കുന്ന സൈനിക താവളത്തിന്റെ ദൃശ്യം എന്ന രീതിയിൽ വിഡിയോയും എക്സിൽ പ്രചരിക്കുന്നുണ്ട്.

ഹനുമാൻ എന്ന ഉപയോക്താവാണ് വിഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. അമൃത്സറിലെ സൈനിക താവളത്തിൽ പാകിസ്താൻ ആക്രമണം നടത്തിയതായും അതിൽ നിരവധി പേർക്ക് പരിക്കേറ്റതായും മേയ് ഏഴിന് പോസ്റ്റ് ചെയ്ത ഈ കുറിപ്പിൽ പറയുന്നു. അമൃത്സർ സൈനിക താവളത്തിൽ പാകിസ്താൻ നടത്തിയ ആക്രമണമെന്ന വിശദീകരണത്തോടെ ഒരു പാകിസ്താൻ ഉപയോക്താവ് ഈ വിഡിയോ പങ്കുവെച്ചു. വോയ്‌സ് ഓഫ് ഇന്ത്യ എന്ന ഹാൻഡിലും ഈ വിഡിയോ ഇതേ അവകാശവാദത്തോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.


അതിനിടെയാണ്, ബി.ജെ.പി നേതാവ് ശൗര്യ മിശ്ര, ദി ജയ്പൂർ ഡയലോഗ്സ് തുടങ്ങി നിരവധി ഉപയോക്താക്കൾ പാകിസ്താനിലെ സിയാൽകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണെന്ന് അവകാശ​പ്പെട്ട് ഇതേ വിഡിയോ ട്വീറ്റ് ചെയ്തത്.

എന്നാൽ, ഈ രണ്ട് അവകാശവാദവും തെറ്റാണെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വൈറൽ വിഡിയോയിൽ നിന്നുള്ള ഏതാനും ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ 2024 ഫെബ്രുവരി 4ന് ഈ വിഡിയോ ചിലിയിലെ മാധ്യമം അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. ചിലിയിലെ വാൽപാറൈസോ മേഖലയിലെ തീപിടിത്തം എന്ന പേരിലാണ് ഈ വിഡിയോ ഉള്ളത്.


അതേസമയം, ‘ടെക്സസിലെ തീപിടിത്തത്തിന്റെ ദൃശ്യം’ എന്ന പേരിൽ വാൾസ്ട്രീറ്റ് ആപ്സ് എന്ന അക്കൗണ്ട് 2024 മാർച്ച് 1 ന് ഇതേ വിഡിയോ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന 2024 ഏപ്രിൽ 14 ന് ഇറാനിയൻ മിസൈലുകൾ തെക്കൻ ഇസ്രായേലിലെ നെഗേവ് സെക്ടറിനെ ആക്രമിക്കുന്ന ദൃശ്യമെന്ന പേരിൽ ഈ വിഡിയോ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ ഏതാണ് സത്യമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുറഞ്ഞത് ഒരു വർഷം പഴക്കമുള്ള പ്രസ്തുത ക്ലിപ്പിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമീപകാല സംഘർഷവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തം.




Show Full Article
TAGS:Fact Check India Pakistan Tensions Sialkot fake news 
News Summary - Same video shared as Pak attack in Amritsar and Indian strike in Sialkot. In reality, it shows neither
Next Story