Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightസ്പെയിൻ...

സ്പെയിൻ കപ്പുയർത്തുന്നത് നോക്കാതെ അർജന്റീന താരങ്ങൾ; പോഡിയത്തിന് പുറംതിരിഞ്ഞ് നിന്നു - വീഡിയോ...

text_fields
bookmark_border
സ്പെയിൻ കപ്പുയർത്തുന്നത് നോക്കാതെ അർജന്റീന താരങ്ങൾ; പോഡിയത്തിന് പുറംതിരിഞ്ഞ് നിന്നു - വീഡിയോ...
cancel

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനൻ താരങ്ങൾ ഗ്രൗണ്ടിൽ നടത്തിയ പെരുമാറ്റത്തിനെതിരെ ഫുട്ബാൾ ലോകത്ത് വിമർശനം. സ്പെയിനിന്റെ കിരീടധാരണ സമയത്ത് പോഡിയത്തിന് മുഖം നൽകാതെ തിരിഞ്ഞു നിന്ന അർജന്റീനൻ ടീമിന്റെ നടപടിയാണ് വിവാദത്തിലായത്.

ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലായിരുന്നു സ്പെയിൻ ലോകകപ്പ് സ്വന്തമാക്കിയത്.

രണ്ടാം സ്ഥാനക്കാർക്കുള്ള വെള്ളി മെഡൽ സ്വീകരിച്ച ശേഷം അർജന്റീന താരങ്ങൾ സ്പാനിഷ് ടീം കിരീടമേറ്റുവാങ്ങുന്നത് കാണാനോ അവർക്ക് കയ്യടിക്കാനോ നിൽക്കാതെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിനിൽക്കുകയായിരുന്നു. എന്നാൽ, ഇതിന് വിപരീതമായി അർജന്റീന താരങ്ങൾ മെഡലുകൾ സ്വീകരിക്കാൻ എത്തിയപ്പോൾ സ്പാനിഷ് താരങ്ങൾ അവർക്ക് 'ഗാർഡ് ഓഫ് ഓണർ' നൽകുകയും കയ്യടിച്ച് ആദരിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മാന്യതയില്ലാത്ത പെരുമാറ്റമാണ് അർജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമർശനം ശക്തമായത്.

കാണികളുടെ ഭാഗത്തുനിന്നും സമാനമായ മോശം പെരുമാറ്റമുണ്ടായി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഏറ്റുവാങ്ങുമ്പോൾ, ഒരു വിഭാഗം അർജന്റീന ആരാധകർ ലയണൽ മെസ്സിയുടെ പേര് വിളിച്ച് ചാന്റ് ചെയ്യുകയായിരുന്നു. ലോകകപ്പിലെ തോൽവി ഉൾക്കൊള്ളാൻ അർജന്റീനയ്ക്ക് സാധിക്കുന്നില്ലെന്ന് പ്രമുഖ ബ്രോഡ്കാസ്റ്ററായ അഡ്രിയൻ ദുർഹം തുറന്നടിച്ചു.

"അങ്ങേയറ്റം മാന്യതയില്ലാത്തതും നാണംകെട്ടതുമായ പ്രവൃത്തിയാണത്. സ്പെയിൻ ട്രോഫി വാങ്ങുമ്പോഴും റോഡ്രി പുരസ്കാരം സ്വീകരിക്കുമ്പോഴുമെല്ലാം അവർ മെസ്സിക്കായി ആർപ്പുവിളിക്കുകയായിരുന്നു. ഫൈനലിലെ തോൽവി അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല"- ടോക് സ്പോർട്സ് ചാനലിലെ ചർച്ചയ്ക്കിടെ ദുർഹം ആഞ്ഞടിച്ചു.

ഫുട്ബാളിനും ലോകകപ്പിനും തന്നെ അർജന്റീന ഒരു നാണക്കേടായി മാറിയെന്നും, ടൂർണമെന്റിലുടനീളം അവർക്ക് അനുകൂലമായ പല റഫറിയിങ് തീരുമാനങ്ങളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എളുപ്പമുള്ള ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടും കേപ് വെർഡെ, ഈജിപ്ത്, സ്വിറ്റ്സർലൻഡ് തുടങ്ങിയ ടീമുകൾക്കെതിരെ ഏറെ കഷ്ടപ്പെട്ടാണ് അവർ മുന്നേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന് പിന്നാലെ ഗ്രൗണ്ടിലും അനിഷ്ട സംഭവങ്ങൾ അരങ്ങേറി. സ്പാനിഷ് താരങ്ങളെ പ്രകോപിപ്പിക്കാൻ അർജന്റീനൻ താരങ്ങൾ ശ്രമിച്ചത് വലിയ സംഘർഷത്തിലേക്കാണ് നയിച്ചത്. അർജന്റീനൻ മിഡ്‌ഫീൽഡർ ലിയാൻഡ്രോ പരേഡസ് സ്പാനിഷ് താരം എറിക് ഗാർസ്യയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും, തടയാനെത്തിയ ഗാവിയെ തള്ളി താഴെയിടുകയും ചെയ്തു. ഇതോടെ റഫറി പരേഡസിന് റെഡ് കാർഡ് നൽകി പുറത്താക്കി.

കൂടാതെ, അർജന്റീനയ്ക്ക് ഫിഫയുടെ പ്രത്യേക സഹായം ലഭിക്കുന്നുണ്ടെന്ന സ്പാനിഷ് താരം അയ്‌മെറിക് ലപോർട്ടിന്റെ മുൻ പ്രസ്താവനയെച്ചൊല്ലി നിക്കോളാസ് ഒറ്റമെൻഡിയും റോഡ്രിയും തമ്മിലും വാക്കേറ്റമുണ്ടായി. അർജന്റീനൻ പരിശീലകനും മറ്റ് സ്റ്റാഫുകളും ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്. തോൽവിയുടെ നൈരാശ്യത്തിൽ കണ്ണീരോടെ ഗ്രൗണ്ട് വിട്ട മെസ്സിയുടെയും സംഘത്തിന്റെയും അവസാനത്തെ പ്രതികരണങ്ങൾ കായിക ലോകത്തിന് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

Show Full Article
TAGS:FIFA World Cup 2026 Argentina Spain champions 
News Summary - Argentina Criticized After Loss to Spain
Next Story