Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഗ്രൗണ്ടിലെ അതിക്രമം;...

ഗ്രൗണ്ടിലെ അതിക്രമം; അർജന്റീന താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

text_fields
bookmark_border
ഗ്രൗണ്ടിലെ അതിക്രമം; അർജന്റീന താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
cancel

ന്യൂയോർക്ക്: 2026 ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അർജന്റീന താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് ഫൈനലിന്റെ ഫുൾ ടൈം വിസിലിന് പിന്നാലെ ഗ്രൗണ്ടിലുണ്ടായ നാടകീയ രംഗങ്ങളിലാണ് ഫിഫ അച്ചടക്ക സമിതിയുടെ ഇടപെടൽ. അർജന്റീന പ്രതിരോധ താരം മൊളീന, മിഡ്‌ഫീൽഡർ ലിയാൻഡ്രോ പരേഡസ്, സഹപരിശീലകൻ ഫാബിയൻ അയല എന്നിവർക്കെതിരെയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

തിങ്കളാഴ്ച ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. ഇതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സ്പാനിഷ് നായകൻ റോഡ്രിയെ അർജന്റീനയുടെ മൊളീന തള്ളിമാറ്റിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ഡാനി ഓൽമോ, എറിക് ഗാർസ്യ, ഗാവി തുടങ്ങിയ സ്പാനിഷ് താരങ്ങൾക്ക് നേരെയും കടുത്ത കയ്യേറ്റമുണ്ടായി.

ഡാനി ഓൽമോയുടെ കഴുത്തിന് അർജന്റീനൻ സഹപരിശീലകൻ ഫാബിയൻ അയല പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ലിയാൻഡ്രോ പരേഡസ് എറിക് ഗാർസ്യയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ഗാവിയെ തള്ളി താഴെയിടുകയും ചെയ്തത്. അർജന്റീനൻ മുഖ്യപരിശീലകൻ ലയണൽ സ്കലോനി ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

സംഭവത്തിൽ റഫറി പരേഡസിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ എൻസോ ഫെർണാണ്ടസിനും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. കൂടാതെ സ്കലോനിക്കും മറ്റ് മൂന്ന് അർജന്റീനൻ താരങ്ങൾക്കും നേരെ റഫറി മഞ്ഞക്കാർഡും വീശി.

മത്സരശേഷമുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഫിഫ ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 36 പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പ്രോസിക്യൂട്ടറെ ഫിഫ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ താരങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

ഫൈനലിലെ പ്രശ്നങ്ങൾക്ക് പുറമെ, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷമുള്ള അർജന്റീനയുടെ വിജയാഘോഷവും ഫിഫ അന്വേഷിക്കുന്നുണ്ട്. 'മാൽവിനാസ് (ഫാക്‌ലാൻഡ് ദ്വീപുകൾ) അർജന്റീനയുടേതാണ്' എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു താരങ്ങളുടെ ആഘോഷം. ആരാധകർ രഹസ്യമായി സ്റ്റേഡിയത്തിൽ എത്തിച്ച ബാനറാണിത്. ഫുട്ബാൾ മൈതാനത്ത് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിന് ഫിഫയുടെ കർശന വിലക്കുണ്ട്. അതിനാൽ ഈ സംഭവത്തിലും അർജന്റീനൻ താരങ്ങൾ നടപടി നേരിടേണ്ടി വന്നേക്കും.

Show Full Article
TAGS:FIFA World Cup 2026 Argentin Spain Violence FIFA 
News Summary - FIFA Launches Probe Into Argentina Players
Next Story