Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right'ആഞ്ചലോട്ടിയെ...

'ആഞ്ചലോട്ടിയെ പുറത്താക്കണം, പരിശീലകനായി തുടരുന്നത് അംഗീകരിക്കാനാവില്ല'; റൊമാരിയോ

text_fields
bookmark_border
ആഞ്ചലോട്ടിയെ പുറത്താക്കണം, പരിശീലകനായി തുടരുന്നത് അംഗീകരിക്കാനാവില്ല; റൊമാരിയോ
cancel

റിയോ ഡി ജനീറോ: 2026 ലോകകപ്പിലെ പ്രീക്വാർട്ടറിൽ നോർവെയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിന് പിന്നാലെ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇതിഹാസം റൊമാരിയോ. ആഞ്ചലോട്ടിയെ എത്രയും വേഗം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും, രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഈ പരാജയത്തിന് ശേഷം അദ്ദേഹം സ്ഥാനത്ത് തുടരുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്നും 1994-ലെ ലോകകപ്പ് ജേതാവ് കൂടിയായ റൊമാരിയോ തുറന്നടിച്ചു.

തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കവെയാണ് കാർലോ ആഞ്ചലോട്ടിക്കെതിരെ റൊമാരിയോ പൊട്ടിത്തെറിച്ചത്. ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റായിരുന്നെങ്കിൽ താൻ അഞ്ചലോട്ടിയുടെ കരാർ വലിച്ചുകീറിയേനെ എന്ന് അദ്ദേഹം പറഞ്ഞു.

"മത്സരശേഷം ഞാൻ ഡ്രസ്സിങ് റൂമിൽ പോയി ഇങ്ങനെ പറയുമായിരുന്നു: 'ശരി, വളരെ നന്ദി, വിട... നിങ്ങൾക്ക് വേണമെങ്കിൽ ഇതിനെതിരെ കോടതിയിൽ പോകാം, അവിടെ വെച്ച് കാണാം'. ഈ നാണക്കേടിനും പരാജയത്തിനും ശേഷം ആഞ്ചലോട്ടി ബ്രസീൽ പരിശീലകനായി തുടരുന്നത് അംഗീകരിക്കാനാവില്ല. ഇത് മാറ്റിയേ തീരൂ," റൊമാരിയോ വ്യക്തമാക്കി.

മുൻ പരിശീലകരുമായി ആഞ്ചലോട്ടിയെ താരതമ്യം ചെയ്ത അദ്ദേഹം, തോറ്റിട്ടും അഞ്ചലോട്ടി സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ചു. "ഡുംഗ തോറ്റപ്പോൾ പുറത്തായി, സ്കൊളാരി കപ്പടിച്ചപ്പോൾ തുടർന്നു, ടിറ്റെ തോറ്റിട്ടും തുടർന്നു, വീണ്ടും തോറ്റു. ഇപ്പോൾ ഇതാ ആഞ്ചലോട്ടിയും തോറ്റിട്ട് തുടരാൻ പോകുന്നു. ഇത് അനുവദിക്കാനാവില്ല."

ആഞ്ചലോട്ടിയുടെ തന്ത്രങ്ങളെയും ടീം സെലക്ഷനെയും റൊമാരിയോ രൂക്ഷമായി വിമർശിച്ചു. ബ്രൂണോ ഗിമാറസിനെ പിൻവലിച്ചതും എഡേഴ്സനെ റൈറ്റ് ബാക്കായി കളിപ്പിച്ചതും എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. "അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറ്റ് ഫുൾ ബാക്കുകളെ ടീമിലെടുക്കാത്തത് കൊണ്ടാണോ എഡേഴ്സനെ അവിടെ കളിപ്പിച്ചത്? ഒരു ഫുൾ ബാക്കിന് പരിക്കേറ്റപ്പോൾ പകരക്കാരനായി സെന്റർ ബാക്കിനെയാണോ ഇറക്കേണ്ടത്?" റൊമാരിയോ ചോദിച്ചു.

ബ്രസീലിന്റെ യുവ സൂപ്പർതാരം എൻഡ്രിക്കിനെതിരെയും റൊമാരിയോ വിമർശനമുന്നയിച്ചു. നോർവെക്കെതിരായ മത്സരത്തിൽ എൻഡ്രിക്ക് തീർത്തും നിറംമങ്ങിയിരുന്നു. താരത്തിന്റെ അപാരമായ കഴിവിനെ അംഗീകരിക്കുന്നുണ്ടെങ്കിലും, ലോകകപ്പ് പോലൊരു വലിയ വേദിയിൽ 'ചെറിയ പ്രായം' എന്നത് ഒരു ഒഴിവുകഴിവായി പറയാനാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പ് പോലെയുള്ള വലിയ വേദികളിൽ ലഭിക്കുന്ന അവസരങ്ങൾ താരങ്ങൾ എന്തുവിലകൊടുത്തും മുതലാക്കണമെന്നും, അവിടെ അനുഭവസമ്പത്തിനേക്കാൾ മികച്ച പ്രകടനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിരീട ഫേവറൈറ്റുകളായി വന്ന് പ്രീക്വാർട്ടറിൽ നോർവെയോട് തോറ്റ് മടങ്ങിയ ബ്രസീൽ ടീമിൽ വരും ദിവസങ്ങളിൽ വലിയ അഴിച്ചുപണികൾ നടക്കാൻ സാധ്യതയുണ്ടെന്നാണ് റൊമാരിയോയുടെ രൂക്ഷപ്രതികരണങ്ങൾ നൽകുന്ന സൂചന. അഞ്ചലോട്ടി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ബ്രസീലിയൻ ഫുട്ബോൾ ലോകത്ത് ചൂടേറിയ ചർച്ചയാകുന്നത്.

Show Full Article
TAGS:FIFA World Cup 2026 brazil carlo ancelotti Romario World Cup exit 
News Summary - Romário Slams Carlo Ancelotti: Demands Brazil Coach's Exit After World Cup Exit
Next Story