മെസ്സിയുടെ പിതാവ് മരിച്ചെന്ന് വ്യാജവാർത്ത; അവതാരകയുടെ പണി പോയി
text_fieldsേബ്വനസ് എയ്റിസ്: ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി മരിച്ചെന്ന് ‘ വെളിപ്പെടുത്തിയ’ ടെലിവിഷൻ വാർത്ത അവതാരക രാജിവെച്ചു. അർജൻറീനയിലെ ലുസു ടി.വി അവതാരക ഫ്ലോറൻസ്യ പെനക്കാണ് ജോലി നഷ്ടമായത്.
അൽജീരിയക്കെതിരായ മത്സരത്തിൽ വലകുലുക്കിയ ശേഷം മെസ്സി വികാരഭരിതനായതിനെക്കുറിച്ചാണ് പെന വിവരിച്ചത്. ‘ആ മോശം വാർത്ത പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലും, മെസ്സിയുടെ പിതാവ് അൽപം മുമ്പ് മരിച്ചു’ എന്നായിരുന്നു പെനയുടെ ‘തള്ള്’. ലോകത്തിന് നടുവിൽ നിൽക്കുമ്പോൾ മെസ്സിക്ക് നാട്ടിലേക്ക് പോകേണ്ടിവരുന്ന അവസ്ഥയാണെന്നും പെന പറഞ്ഞിരുന്നു.
പെനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പരന്നതിനുപിന്നാലെ മെസ്സിയുടെ കുടുംബമടക്കം പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു. പിന്നീടാണ് പെന മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. . ‘ആ ഭയാനക നിമിഷത്തിന് മെസ്സിയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. ആ വലിയ തെറ്റിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കുകയാണെന്നും പെന കൂട്ടിച്ചേർത്തു. ലുസു ടി.വിയും മാപ്പുപറഞ്ഞു. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയം പരിശോധിച്ച് ഉറപ്പുവരുത്താതെ സംപ്രേഷണം ചെയ്തത് അംഗീകാരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവിതത്തിൽ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വിജയത്തിനു ശേഷം മകൻ പറഞ്ഞിരുന്നു. മത്സരം കഴിഞ്ഞയുടൻ കണ്ണീരണിഞ്ഞാണ് മെസ്സിയെ കണ്ടത്. പിന്നീട് പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.
പിതാവ് മരിച്ചു എന്നുവരെ ചിലർ വാർത്തകൾ പരത്തി. ഒടുവിൽ മെസ്സിയുടെ കുടുംബം കൈകൂപ്പി അഭ്യർഥിക്കുകയാണ്, ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ജോർഹെ സുഖംപ്രാപിച്ചു വരുകയാണ്. ആരോഗ്യം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ പറയുന്നു. 68കാരനായ ജോർഹെക്ക് എന്താണ് അസുഖമെന്ന് കുടുംബം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


