Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightനാട്ടിൽ തിരിച്ചെത്തി...

നാട്ടിൽ തിരിച്ചെത്തി അർജന്റീന ടീം; കനത്ത മഴയിലും ഊഷ്മള വരവേൽപ്പ് നൽകി ആരാധകർ

text_fields
bookmark_border
നാട്ടിൽ തിരിച്ചെത്തി അർജന്റീന ടീം; കനത്ത മഴയിലും ഊഷ്മള വരവേൽപ്പ് നൽകി ആരാധകർ
cancel

ബ്യൂനസ് ഐറിസ്: 2026 ലോകകപ്പ് ഫൈനലിലെ തോൽവിയുടെ വേദനകൾക്കിടയിലും അർജന്റീന ഫുട്ബോൾ ടീമിന് നാട്ടിൽ ഊഷ്മളമായ വരവേൽപ്പ്. കനത്ത മഴയെയും തണുപ്പിനെയും അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് പരിശീലകൻ ലയണൽ സ്കലോനിയെയും സംഘത്തെയും സ്വീകരിക്കാൻ ബ്യൂനസ് ഐറിസിലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. എന്നാൽ, നായകൻ ലയണൽ മെസ്സി ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടില്ല. എല്ലാ താരങ്ങളും ഒരുമിച്ചല്ല നാട്ടിലെത്തുന്നതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിമാനമിറങ്ങിയ താരങ്ങളെ റെഡ് കാർപറ്റും സൈനിക ബാൻഡും നൽകിയാണ് രാജ്യം സ്വീകരിച്ചത്. തുടർന്ന് തുറന്ന ബസിൽ നഗരപ്രദക്ഷിണം നടത്തിയ താരങ്ങളെ കാണാൻ ആരാധകർ തെരുവുകളിൽ ആവേശത്തോടെ കാത്തുനിന്നു. പാട്ടുപാടിയും പടക്കം പൊട്ടിച്ചുമാണ് ഫൈനൽ പരാജയത്തിന്റെ നൈരാശ്യങ്ങൾക്കിടയിലും ആരാധകർ തങ്ങളുടെ പ്രിയ ടീമിനെ വരവേറ്റത്.

ഫൈനലിലെ പരാജയം ഏൽപ്പിച്ച മുറിവുണങ്ങാൻ ഏറെ സമയമെടുക്കുമെന്ന് ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "വേദന വളരെ വലുതാണ്. എന്നാൽ ഈ ടൂർണമെന്റിലെ നല്ല ഓർമകളെല്ലാം ഞാൻ ഹൃദയത്തോട് ചേർക്കുന്നു. രാജ്യത്തിന്റെ മികച്ച പിന്തുണയാണ് ടീമിനെ ലോകത്തെ മികച്ച സംഘങ്ങളിലൊന്നാക്കിയത്. രണ്ട് തുടർച്ചയായ ലോകകപ്പ് ഫൈനലുകളിൽ കളിക്കാൻ കഴിഞ്ഞത് ചെറിയ നേട്ടമല്ല. കിരീടം നേടിയ സ്പെയിനിന് അഭിനന്ദനങ്ങൾ"- മെസ്സി കുറിച്ചു. തങ്ങൾക്ക് ഇത്രയും കാലം മികച്ച ഓർമകൾ സമ്മാനിച്ച മെസ്സിക്ക് നന്ദി പറയുന്നതായി വിമാനത്താവളത്തിലെത്തിയ ആരാധകർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫൈനലിൽ സ്പെയിനോട് എക്സ്ട്രാ ടൈമിൽ വഴങ്ങിയ ഒറ്റ ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ പരാജയം. ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിനിടെ സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. പരാജയത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾ സ്പാനിഷ് താരങ്ങളെ കയ്യേറ്റം ചെയ്തത് വലിയ വാർത്തയായിരുന്നു.

കൂടാതെ, സെമിയിൽ ഇംഗ്ലണ്ടിനെതിരായ വിജയമാണ് തങ്ങളുടെ യഥാർത്ഥ വിജയമെന്നാണ് ഒരു വിഭാഗം അർജന്റീനൻ ആരാധകർ പറയുന്നത്. ഫാക്ലാൻഡ് ദ്വീപുകളിന്മേലുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം 'മാൽവിനാസ് (ഫാക്ലാൻഡ്) അർജന്റീനയുടേത്' എന്ന ബാനർ ഉയർത്തി വിജയാഘോഷം നടത്തിയതിന് അർജന്റീന ടീമിനെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തോൽവിയേറ്റുവാങ്ങിയെങ്കിലും ടീമിന്റെ ലോകകപ്പിലെ പോരാട്ടവീര്യത്തെ മാനിച്ച് വരും ദിവസങ്ങളിൽ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിക്കുമെന്ന് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി അറിയിച്ചു. ടീം അംഗങ്ങളുമായി ആലോചിച്ച ശേഷം തിയതി പ്രഖ്യാപിക്കാനാണ് തീരുമാനം.

അതേസമയം, ഫൈനൽ പരാജയത്തിന് പിന്നാലെ ബ്യൂനസ് ഐറിസിലെ ഒബെലിസ്ക് സ്മാരകത്തിന് സമീപം ആരാധകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ജനങ്ങളെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article
TAGS:
News Summary - Warm Welcome for Argentina Despite Final Loss
Next Story