ഇന്ത്യ ലോകകപ്പിൽ കളിക്കുന്നില്ലല്ലോ, പിന്നെന്തിനാണ് ഇത്ര ആഘോഷം?
text_fieldsഫിഫിയും ജോർഡനും
ലോകകപ്പ് മത്സരങ്ങളുടെ ചൂടും ചൂരും നമ്മുടെ നാട്ടിൽ മുമ്പെങ്ങുമില്ലാത്ത രീതിയിൽ വലിയ രീതിയിൽ ഉയർന്ന് നിൽക്കുകയാണല്ലോ ... മെസ്സിയും നെയ്‌മറും ക്രിസ്റ്റ്യാനോയും വലിയ കട്ടൗട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു. പക്ഷേ ഇവിടെ അത്തരം കട്ടൗട്ടുകൾ ഒന്നുമില്ല, കളിയുടെ ആരവങ്ങൾ സ്റ്റേഡിയത്തിനകത്തും ഫാൻ ഫെസ്റ്റി വെൽ നടക്കുന്ന പ്രദേശത്തും ഒതുങ്ങുന്നു. ട്രെയിൻ സംവിധാനങ്ങൾ വളരെ മുമ്പ് തന്നെ വലിയ രീതിയിൽ പുരോഗമിച്ച ഒരു രാജ്യമായത് കൊണ്ട് പൊതു ഗതാഗതത്തിന് വ്യത്യസ്ത തരം ട്രയിനുകൾ ഇവിടെ ലഭ്യമാണ്.
ആദ്യമായി ട്രയിൻ കയറാൻ എത്തുമ്പോൾ ആളുകളുടെ ഓട്ടപാച്ചിനിടയിൽ നമ്മൾ അന്തം വിട്ടു നിന്ന് പോകും. 2010 ൽ മുംബൈയിലെ സൗത്താഫ്രിക്കൻ കോൺസുലേറ്റിൽ ഫിഫയുടെ ഇന്റർവ്യൂവിനായി പോയ സമയത്ത് സി.എസ്.ടി സ്റ്റേഷൻ കണ്ട് അമ്പരന്ന് പോയത് പോലെ ഇടതടവില്ലാതെ ഉറുമ്പുകൾ ചലിക്കുന്ന പോലെ ജനസാഗരം ആണ് മാൻഹാട്ടൻ പെൻ സ്റ്റേഷനിൽ.
രാവിലെയും വൈകുന്നേരവും പീക്ക് ടൈം ഫെയർ എന്ന രീതിയിൽ രണ്ട് ഡോളറിൽ കൂടുതലാണ് ടിക്കറ്റ് നിരക്ക്. പക്ഷേ കളിയുള്ള ദിവസങ്ങളിൽ കളി കാര്യമാവുന്ന രീതിയിലാണ് സ്റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള ട്രെയിൻ നിരക്ക് 90 ഡോളർ ഏകദേശം ഒമ്പതിനായിരം ഇന്ത്യൻ രൂപ.
എക്വഡോർ-ജർമനി കളിയുള്ള സ്റ്റേഡിയത്തിലേക്ക് രാവിലെ തന്നെ പോകാനായി താമസ സ്ഥലത്ത് നിന്നും ട്രയിൻ കയറാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് രണ്ട് പേരെ പരിചയപ്പെടുന്നത്, ഘാനക്കാരൻ ഫിഫിയും നൈജീരിയക്കാരനാണെങ്കിലും അമേരിക്കൻ പൗരത്വമുള്ള ജോർഡനും. ഫിഫിക്ക് കേരളവും ഇന്ത്യയും കാണാ പാഠം.
കാരണം പുള്ളി സുഹൃത്തുമായി ഒട്ടനവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ പഠിക്കുന്ന സമയത്ത് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ വ്യത്യസ്ത ടീമുകളിൽ സെവൻസും കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞതോടൊപ്പം, ഇന്ത്യ ലോകകപ്പിൽ കളിക്കുന്നില്ലല്ലോ പിന്നെ എന്തിനാണ് നിങ്ങളുടെ നാട്ടിൽ ഇത്തരം ആഘോഷങ്ങൾ എന്ന തമാശ രൂപേണയുള്ള സംസാരവും എന്നെ പെട്ടന്ന് ഒരുപാട് ചിന്തിപ്പിച്ചു.
അടുത്ത ട്രെയിൻ വരുന്നത് വരെ പുള്ളിയുടെ വക കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്തിനെ കുറിച്ചുളള ചർച്ചകൾ ആയിരുന്നു. കേരളീയ ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം സുഹൃത്ത് ജോർഡനോടായി പറയുന്നുണ്ടായിരുന്നു കേരളം എന്തായാലും കാണേണ്ട സ്ഥലം തന്നെയാണെന്ന്. ഇത് കേട്ടപ്പോൾ അഭിമാനം വാനോളം.


