ഈജിപ്തിന് രാജകീയ വരവേൽപ്
text_fieldsകൈറോ: ലോകകപ്പിലെ വീരോചിത പ്രകടനത്തിനു പിന്നാലെ നാട്ടിൽ മടങ്ങിയെത്തിയ ഈജിപ്ത് ടീമിന് ആവേശോജ്ജ്വല വരവേൽപ്. പ്രീക്വാർട്ടറിൽ അർജന്റീനക്ക് മുന്നിൽ പൊരുതി കീഴടങ്ങിയ മുഹമ്മദ് സലാഹും സംഘവും അൽഅമീൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ പതിനായിരക്കണക്കിന് ആരാധകരാണ് സ്വീകരിക്കാനെത്തിയത്. വിമാനത്താവളത്തിൽ നിന്നും തുറന്ന ബസിൽ ചാമ്പ്യന്മാർക്കൊത്ത പരിവേഷത്തോടെ സലാഹിനെയും സഹതാരങ്ങളെയും നഗരത്തിലെ തെരുവുകളിലൂടെ ആനയിച്ചു. ഈജിപ്തിന്റെ ദേശീയ പതാകക്കൊപ്പം, ഫലസ്തീൻ പതാകയും വീശിയാണ് ടീം അംഗങ്ങൾ ആരാധകർക്കു നടുവിലൂടെ നീങ്ങിയത്. ശനിയാഴ്ച ടീം അംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും പ്രസിഡന്റ് അബ്ദുൽ ഫതാസ് അൽ സിസി പ്രത്യേക വിരുന്നൊരുക്കിയിട്ടുണ്ട്.


