സുൽത്താനെ ഇങ്ങനെ ട്രോളല്ലേ; നെയ്മർ ലോകത്തെ ആദ്യ 'വർക്ക് ഫ്രം ഹോം' താരമെന്ന് ബ്രസീൽ പ്രസിഡന്റ്
text_fieldsബെലോ ഹൊറിസോണ്ട: ലോകകപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ ബ്രസീൽ ആരാധകരെ ഞെട്ടിച്ച് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയുടെ വിവാദ പരാമർശം. പരിക്ക് മൂലം ടീമിന് പുറത്തിരിക്കുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറെ 'വർക്ക് ഫ്രം ഹോം' താരം എന്ന് വിളിച്ചാണ് പ്രസിഡന്റ് പരസ്യമായി പരിഹസിച്ചത്. തന്റെ നാലാം ലോകകപ്പിൽ കളിക്കാൻ തയ്യാറെടുക്കുന്ന നെയ്മറെക്കുറിച്ചുള്ള പ്രസിഡന്റിന്റെ ഈ ട്രോൾ കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ലോകത്തെ ആദ്യ വർക്ക് ഫ്രം ഹോം കളിക്കാരൻ
ബെലോ ഹൊറിസോണ്ടിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ബ്രസീലിന്റെ നിലവിലെ ഏറ്റവും മികച്ച താരം ആരാണെന്ന് സദസ്സിലുണ്ടായിരുന്ന ഒരു കുട്ടിയോട് പ്രസിഡന്റ് ചോദിച്ചപ്പോൾ കുട്ടി 'നെയ്മർ' എന്ന് മറുപടി നൽകി. ഇതോടെയാണ് ലൂല പരിഹാസവുമായി രംഗത്തെത്തിയത്.
'നെയ്മർ ഇപ്പോൾ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ,' ലൂല ചിരിച്ചുകൊണ്ട് പറഞ്ഞു. 'അവൻ ലോകത്തെ ആദ്യത്തെ 'വർക്ക് ഫ്രം ഹോം' ദേശീയ ടീം കളിക്കാരനാണ്. ഒരു വർക്ക് ഫ്രം ഹോം താരം!' - ലൂല കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ കണ്ട ഒരു തമാശയാണിതെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, ഇങ്ങനെയൊക്കെ പോയാൽ ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 11 പെലെമാരെ സൃഷ്ടിച്ച് ബ്രസീൽ ടീം ഉണ്ടാക്കേണ്ടി വരുമെന്നും പരിഹസിച്ചു.
പരിക്കിനോട് പോരാടി നെയ്മർ; തിരിച്ചുവരവ് ഉടനെന്ന് സൂചന
കാഫ് മസിലിനേറ്റ പരിക്ക് കാരണം ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും നെയ്മറിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. മൊറോക്കോയ്‌ക്കെതിരായ സമനിലയിലും ഹെയ്തിക്കെതിരായ (3-0) തകർപ്പൻ ജയത്തിലും താരം കളത്തിലുണ്ടായിരുന്നില്ല.
ഹെയ്തിക്കെതിരായ മത്സരത്തിനായി ടീം ഫിലാഡൽഫിയയിലേക്ക് പോയപ്പോൾ, നെയ്മർ ന്യൂജേഴ്‌സിയിലെ ബ്രസീലിന്റെ പരിശീലന ക്യാമ്പിൽ തുടരുകയായിരുന്നു. വരാനിരിക്കുന്ന സ്കോട്ട്‌ലൻഡിനെതിരായ നിർണായക മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തുക ലക്ഷ്യമിട്ട് കഠിനമായ പുനരധിവാസ പ്രക്രിയയിലാണ് താരം. ശനിയാഴ്ച താരം മൈതാനത്ത് ലഘു പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പരിക്ക് മാറിയ പ്രതിരോധ താരം അലക്സ് സാൻഡ്രോയും നെയ്മർക്കൊപ്പമുണ്ട്.
അന്തിമ തീരുമാനം കോച്ച് ആഞ്ചലോട്ടിയുടെയത്
പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് പരിഹാസമുയർന്നെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ക്യാമ്പിൽ നിന്ന് വരുന്നത്. നെയ്മറെ വീണ്ടും ടീമിലേക്ക് ഉൾപ്പെടുത്തുമെന്ന് ഹെയ്തിക്കെതിരായ വിജയത്തിന് ശേഷം കോച്ച് കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ സ്കോട്ട്‌ലൻഡിനെതിരെ താരം ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യം തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിലെ കടുത്ത പരിശീലനത്തിന് ശേഷമേ വ്യക്തമാകൂ.
നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ബ്രസീൽ മികച്ച നിലയിലാണ്. എങ്കിലും നോക്കൗട്ട് യോഗ്യത ഉറപ്പാക്കാൻ തങ്ങളുടെ പത്താം നമ്പർ ജേഴ്‌സിക്കാരൻ കളത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള കനാലറിപ്പടയുടെ ആരാധകർ.


