ഒബ്രിഗാദോ ക്രിസ്റ്റ്യാനോ
text_fieldsസ്പെയിനിനെതിരായ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിനു ശേഷം കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
ദിക്കറിയാൻ ഉപഗ്രഹ നിയന്ത്രിത സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്ത് ലിസ്ബൺ തുറമുഖത്തുനിന്നും കൂറ്റൻ പായ്കപ്പലുകളിലേറി, കടലിനോടും കാറ്റിനോടും പടവെട്ടി ജീവൻ പോലും മറന്ന് പുതിയ സമുദ്രപാതകൾ കണ്ടെത്തി ലോകത്തിന് വഴികാട്ടിയ നാവികരുടെ ചരിത്രമുള്ള നാടാണ് പോർചുഗൽ. ലിസ്ബണിൽ നിന്നും ഇന്ത്യയെ തേടി പുറപ്പെട്ട വാസ്കോഡ ഗാമക്കും, ഭൂമിചുറ്റാനിറങ്ങിയ മെഗല്ലനുമെല്ലാം കണ്ടെത്തിയ പുതുവഴികളിലൂടെയായിരുന്നു പിന്നീട് ലോകം സമുദ്രസഞ്ചാരം നടത്തിയത്.
അവരുടെ തലമുറക്കുശേഷം, പറങ്കിപ്പട വീണ്ടും ലോകം ചുറ്റാനിറങ്ങുമ്പോൾ അവരുടെ വഴികാട്ടിയായത് പന്തും, നാവികനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. ലിസ്ബൺ തീരത്തുനിന്നും വിദൂരമല്ലാതെ, കടലിനോട് കലഹിച്ച് നിൽക്കുന്ന മെദീരയെന്ന ദ്വീപിൽ നിന്നും പറങ്കികളെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയ ഇതിഹാസം രണ്ടു പതിറ്റാണ്ടിന്റെ ലോകകപ്പ് യാത്രക്ക് നങ്കൂരമിടുന്നു. ഇനി അയാൾ വിശ്വഫുട്ബാളിന്റെ മുറ്റത്ത് നിറഞ്ഞാടാനുണ്ടാവില്ല. തിരകളോടും കോളിനോടും മല്ലിട്ട നാവികൻ തീരമണയും മുമ്പ് പൊലിഞ്ഞുപോകുന്ന പോലെ, വിശ്വം ജയിക്കാതെ ആ യാത്ര അവസാനിക്കുന്നു.
90 മിനിറ്റും, പിന്നെ പത്തു മിനിറ്റിലേറെ നീണ്ട ഇഞ്ചുറി സമയവും പൂർത്തിയാക്കി ഡാള്ളസിൽ ലോങ് വിസിൽ മുഴങ്ങി. ചുവപ്പും പച്ചയും നിറങ്ങളിൽ ഗാലറിപ്പടവുകളിൽ ആരാധകർ തിങ്ങിനിറഞ്ഞ സ്റ്റേഡിയം നിശ്ശബ്ദമായ നിമിഷം. രാജ്യം നഷ്ടമായ രാജകുമാരനെ പോലെ, പറങ്കികളുടെ പടനായകൻ മൈതാന മധ്യത്തിൽ നിന്നും പടിയിറങ്ങുകയാണ്. കൈകൾ അരക്കെട്ടിൽ താങ്ങി, ചുണ്ടുകൾ കടിച്ചുപിടിച്ച് കണ്ണുകൾ വിദൂരതയിലേക്കെറിഞ്ഞ് നടന്നടുക്കുമ്പോഴും കണ്ണീരൊഴുകുന്നുണ്ട്. അയാളുടെ മാത്രമല്ല, ആ കണ്ണീരുറവകൾ ഗാലറിയിലേക്കും, പിന്നെ ലോകമെങ്ങും ടി.വി സ്ക്രീനിന് മുന്നിൽ കാത്തിരുന്ന കോടിക്കണക്കിന് ആരാധകരുടെ കണ്ണുകളിലേക്കും പടരുന്നു.
അതേ, പലതലമുറകൾക്ക് പ്രചോദനമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന കാൽപന്തു കളിയുടെ ഇതിഹാസം ലോകകപ്പിന്റെ വിശ്വവേദിയോട് വിടപറയുകയാണ്. ഫുട്ബാളിലെ എല്ലാം വെട്ടിപ്പിടിച്ച്, പട്ടാഭിഷേകവും രാജസൂയയാഗവും പൂർത്തിയാക്കി സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചയാൾ. അപ്പോഴും അതിനൊരു കുറവായി വിശ്വമേളയുടെ സ്വർണക്കപ്പുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പറങ്കിപ്പടയുടെ പോരാളികളെയും കൂട്ടി അതിനായുള്ള പോരാട്ടത്തിലായിരുന്നു അയാൾ. പക്ഷേ, ചിലപ്പോൾ വിധി അങ്ങനെയാണ്. കഠിനാധ്വാനവും പ്രതിഭയുമെല്ലാം നിർഭാഗ്യത്തിനു മുന്നിൽ അപ്രസക്തമാവും. എല്ലാം നേടിയിട്ടും ലോകകപ്പിന്റെ വേദിയിൽ നിന്നും ഒന്നുമില്ലാത്തവനായി പടിയിറക്കപ്പെടും.
സഹസ്രാബ്ദത്തിനു ശേഷം ലോക ഫുട്ബാളിൽ ഏറ്റവും ആരാധകരെ സൃഷ്ടിച്ച പ്രതിഭ കഴിഞ്ഞ രാത്രിയിൽ സ്പെയിനിനോടേറ്റ തോൽവിയോടെ രണ്ടു പതിറ്റാണ്ടുനീണ്ട ഫിഫ ലോകകപ്പിന്റെ കളിമുറ്റമൊഴിഞ്ഞു. ഇനിയൊരു ലോകകപ്പിൽ പോർചുഗലിന്റെ ഏഴാം നമ്പർ കുപ്പായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഇതിഹാസമുണ്ടാവില്ലെന്ന് അയാളും പ്രഖ്യാപിച്ചു കഴിഞ്ഞു.
യുസേബിയോയും ലൂയി ഫിഗോയും ലോകഫുട്ബാളിലേക്ക് ആമുഖം കുറിച്ച പോർചുഗലിന് ലോകമെങ്ങും കാൽപന്ത് ആരാധകരെ സമ്മാനിച്ചത് സി.ആർ സെവൻ ആയിരുന്നു. ക്ലബ് ജഴ്സിയിലും രാജ്യാന്തര ഫുട്ബാളിലും പോർചുഗലിന് മേൽവിലാസം സമ്മാനിച്ചു. പറങ്കിപ്പടയുടെ സ്വപ്നത്തിനും മുകളിലായിരുന്ന പലതും അയാൾ സൃഷ്ടിച്ചെടുത്ത സംഘവുമായി ചേർന്ന് വെട്ടിപ്പിടിച്ചു. ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ ഫുട്ബാൾ കിരീടം 2016ൽ ലിസ്ബണിലേക്ക് പറന്നത് അയാളുടെ മാത്രം പോരാട്ട വീര്യത്തിലായിരുന്നു. ശേഷം, യൂറോപ്പിലെ ഫുട്ബാൾ വമ്പന്മാർ പോരാടിയ യുവേഫ നാഷൻസ് ലീഗിൽ രണ്ടു തവണയും പോർചുഗലിനെ ജേതാക്കളാക്കി. വിശ്വം ജയിച്ചില്ലെങ്കിലും, ലിസ്ബൺ മുതൽ കൊച്ചി വരെയും, റിയോഡി ജനീറോ മുതൽ ടോക്യോവരെയും പറങ്കിപ്പടയുടെ ഫുട്ബാളിന് ആരാധകരെ സമ്മാനിച്ചാണ് രണ്ടു പതിറ്റാണ്ടു നീണ്ട ഫുട്ബാൾ കരിയറുമായി അയാൾ മടങ്ങുന്നത്.
ലോകം ജയിച്ച മെദീരയുടെ പുത്രൻ
2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ പോർചുഗൽ കുപ്പായത്തിൽ ക്രിസ്റ്റ്യാനോ പന്തുതട്ടുമ്പോൾ 21 ആയിരുന്നു പ്രായം. ലൂയി ഫിഗോയും റികാർഡോ കാർവലോയും ഉൾപ്പെട്ട പറങ്കിപ്പടയിലെ ഇളമുറക്കാരനായി തുടക്കം. അന്ന് നാലാം സ്ഥാനക്കാരായാണ് സംഘം അതിശയിപ്പിച്ചത്. പിന്നീടുള്ള എല്ലാ നാലുവർഷങ്ങളിലും യൂറോപ്യൻ രാജ്യത്തിന്റെ സ്വപ്നങ്ങളുടെ കപ്പിത്താനായി അയാൾ ലോകകപ്പ് വേദികളിലെത്തി. 2010, 2014, 2018, 2022 ലോകകപ്പുകളിലും ഈ യാത്ര ആവർത്തിച്ചു.
എന്നാൽ, കടലുകളിൽ പ്രതിസന്ധികളെ ഒന്നിച്ച് നീന്തിക്കയറുന്ന കപ്പിത്താന്മാരുടെ നാട്ടുകാരന് ലോകകപ്പ് വേദികളിൽ അടിപതറൽ പതിവായി. പ്രീക്വാർട്ടറിലും ഗ്രൂപ് റൗണ്ടിലും ക്വാർട്ടർ ഫൈനലിലും പുറത്താവൽ ആവർത്തിച്ചപ്പോൾ, ക്രിസ്റ്റ്യാനോ ലോകവേദിയിൽ എന്നുമൊരു കണ്ണീർക്കാഴ്ചയായി. ഇത്തവണ ആ പതിവ് തെറ്റുമെന്നായിരുന്നു ലോകത്തിന്റെ സ്വപ്നം. സമകാലികനായ ലയണൽ മെസ്സി നാലു വർഷം മുമ്പ് വിശ്വകിരീടത്തിൽ മുത്തമിട്ടപ്പോൾ, ഇത്തവണ ക്രിസ്റ്റ്യാനോയുടെ ഊഴമായിരിക്കുമെന്ന് ആരാധക ലോകം ഉറച്ചുവിശ്വസിച്ചു. എന്നാൽ, ലിസ്ബൺ തീരത്തു നിന്നും 600 മൈൽ അകലെ ഉൾക്കടലിലെ മെദീരയെന്ന ദ്വീപിന്റെ പുത്രന് കണ്ണീർ തന്നെ ആവർത്തനമായി.
41 വയസ്സ് പിന്നിട്ടിരിക്കെ, നാലു വർഷത്തിനു ശേഷമെത്തുന്ന ലോകകപ്പിൽ പന്തുതട്ടാൻ ശരീരം അനുവദിക്കില്ലെന്ന ഉറപ്പിലാണ് ക്രിസ്റ്റ്യാനോ ലോകകപ്പിനോട് വിടപറയുന്നത്. ‘‘ഈ രീതിയിൽ ലോകകപ്പിൽനിന്ന് പുറത്തുപോയതിൽ ദുഃഖമുണ്ട്. എന്നാൽ, ഞാൻ എന്റെ സർവം നൽകി കളിച്ചു. പൂർണ തൃപ്തിയോടെയാണ് മടങ്ങുന്നത്. ഇത് എന്റെ അവസാന ലോകകപ്പായിരുന്നു എന്നത് സത്യമാണ്. ഇപ്പോൾ കുറച്ചു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. വിരമിക്കലിൽ പെട്ടെന്നുള്ള എടുത്തുചാട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല’’-കളിമൈതാനത്തെ ഒരു യുഗാന്ത്യത്തിന്റെ സൂചനയുമായി ക്രിസ്റ്റ്യാനോ പറഞ്ഞു. ‘എനിക്കുമുമ്പ് പോർചുഗൽ ഒരു പ്രധാന കിരീടം പോലും നേടിയിരുന്നില്ല. 2016ൽ യൂറോ വിജയം രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്. സത്യസന്ധമായി പറഞ്ഞാൽ, അത് എനിക്ക് ലോകകപ്പിന് തുല്യമായ വികാരമാണ് നൽകുന്നത്’ -ക്രിസ്റ്റ്യാനോയുടെ വാക്കുകളിലുണ്ട് എല്ലാം.


