Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightമകൻ കിക്കെടുക്കും,...

മകൻ കിക്കെടുക്കും, അച്ഛൻ ഗോളിയാവും...; കിരീട വിജയങ്ങളിൽ പിതാവിനൊപ്പം പെഡ്രിയുടെ വേറിട്ട ആഘോഷം; കാരണം ഇതാണ്...

text_fields
bookmark_border
FIFA World Cup 2026
cancel
camera_alt

പെഡ്രിയുടെ പെനാൽറ്റി കിക്ക് പിതാവ് സേവ് ചെയ്യുന്നു

മഡ്രിഡ്: ലോകചാമ്പ്യന്മാരായ സ്പെയിനിന്റെ മധ്യനിരയിലെ യുവതാരമാണ് പെഡ്രി. ഫൈനൽ ഉൾപ്പെടെ മത്സരങ്ങളിൽ ഫാബിയാൻ റൂയിസിന് പകരക്കാരനായി കളത്തിലെത്തി സ്പാനിഷ് വിജയത്തിൽ നിർണായകമാവുന്ന താരം. സ്പെയിനിന്റെ സുവർണ തലമുറയിൽ ആദ്യനിരയിൽ തന്നെയുണ്ട് ബാഴ്സലോണയുടെ മധ്യനിരക്കാരൻ കൂടിയായ പെഡ്രി.

ക്ലബിലായാലും ദേശീയ ടീമിലായാലും കിരീടമണിഞ്ഞതിനു പിന്നാലെ വ്യത്യസ്തമായൊരു ആഘോഷം കൊണ്ട് ശ്രദ്ധേയനാണ് ഈ 22കാരൻ. ഇത്തവണ ന്യൂയോർക് മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ സ്പെയിൻ ലോകകിരീടമണിഞ്ഞതിനു പിന്നാലെയും പെഡ്രിയുടെ ആഘോഷാചാരം മാറിയില്ല. സഹതാരങ്ങളെല്ലാം പലവിധത്തിൽ ആഘോഷിക്കുമ്പോൾ പെഡ്രി തന്റെ പിതാവ് ഫെർണാണ്ടോ ഗോൺസാലസിനെ മൈതാനത്തേക്ക് വിളിച്ചാണ് തുടങ്ങുന്നത്. അച്ഛനെ ഗോൾ പോസ്റ്റിന് കാവൽക്കാരനാക്കി മകൻ ഒരു പെനാൽറ്റി കിക്ക് എടുക്കും. ഡൈവ് ചെയ്ത് പിതാവ് പന്ത് കൈപ്പിടിയിലൊതുക്കുമ്പോൾ ചുറ്റിലും സഹതാരങ്ങളും അവരുടെ കുടുംബാംഗങ്ങളും ടീം ഒഫീഷ്യലുകളും കൈയടിക്കാനുണ്ടാകും.

ലാ ലിഗ കിരീടമായാലും ലോക കിരീടമായാലും പെഡ്രിയുടെ ആഘോഷത്തിന് മാറ്റമില്ല. ഇതിനു പിന്നിൽ ഒരു ത്യാഗത്തിന്റെയും കടപ്പാടിന്റെയും കഥകൂടിയുണ്ടെന്ന് പെഡ്രി തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതിങ്ങനെ.. ‘നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്നു ഫെർണാണ്ടോ. ഗോൾകീപ്പറായി പ്രഫഷനൽ താരമാവണമെന്നായിരുന്നു സ്വപ്നം. സെമി പ്രഫഷനൽ തലത്തിൽ കളിക്കുകയും ചെയ്തു. ഇതിനിടയിലാണ് പിതാവിന്റെ മരണം. ഇതോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത ഫെർണാണ്ടോ അച്ഛന്റെ ബിസിനസിലേക്കിറങ്ങി. ഫുട്ബാൾ സ്വപ്നങ്ങൾ അടച്ചുവെക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. മകൻ പെഡ്രി മികച്ച ഫുട്ബാളറായി വളർന്നു. ലാ പാമാസ് അക്കാദമി വഴി, ദേശീയ ടീമിലും ഇപ്പോൾ ലോകചാമ്പ്യനും’. ഒരച്ഛന്റെ ഫുട്ബാൾ അഭിലാഷങ്ങൾക്കുള്ള ആദരവായാണ് ഓരോ ടൂർണമെന്റ് വിജയ ശേഷവും ഈ അച്ഛനും മകനും പെനാൽറ്റി കിക്കെടുത്ത് ആഘോഷിക്കുന്നത്.

അന്ന് കാപ്ഡെവിയ, ഇന്ന് കുകുറെയ

സ്പെയിൻ-അർജന്റീന ലോകകപ്പ് ഫൈനൽ കിക്കോഫിനുമുമ്പ് മൈതാനത്തെ ടച്ച് ലൈനിന് പുറത്തേക്ക് ധിറുതിയിൽ നടന്നുപോയ സ്പാനിഷ് താരം മാർക് കുകുറെയ മണ്ണിലൊളിപ്പിച്ച നാണയത്തിനു പിന്നിലെ രഹസ്യം തേടുകയാണ് ഫുട്ബാൾ ആരാധകർ.

കുകുറെയയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് മുൻ സ്പാനിഷ് ലോകചാമ്പ്യൻ ടീം അംഗം ജൊവാൻ കാപ്ഡെവിയയാണ് വിജയത്തിനു പിന്നിലെ നിഗൂഢ നാണയ ഭാഗ്യത്തിന്റെ രഹസ്യം പങ്കുവെച്ചത്. 2010 ലോകകപ്പിൽ സ്പെയിൻ ആദ്യമായി കിരീടം നേടിയ മത്സരത്തിന് മുമ്പ് ഡിഫൻഡറായ കപ്ഡെവിയും സമാനമായി മൈതാനത്തിന് പുറത്തൊരു നാണയം കുഴിച്ചിട്ടതായി താരം തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ ‘ഭാഗ്യ നാണയം’ ചൂടൻ ചർച്ചയായി. ടച്ച് ലൈനിന് പുറത്തെത്തിയതിനു പിന്നാലെ സോക്സിനുള്ളിൽ നിന്നും എന്തോ പുറത്തെടുത്ത് പുല്ലനുള്ളിലായി സ്ഥാപിക്കുന്നതാണ് കുകുറെയയുടെ വിഡിയോയിലുള്ളത്.

ആരുമറിയാത്ത രഹസ്യം വെളിപ്പെടുത്തട്ടെ എന്ന മുഖവുരയോടെയാണ് കാപ്ഡെവിയ വിഡിയോ പങ്കുവെച്ചത്. അന്ന് ജൊഹാനസ് ബർഗിൽ നടന്ന ഫെനലിൽ നെതർലൻഡ്സിനെ 1-0ത്തിന് തോൽപിച്ചാണ് സ്പെയിൻ ആദ്യമായി ലോകകിരീടമണിഞ്ഞത്. ഇത്തവണ, അർജന്റീനയെ 1-0ത്തിന് തോൽപിച്ച് രണ്ടാം കിരീടവുമണിഞ്ഞു.

Show Full Article
TAGS:FIFA World Cup 2026 Pedri Spain football team 
News Summary - Pedri's special celebration during the crown victories
Next Story