ലോകത്തിലെ ഏറ്റവും മികച്ച 10 ചോക്ലേറ്റ് കേക്കുകൾ പ്രഖ്യാപിച്ച് ടേസ്റ്റ് അറ്റ്‌ലസ്; പട്ടികയിൽ ഇടംനേടിയ കേക്കുകൾ...
text_fieldsചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ വളരെ വിരളമായിരിക്കും, മധുരപ്രിയരുടെ ഇഷ്ട വിഭവമാണ് ചോക്ലേറ്റ് കേക്കുകൾ. ഫഡ്ജിയും സോഫ്റ്റുമായ സ്പോഞ്ച് കേക്കുകൾ മുതൽ ക്രീം നിറഞ്ഞ ലെയറുകൾ വരെ ചോക്ലേറ്റ് കേക്ക് എപ്പോഴും നമ്മുടെ പ്രിയപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികൾക്കായി പ്രശസ്തമായ ട്രാവൽ ആൻഡ് ഫുഡ് ഗൈഡായ 'ടേസ്റ്റ് അറ്റ്‌ലസ്' ലോകത്തിലെ ഏറ്റവും മികച്ച 10 ചോക്ലേറ്റ് കേക്കുകളുടെ പട്ടിക ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അമേരിക്കയും യൂറോപും കടന്ന് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മികച്ച ചോക്ലേറ്റ് രുചികളിലൂടെയുള്ള ഒരു യാത്രയാണ് ഈ പട്ടിക സമ്മാനിക്കുന്നത്.
ഈ പട്ടികയിലെ പ്രധാന ഇനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. സ്വീഡനിലെ ജനപ്രിയ കേക്കായ 'ക്ലാഡ്കാക' ആണ് ഇതിൽ പ്രധാനം. ലളിതമാണെങ്കിലും ഏറെ സ്വാദിഷ്ടമായ ഈ കേക്കിൽ മുട്ട, കൊക്കോ, ബട്ടർ, പഞ്ചസാര, മൈദ എന്നിവയാണ് പ്രധാന കൂട്ടുകൾ. പുറംഭാഗം ചെറുതായി മൊരിഞ്ഞും എന്നാൽ ഉള്ളിൽ സോഫ്റ്റുമായ ഘടനയാണ് ഇതിന്റെ പ്രത്യേകത. അതുപോലെ ഇറ്റലിയിലെ കാപ്രിദ്വീപിൽ നിന്നുള്ള 'ടോർട്ട കാപ്രെസി' മറ്റൊരു പ്രധാന ഇനമാണ്. മൈദ ഒട്ടും ചേർക്കാതെ ചോക്ലേറ്റ്, മുട്ട, ബദാം, ബട്ടർ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന ഈ കേക്കിന് മുകളിലായി പൊടിച്ച പഞ്ചസാര വിതറുന്നതോടെ ഇതിന്റെ രുചി ഇരട്ടിക്കുന്നു.
അർജന്റീനയിൽ നിന്നുള്ള 'ചോകോട്ടർട്ട' മറ്റൊരു ആകർഷണമാണ്. ബേക്കിങ് ആവശ്യമില്ലാത്ത ഈ കേക്ക് ഇറ്റാലിയൻ ടിരമിസുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ചോക്ലേറ്റ് ബിസ്കറ്റുകൾക്കിടയിൽ ഡുൽസെ ഡി ലെഷെയും ക്രീം ചീസും ചേർത്താണ് ഇത് തയാറാക്കുന്നത്. അമേരിക്കയുടെ സംഭാവനയായ 'മോൾട്ടൻ ചോക്ലേറ്റ് കേക്ക്' അഥവാ ലാവ കേക്ക് ലോകമെമ്പാടുമുള്ള റെസ്റ്റോറന്റുകളിൽ ഫൈൻ ഡൈനിങ് അനുഭവം നൽകുന്ന ഒന്നാണ്. സ്പോഞ്ച് കേക്ക് മുറിക്കുമ്പോൾ ഉള്ളിൽ നിന്ന് ചോക്ലേറ്റ് ഒഴുകിയിറങ്ങുന്ന കാഴ്ച തന്നെ ഏതൊരാളിലും കൊതിയുണർത്തും.
ബ്രസീലിലെ ജന്മദിനാഘോഷങ്ങളിലെ പ്രധാന താരമായ 'ബോളോ ഡി ബ്രിഗേഡോർ', ബൾഗേറിയയിലെ 'ടോർട്ട ഗരാഷ്', അമേരിക്കയുടെ മിസിസിപ്പി മഡ് പൈ, ഇറ്റലിയിലെ 'ടോർട്ട ടെനെറിന', ഓസ്ട്രിയയുടെ പ്രശസ്തമായ 'സാച്ചർ-ടോർട്ട', സിസിലിയിൽ നിന്നുള്ള 'ടോർട്ട സെറ്റെവെലി' തുടങ്ങി ഓരോ കേക്കിനും അതിന്റേതായ സവിശേഷതകളുണ്ട്. സ്വീഡൻ മുതൽ സിസിലി വരെ ചോക്ലേറ്റ് എന്നത് എല്ലാവർക്കും മനസ്സിലാകുന്ന ഒരു സാർവത്രിക ഭാഷയാണെന്ന് ഈ കേക്കുകൾ വീണ്ടും ഓർമ്മിപ്പിക്കുന്നു.



