Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഇനി പെരുങ്കളിയാവേശം

ഇനി പെരുങ്കളിയാവേശം

text_fields
bookmark_border
ഇനി പെരുങ്കളിയാവേശം
cancel

ദുബൈ: ആവേശക്കാഴ്ചകളുടെ ആകാശം തുറക്കുകയാണ്. അങ്ങ് അമേരിക്കയിലും മെക്സികോയിലും കനഡയിലുമായി കളിയുടെ പെരുങ്കളിയാട്ടത്തിലേക്ക് പന്തുരുളുമ്പോൾ മണലാരണ്യത്തിലും ആവേശം പൂത്തുതളിർക്കുന്നു. പ്രവാസത്തിന്‍റെ ഗോൾമുഖത്തേക്ക് കയറിക്കളിക്കാനെത്തിയ മലയാളികളേറെയും വിശ്വകപ്പിന്‍റെ ഗോൾവല കുലുങ്ങുന്ന മഹനീയ നിമിഷങ്ങളിലേക്കാണ് കൺപാർക്കുന്നത്. ആകാശ നീലിമയിലെ അർജന്‍റീനയും മഞ്ഞയിൽ വിരിയുന്ന കാനറിക്കൂട്ടവുമൊക്കെ അവരുടെ ഇഷ്ടങ്ങളിൽ കിരീട സ്വപ്നങ്ങളുടെ കനകവർണം തീർക്കുന്ന നാളുകളാണിനി. നാളെ രാത്രി യു.എ.ഇ സമയം 11.00ന് മെക്സികോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്സികോയും ദക്ഷിണാഫ്രിക്കയും നേരങ്കം കുറിക്കുന്നതോടെ നാലാണ്ടിനിടയിലൊരിക്കൽ ഭൂമിയെ ആരവങ്ങളിൽ മുക്കുന്ന ആ ഉത്സവത്തിന് കൊടിയേറ്റമായി. പ്രവാസലോകം ഈ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ്. ഈ ഭൂഗോളത്തിലെ ഏതാണ്ടെല്ലാ രാജ്യക്കാരെയും കോർത്തിണക്കുന്ന യു.എ.ഇയുടെ മണ്ണിലെ വിവിധ രാജ്യക്കാരായ താമസക്കാർക്കിടയിൽ കളിയുടെ വർത്തമാനങ്ങൾ നിറയുന്ന നാളുകളാണിനി.

ജൂൺ 11 മുതൽ ജൂലൈ 19 വരെ യു.എ.ഇ സമയം രാത്രി എട്ടുമണി മുതൽ രാവിലെ ഒമ്പതു മണിവരെ വിഭിന്ന സമയങ്ങളിൽ അരങ്ങേറുന്ന വിശ്വപോരാട്ടങ്ങൾ നിദ്രാവിഹീനമായ ആവേശനാളുകൾക്ക് കൂടിയാണ് അരങ്ങൊരുക്കുന്നത്. രാത്രി 8.00, 9.00, 11.00, 12.00, 12.30, 1.00, 2.00, 3.30, 4.00, 4.30, 5.00, 6.00, 7.00 എന്നിങ്ങനെയുള്ള സമയങ്ങളിലാണ് ഈ ലോകകപ്പിൽ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. കടുത്ത ചൂടിലും ചൂരുകുറയാതെ, രാത്രിയിൽ ഉച്ചസ്ഥായിയിലാവുന്ന കളിക്കമ്പത്തിന് യു.എ.ഇയിലെ കഫേകളും പാർക്കുകളുമൊക്കെ നിലമൊരുക്കുകയാണ്. പ്രവാസ ലോകത്തിന്‍റെ ലോകകപ്പ് ജ്വരം സോഷ്യൽ മീഡിയയിൽ നേരത്തേ, പാരമ്യത്തിലെത്തിക്കഴിഞ്ഞു. ആരാധകക്കൂട്ടത്തിൽ അർജന്‍റീനയിലും ബ്രസീലും തന്നെ മുഖ്യ എതിരാളികൾ. പോർചുഗലിനും ഇംഗ്ലണ്ടിനും സ്പെയിനിനും ഫ്രാൻസിനുമൊക്കെ തരക്കേടില്ലാത്ത ആരാധകക്കൂട്ടമുണ്ട്. മൊറോക്കോയും ഈജിപ്തും സൗദിയും ഖത്തറും ഉൾപ്പെടെയുള്ള ടീമുകളെ പിന്തുണക്കുന്നവരുമേറെ. ജോലിത്തിരക്കിനിടയിൽ കളിയാവേശവുമായി കേരളത്തിലേതുപോലെ ആരവങ്ങളുതിർത്തു നടക്കാൻ നേരമില്ലെങ്കിലും ഉള്ളിലതങ്ങനെ നിറഞ്ഞു പതയുകയാണ്. നാട്ടിൽ മുക്കിന് മുക്കിന് ഉയരുന്ന ഫ്ലക്സുകൾക്കുവേണ്ടിയുള്ള പിരിവിൽ സിംഹഭാഗവും ഗൾഫിൽനിന്നാകുന്നതും അതുകൊണ്ടുതന്നെ. ‘ഇക്കുറി ബ്രസീൽ തന്നെ..’, ആരു ജയിക്കുമെന്ന ചോദ്യത്തിന് കറാമയിൽ ജോലി ചെയ്യുന്ന മലപ്പുറത്തുകാരൻ ഫൈസലിന് സംശയമൊന്നുമില്ല. ‘കഴിഞ്ഞ തവണ കപ്പടിച്ചതുകൊണ്ട് ഇക്കുറി വലിയ ആവേശമില്ല അല്ലേ?’ എന്നു ചോദിക്കുമ്പോൾ കടുത്ത അർജന്‍റീന ആരാധകനായ കൽപറ്റ സ്വദേശിയായ നിജാമിന് ഉത്തരമുണ്ട്. ‘മെസ്സിയുടെ അവസാന ലോകകപ്പാണ്. ഇക്കുറിയും തുടരും’ -ആവേശത്തിന് കുറവൊന്നുമില്ലെന്ന് സാക്ഷ്യം.

Show Full Article
TAGS:gulfnews gulfnewsmalayalam UAE FIFA World Cup 
News Summary - Now, the grand spectacle begins
Next Story