Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവീണ്ടും മെറീനോയുടെ...

വീണ്ടും മെറീനോയുടെ ഗോൾഡൻ ടച്ച്; ബെൽജിയത്തെ തോൽപിച്ച് സ്പെയിൻ സെമിയിൽ

text_fields
bookmark_border
വീണ്ടും മെറീനോയുടെ ഗോൾഡൻ ടച്ച്; ബെൽജിയത്തെ തോൽപിച്ച് സ്പെയിൻ സെമിയിൽ
cancel

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമിഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ജയം സ്വന്തമാക്കിയത്. സെമി ഫൈനലിൽ യൂറേപ്യൻ കരുത്തരായ ഫ്രാൻസാണ് സ്പെയിനിനെ കാത്തിരിക്കുന്ന എതിരാളികൾ. അവസാന നിമിഷം വരെ ആവേശം അണപൊട്ടിയ മത്സരത്തിൽ, പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടിയ മിഖായേൽ മെറിനോയാണ് 'ലാ റോഹ'യുടെ വിജയശില്പിയായത്.

ലോകകപ്പിൽ തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോളുകൾ വഴങ്ങാത്ത സ്പെയിനിന്റെ ചരിത്രപരമായ പ്രതിരോധക്കോട്ടയ്ക്ക് ഈ മത്സരത്തിൽ വിള്ളലുകൾ വീണു. 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. പെഡ്രോ പോറോയും ലാമിൻ യമാലും ചേർന്ന് മെനഞ്ഞെടുത്ത തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടുവ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ചാണ് റൂയിസ് ഗോൾ കുറിച്ചത്. എന്നാൽ 41-ാം മിനിറ്റിൽ ചാർൾസ് ഡി കെറ്റലെയറിലൂടെ ബെൽജിയം തിരിച്ചടിച്ചു. തിമോത്തി കാസ്റ്റാഗ്ന നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലെയർക്ക് എത്തിച്ചു. സ്പാനിഷ് പ്രതിരോധ താരം പൗ കുബാർസിയെ ഉയർന്നുചാടി മറികടന്ന ഡി കെറ്റലെയറുടെ തകർപ്പൻ ഹെഡർ ഗോൾവല കുലുക്കി. സ്പെയിനിന്റെ ചരിത്രപരമായ ക്ലീൻഷീറ്റ് റെക്കോർഡ് തകർത്ത ആ ഹെഡർ ഗോൾ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു.

മത്സരത്തിന്റെ 70-ാം മിനിറ്റിൽ ഗോൾകീപ്പർ തിബോ കോർട്ടുവ പരിക്കേറ്റ് പുറത്തായത് ബെൽജിയത്തിന് കനത്ത തിരിച്ചടിയായി. ഈ നഷ്ടം ബെൽജിയത്തിന്റെ പ്രതിരോധത്തെ സാരമായി തന്നെ ബാധിച്ചു. പകരം ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളി സെനെ ലമ്മൻസ് മികച്ച സേവുകളുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, സ്പാനിഷ് മുന്നേറ്റനിരയുടെ സമ്മർദ്ദത്തിന് മുന്നിൽ അദ്ദേഹത്തിന് അടിതെറ്റി. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച നിമിഷങ്ങളിലായിരുന്നു മിഖായേൽ മെറീനോയുടെ വരവ്. 88-ാം മിനിറ്റിൽ പെഡ്രിയുടെ അളന്നു മുറിച്ച പാസിൽ പൗ കുബാർസി തൊടുത്ത ഷോട്ട് ലമ്മൻസ് തടുത്തിട്ടു. എന്നാൽ റീബൗണ്ട് വന്ന പന്ത് ലഭിച്ചയുടൻ ഒട്ടും വൈകാതെ മെറീനോ അതിനെ വലയിലേക്ക് തട്ടിയിട്ടു. സ്റ്റേഡിയം മുഴുവൻ ആവേശത്തിൽ അലറിവിളിച്ച നിമിഷം.

രണ്ടാം ഗോൾ വീണതോടെ ബെൽജിയം ആക്രമണം കൂടുതൽ കടുപ്പിച്ചു. എന്നാൽ സ്പെയിൻ ബോക്സിൽ ഭീതി വിതക്കാനല്ലാതെ ഗോൾ കുറിക്കാൻ മാത്രം റെഡ് ഡെവിൾസിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ഇരു പരിശീലകരും നടത്തിയ തന്ത്രപരമായ മാറ്റങ്ങൾ മത്സരത്തെ കൂടുതൽ ആവേശകരമാക്കി. റോമലു ലുകാക്കു, അക്സൽ വിറ്റ്സൽ എന്നിവരെ ഇറക്കി ബെൽജിയം ഗോളിനായി കിണഞ്ഞു പരിശ്രമിച്ചപ്പോൾ, പരിക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ നിക്കോ വില്യംസിനെ ഇറക്കി സ്പെയിൻ ആക്രമണം ശക്തിപ്പെടുത്തി. ലമീൻ യമാലിന്റെയും ഡാനി ഓൽമോയുടെയും മുന്നേറ്റങ്ങൾ ബെൽജിയൻ പ്രതിരോധത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഈ വിജയത്തോടെ സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തു. മികച്ച ഫോമിലുള്ള ഫ്രാൻസിനെയാണ് സെമിഫൈനലിൽ സ്പെയിൻ നേരിടേണ്ടത്. സ്പെയിനിന്റെ മധ്യനിരയുടെ പന്തടക്കവും ഫ്രാൻസിന്റെ ലോകോത്തര മുന്നേറ്റനിരയും ഏറ്റുമുട്ടുമ്പോൾ, ഫുട്ബോൾ ലോകം മറ്റൊരു ക്ലാസിക്ക് പോരാട്ടത്തിനായാണ് കാത്തിരിക്കുന്നത്.

Show Full Article
TAGS:Spain belgium FIFA World Cup 2026 Quarter-final france Football Analysis 
News Summary - Spain Stuns Belgium: Merino’s Late Strike Secures Semi-Final Berth
Next Story